

സൂപ്പർഹിറ്റ് ചിത്രം കാന്താരയുടെ പ്രീക്വൽ പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. കാന്താരയുടെ 100-ാം ദിനാഘോഷ ചടങ്ങിനിടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയാണ് ഇക്കാര്യം അറിയിച്ചത്. 2022ൽ പുറത്തിറങ്ങിയത് കാന്താരയുടെ രണ്ടാം ഭാഗമാണെന്നും ആദ്യഭാഗം അടുത്ത വർഷം ഉണ്ടാകുമെന്നും ഋഷഭ് പറഞ്ഞു. ചിത്രത്തിൽ പറഞ്ഞ കാര്യങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങളാകും ആദ്യ ഭാഗത്തിലുണ്ടാവുക. കാന്താരയുടെ ചിത്രീകരണ സമയത്താണ് ഇങ്ങനൊരു ആശയം ഉണ്ടായതെന്നും ഋഷഭ് പറഞ്ഞു.
കാന്താരയ്ക്ക് പ്രേക്ഷകർ നൽകിയ പിന്തുണയ്ക്ക് നന്ദി പറയുന്നു. ദൈവത്തിന്റെ കടാക്ഷം കൊണ്ടാണ് ചിത്രം 100 ദിവസത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിൽ നായകന്റെ അച്ഛന്റെ ജീവിതത്തെ കുറിച്ച് പറയുന്നില്ല. അയാളുടെ ദൈവികതയാണ് കാന്താരയുടെ കാതൽ. പ്രീക്വലിൽ അച്ഛൻ കഥാപാത്രത്തിന്റെ പശ്ചാത്തലവും കാന്താരയുടെ ചരിത്രവുമാകും പറയുക. കാന്താരയുടെ ചരിത്രം ഒരുപാട് ആഴമുള്ളതാണ്. ചിത്രത്തിന്റെ എഴുത്ത് പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പങ്കുവെക്കുന്നതാണെന്നും ഋഷഭ് ഷെട്ടി പറഞ്ഞു.
ചിത്രത്തിന്റെ ഒരു ഭാഗം കൂടി ആലോചിക്കുന്നതായി നിർമാതാവ് വിജയ് കിരഗണ്ടൂർ നേരത്തെ വ്യക്തമാക്കിയിരുന്നു. കെജിഎഫ് നിർമാതാക്കളായ ഹോംബാലെ ഫിലിംസ് നിർമിച്ച ചിത്രത്തിന് വലിയ സ്വീകാര്യത നേടിയതിനെ തുടർന്നാണ് മറ്റ് ഭാഷകളിലേക്കും എത്തിയത്. 16 കോടി രൂപ മുടക്കി നിർമിച്ച ചിത്രം 400 കോടിയിലേറെയാണ് വരുമാനമുണ്ടാക്കിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates