

പ്രഖ്യാപനം മുതൽ തന്നെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് കാന്താര ചാപ്റ്റർ 1. കാന്താര ആദ്യ ഭാഗത്തിന്റെ വൻ വിജയവും ഋഷഭ് ഷെട്ടിയുടെ ഗംഭീര അഭിനയവുമെല്ലാം ഈ കാത്തിരിപ്പിന് കാരണങ്ങളായി. മൂന്ന് വർഷമെടുത്താണ് ഋഷഭ് ഷെട്ടിയും കൂട്ടരും ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്. ദസറ റിലീസായി ഒക്ടോബർ രണ്ടിന് ചിത്രം തിയറ്ററുകളിലെത്തുകയും ചെയ്തു.
വൻ പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. മിത്തോളജിയും സ്പിരിച്വാലിറ്റിയും ഫാന്റസിയും എല്ലാം കോർത്തിണക്കിയാണ് കാന്താര ഒരുക്കിയിരിക്കുന്നത്. മികച്ചൊരു സിനിമാറ്റിക് എക്സ്പീരിയൻസ് ആണ് കാന്താര 2 പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
മേക്കിങ്ങ് കൊണ്ടും പ്രൊഡക്ഷൻ ക്വാളിറ്റി കൊണ്ടും അടുത്തിടെ പുറത്തിറങ്ങിയ കന്നഡ ചിത്രങ്ങളിൽ നിന്നെല്ലാം മികവ് പുലർത്തിയിട്ടുണ്ട് കാന്താര 2. 125 കോടി ബജറ്റിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സൗത്തിലും നോർത്തിലും ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രൊമോഷനെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.
പ്രമുഖ ഇൻഡസ്ട്രി ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം ആദ്യ ദിനം ഇന്ത്യയിൽ നിന്ന് 60 കോടി ആണ് ചിത്രം നേടിയിരിക്കുന്നത്. ഗ്രോസ് അല്ല, മറിച്ച് നെറ്റ് കളക്ഷനാണ് ഇത്. അഡ്വാന്‍സ് ബുക്കിങ്ങില്‍ ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്ത് ഏറ്റവും ആവേശകരമായ പ്രതികരണങ്ങള്‍ നേടിയ ചിത്രമാണിത്.
കാന്താര ചാപ്റ്റർ 1 ഹിന്ദിയിൽ നിന്ന് മാത്രം 19-21 കോടി ആദ്യ ദിനം കളക്ട് ചെയ്തെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒരു കന്നഡ ചിത്രത്തിന് ലഭിക്കുന്ന മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണിത്. ഇതിന് മുൻപ് കെജിഎഫ് : ചാപ്റ്റർ 2 ആണ് ഹിന്ദിയിൽ ആദ്യ ദിന കളക്ഷനിൽ ഞെട്ടിച്ചത്. 54 കോടിയാണ് ചിത്രം ആദ്യ ദിനത്തിൽ സ്വന്തമാക്കിയത്.
അതേസമയം കേരളം അടക്കമുള്ള മാര്‍ക്കറ്റുകളിലെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചിരിക്കുന്നത്.
കന്നഡത്തിലെ പ്രമുഖ ബാനര്‍ ആയ ഹോംബാലെ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലാണ് ആഗോള റിലീസ് ആയി ചിത്രം ഇന്നലെ എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates