

നടൻ അല്ലു അർജുനെ കാണാൻ 42 കർശന നിബന്ധനകൾ പാലിക്കണമെന്ന ആരോപണത്തിൽ മാപ്പ് പറഞ്ഞ് ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ് കാവേരി ബറുവ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പ്രസ്താവനയിലൂടെയാണ് അവർ ക്ഷമാപണം നടത്തിയത്. തന്റെ പ്രസ്താവന തെറ്റാണെന്നും അഭിമുഖത്തിൽ സംസാരിക്കുന്നതിന്റെ ഒഴുക്കിൽ പറഞ്ഞു പോയതാണെന്നും അവർ പറഞ്ഞു.
അല്ലു അർജുനെക്കുറിച്ചുള്ള കാവേരിയുടെ ആരോപണങ്ങളടങ്ങിയ പോഡ്‌കാസ്റ്റും റീലും നീക്കം ചെയ്തതായി പോഡ്കാസ്റ്റർ സ്വീകൃതിയും വ്യക്തമാക്കി. 'സ്വീകൃതി ടോക്സ്' എന്ന പോഡ്‌കാസ്റ്റിലായിരുന്നു കാവേരിയുടെ വിവാദ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം വന്നിരുന്നത്. അല്ലു അർജുനെ കാണുന്നതിന് മുൻപ് അദ്ദേഹത്തിന്‍റെ ടീം 42 നിർദ്ദേശങ്ങളടങ്ങിയ ഒരു ലിസ്റ്റ് നൽകിയെന്നായിരുന്നു കാവേരി പറഞ്ഞിരുന്നത്.
"സാറിന്‍റെ കണ്ണുകളിലേക്ക് നോക്കരുത്, ഹസ്തദാനം ചെയ്യരുത്, ഫോൺ ഉപയോഗിക്കരുത്" തുടങ്ങിയ കാര്യങ്ങൾ ഇതിലുണ്ടെന്നും തന്‍റെ ഫോൺ ബോഡിഗാർഡ് പിടിച്ചുവാങ്ങിയെന്നും അവർ ആരോപിച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും താരത്തിനെതിരെ വിമർശനങ്ങളുയരാൻ കാരമാകുകയും ചെയ്തു. ഇതിന് പിന്നാലെ അല്ലു അർജുന്റെ ആരാധകർ രംഗത്തെത്തുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് വിശദീകരണവുമായി കാവേരി രംഗത്തെത്തിയിരിക്കുന്നത്. 42 നിയമങ്ങൾ അടങ്ങിയ യാതൊരു രേഖയും അല്ലു അർജുന്‍റെ ടീം തനിക്ക് നൽകിയിട്ടിന്നും സംസാരത്തിനിടയിൽ വന്ന ഒഴുക്കിൽ പറഞ്ഞുപോയ കാര്യങ്ങളാണെന്നും അവ വസ്തുതകളായി കാണരുതെന്നും അവർ പറഞ്ഞു.
"ഞാൻ ആഴത്തിൽ ചിന്തിച്ചപ്പോൾ, ഈ പ്രസ്താവനകൾ തെറ്റായിരുന്നു. അവ പരിശോധിച്ചുറപ്പിച്ച രേഖയേയോ വസ്തുതാപരമായ വിവരങ്ങളേയോ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അല്ലു അർജുനോ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആരെങ്കിലുമോ എനിക്ക് '42 ഡോസ് ആൻഡ് ഡോണ്ട്‌സ്' അടങ്ങിയ ഒരു രേഖയും നൽകിയിട്ടില്ല.
എൻ്റെ പരാമർശങ്ങൾ സംഭാഷണങ്ങളുടെ ഒഴുക്കിൽ സംഭവിച്ചതാണ്, അവയെ വസ്തുതാപരമായ കാര്യങ്ങളായി അവതരിപ്പിക്കരുത്. ഞാൻ നടത്തിയ ആ പ്രസ്താവനകൾ കാരണം അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് സംഭവിച്ച നഷ്ടങ്ങളിൽ ഞാൻ ആത്മാർത്ഥമായി ഖേദിക്കുന്നു. ഞാൻ എൻ്റെ പരാമർശങ്ങൾ പൂർണ്ണമായും പിൻവലിക്കുന്നു.
അല്ലു അർജുനോടും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളോടും എനിക്ക് അതിയായ ബഹുമാനമുണ്ട്. അദ്ദേഹത്തിനുണ്ടായ ഏതെങ്കിലും അസൗകര്യത്തിൽ ഞാൻ ഖേദിക്കുന്നു."- കാവേരി കുറിച്ചു. വിവാദമായ എപ്പിസോഡ് വ്യവസായ രീതികളെക്കുറിച്ചുള്ള ഒരു പൊതുവായ ചർച്ചയുടെ ഭാഗമായി ഉദ്ദേശിച്ചതായിരുന്നുവെന്ന് പോഡ്കാസ്റ്റർ സ്വീകൃതിയും അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates