

തനിക്കെതിരായ നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ച് നടി കയാദു ലോഹര്‍. തന്നെക്കുറിച്ച് നടക്കുന്ന മോശം പ്രചരണം സാരമായി ബാധിക്കുന്നുണ്ടെന്നാണ് കയാദു പറയുന്നത്. എന്നാല്‍ താന്‍ തോറ്റ് പിന്മാറില്ലെന്നും മുന്നോട്ട് തന്നെ പോകുമെന്നും താരം പറയുന്നു. തമിഴ്‌നാട്ടിലെ ടസ്മാക് ക്രമക്കേടുമായി ബന്ധപ്പെട്ട് കയാദുവിന്റെ പേര് വിവാദങ്ങളില്‍ ഉയര്‍ന്നു വന്നിരുന്നു. ഇത് താരത്തിനെതിരെ സൈബര്‍ ആക്രമണത്തിന് വഴിയൊരുക്കിയിരുന്നു.
ഈ സംഭവത്തിലാണ് കയാദുവിന്റെ പ്രതികരണം. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് കയാദു പ്രതികരിച്ചത്. സംസാരിക്കവെ കയാദു വികാരഭരിതയാവുകയും കണ്ണുനിറയുകയും ചെയ്യുന്നുണ്ട്. എന്നാല്‍ തനിക്ക് ഈ വിഷയം സംസാരിക്കണം എന്നു പറഞ്ഞുകൊണ്ടാണ് കയാദു തുടര്‍ന്ന് സംസാരിക്കുന്നത്.
''ഞാന്‍ ഇതേക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയിട്ട് കുറച്ചധികം നാളുകളായി. ഞാന്‍ സിനിമാ പശ്ചാത്തലത്തില്‍ നിന്നുമല്ല വരുന്നത്. അതിനാല്‍ എനിക്കിത് ഇപ്പോഴും പുതിയതാണ്. ഇതുപോലൊരു കാര്യം എന്നെ ഇത്രമാത്രം ബാധിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എന്നെക്കുറിച്ച് ആളുകള്‍ പലതും പറയാറുണ്ട്. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ആളുകള്‍ എങ്ങനെക്കുറിച്ച് ഇങ്ങനെ ചിന്തിക്കുന്നുവെന്നത് എന്നെ വല്ലാതെ അലട്ടുന്നുണ്ട്. ഞാന്‍ ഒരാളെക്കുറിച്ചും ഇങ്ങനെ ചിന്തിക്കില്ല. ഞാന്‍ ആളുകളോട് നന്നായി മാത്രമേ പെരുമാറിയിട്ടുള്ളൂ. എന്റെ സ്വപ്‌നം പിന്തുടരുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഞാന്‍ എന്ത് തെറ്റ് ചെയ്‌തെന്ന് എനിക്കറിയില്ല'' കയാദു പറയുന്നു.
''എന്നെക്കുറിച്ചുള്ള കമന്റുകള്‍ കാണുമ്പോള്‍, ആളുകള്‍ എന്നെക്കുറിച്ച് പറയുന്നത് കാണുമ്പോള്‍, അതൊന്നും വായിക്കുകയെന്നത് എളുപ്പമല്ല. മനസിലുള്ള ഏക ചോദ്യം ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ്? ആളുകള്‍ എന്തിനാണ് എന്നെ ടാര്‍ഗറ്റ് ചെയ്യുന്നത്? എന്നത് മാത്രമാണ്. ആളുകള്‍ സംസാരിക്കുന്നൊരു മേഖയിലാണിതെന്നും ഈ ജോലിയുടെ ഭാഗമാണിതെല്ലാം എന്നും ഞാന്‍ മനസിലാക്കുന്നു''.
''പക്ഷെ ഇത് എളുപ്പമല്ല. എനിക്കത് വിശദീകരിക്കാന്‍ സാധിക്കുന്നില്ല. പക്ഷെ കുറച്ചുനാളുകളായി എന്നെയത് ബാധിക്കുന്നുണ്ട്. ഇതില്‍ നിന്നും പുറത്തുകടക്കുക എളുപ്പമാണെന്ന് ആളുകള്‍ക്ക് തോന്നുന്നുണ്ടാകും. പക്ഷെ അങ്ങനെയല്ല. നിങ്ങള്‍ സംസാരിക്കുന്നത് ഒരു യഥാര്‍ത്ഥ വ്യക്തിയെക്കുറിച്ചാണ്,അവരെ ഇത് വേദനിപ്പിക്കുന്നുണ്ട്. നമ്മള്‍ മറ്റുള്ളവരോട് കുറച്ച് കനിവ് കാണിക്കുകയും, അവരും ഇതെല്ലാം വായിക്കുന്നുണ്ടെന്നത് ഓര്‍ക്കുകയും ചെയ്താല്‍ നന്നായിരിക്കും'' താരം പറയുന്നു.
പക്ഷെ ഇത് എന്നെ തകര്‍ക്കില്ല. ഞാന്‍ തലയുയര്‍ത്തിപ്പിടിച്ചു തന്നെ മുന്നോട്ട് പോകും. എന്റെ ജോലി ചെയ്യും. എത്ര വെറുപ്പും സ്‌നേഹവും കിട്ടിയാലും, സ്‌നേഹത്തോട് നന്ദിയുള്ളവളായിരിക്കും. വെറുപ്പിനെ നിര്‍വികാരതയോടെ നേരിടും. ഞാന്‍ കരഞ്ഞേക്കാം. മോശം ദിവസങ്ങള്‍ ഉണ്ടായേക്കാം. പക്ഷെ ഞാന്‍ മുന്നോട്ട് തന്നെ പോകും. തോറ്റ് പിന്മാറുക എന്നത് എനിക്കൊരു ഓപ്ഷനല്ലെന്നും കയാദു പറയുന്നു.
ടാസ്മാക് ക്രമക്കേടില്‍ സംശയമുനയിലുള്ള സ്ഥാപനം നടിക്ക് 35 ലക്ഷം രൂപ നല്‍കിയതായി ഇഡി കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. പണം കൈമാറിയതിന്റെ രേഖകള്‍ ഇഡി കണ്ടെടുത്തിരുന്നു. നൈറ്റ് പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിനുള്ള പ്രതിഫലമാണ് തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
പത്തൊമ്പതാം നൂറ്റാണ്ടിലൂടെയാണ് മലയാളികള്‍ കയാദുവിനെ പരിചയപ്പെടുന്നത്. പ്രദീപ് രംഗനാഥന്‍ ചിത്രം ഡ്രാഗണിലൂടെയാണ് തമിഴില്‍ താരമായി മാറുന്നത്. ടൊവിനോ തോമസ് നായകനായ പള്ളി ചട്ടമ്പിയാണ് കയാദുവിന്റെ പുതിയ സിനിമ. സിമ്പു നായകനാകുന്ന എസ്ടിആര്‍ 49, ഇദയം മുരളി, ഇമ്മോര്‍ട്ടല്‍ തുടങ്ങിയ തമിഴ് സിനിമകളും അണിയറയിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates