ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ കഴിഞ്ഞ ദിവസമാണ് മയക്കുമരുന്നു കേസിൽ അറസ്റ്റിലായത്. ഷാരുഖ് ഖാനെയും ആര്യനേയും പിന്തുണച്ചുകൊണ്ട് നിരവധി സെലിബ്രിറ്റികളാണ് രംഗത്തെത്തിയത്. ഇപ്പോൾ നടി കങ്കണ റണാവത്തിന്റെ പോസ്റ്റാണ് വൈറലാവുന്നത്. ഹോളിവുഡ് താരം ജാക്കി ചാനുമായി ബന്ധപ്പെട്ട പഴയൊരു വാർത്തയാണ് കങ്കണ ഓർമിപ്പിക്കുന്നത്.
മയക്കു മരുന്നു കേസിൽ മകൻ അറസ്റ്റിലായതിന് പിന്നാലെ ക്ഷമാപണവുമായി രംഗത്തെത്തിയ ജാക്കി ചാനെക്കുറിച്ച് വാർത്തയാണ് താരം പങ്കുവെച്ചത്. തന്റെ മകന്റെ പ്രവർത്തിയിൽ ലജ്ജിതനാണെന്നും ഇത് തന്റെ പരാജയമാണെന്നുമാണ് ജാക്കി ചാൻ പറഞ്ഞത്. ഇക്കാര്യത്തിൽ മകനെ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജസ്റ്റ് സേയിം എന്ന ഹാഷ്ടാഗിലാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായ കങ്കണയുടെ പോസ്റ്റ്. എന്തായാലും പോസ്റ്റ് വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. ഷാരുഖ് ഖാനെ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ് ഇതെന്നാണ് പ്രചരണം.
2014ലാണ് ലഹരുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജാക്കി ചാന്റെ മകന്‍ ജെയ്സി ചാന്‍ അറസ്റ്റിലാവുന്നത്. ആറുമാസത്തെ തടവിന് മകന്‍ ശിക്ഷിക്കപ്പെട്ടിരുന്നു. നേരത്തെ ആര്യൻ ഖാനെ പിന്തുണച്ചവർക്കെതിരെ കങ്കണ രംഗത്തെത്തിയിരുന്നു. എല്ലാ മാഫിയ പപ്പുകളും ആര്യന് പിന്തുണയുമായി വന്നിട്ടുണ്ട്. എല്ലാവരും തെറ്റും ചെയ്യാറുണ്ട്. പക്ഷേ തെറ്റിനെ മഹത്വവല്‍ക്കരിക്കരുത്. നമ്മുടെ കര്‍മങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യഘാതം എന്താണെന്ന് തിരിച്ചറിയാന്‍ ഈ നടപടി ആര്യനെ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. കുറച്ച് കൂടി നല്ല വ്യക്തിയായി പരിണമിക്കാന്‍ ആര്യന് സാധിക്കട്ടെ എന്നുമാണ് കങ്കണ കുറിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates