

അടുത്ത കാലത്ത് തമിഴകത്ത് ഏറ്റവും കൂടുതൽ ചർച്ചയായ നടൻമാരിൽ ഒരാളാണ് രവി മോഹൻ (ജയം രവി). മുൻ ഭാര്യ ആർതി രവിയുമായുള്ള വിവാഹമോചനമാണ് രവി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാൻ കാരണമായത്. അതേസമയം ഗായിക കെനീഷ ഫ്രാൻസിസുമായി രവി മോഹൻ ഇപ്പോൾ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
ആർതിയുമായി രവി മോഹൻ വേർപിരിയാൻ കാരണം കെനീഷ ആണെന്ന തരത്തിലും ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത്തരം ഗോസിപ്പുകൾക്കൊന്നും രവിയും കെനീഷയും ചെവി കൊടുക്കുന്നില്ല. അടുത്തിടെയാണ് താൻ നിർമാണ കമ്പനി തുടങ്ങുന്നുവെന്ന വിവരം രവി മോഹൻ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
ചൊവ്വാഴ്ച ചെന്നൈയിൽ വച്ചായിരുന്നു രവി മോഹൻ സ്റ്റുഡിയോയുടെ ഉദ്ഘാടനം. തെന്നിന്ത്യയിൽ നിന്ന് നിരവധി താരങ്ങൾ ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു. കെനീഷയും ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു. വേദിയിൽ വച്ച് രവി മോഹനെക്കുറിച്ച് വികാരധീനയായ കെനീഷയുടെ വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
"എവിടെയെങ്കിലുമൊക്കെ വച്ച് നിങ്ങൾ എന്നെ കണ്ടിട്ടുണ്ടാകും, കാരണം ഒരുപാട് പബ്ലിസിറ്റി ഉണ്ടല്ലോ. ഞാൻ എന്താണ് പറയേണ്ടത്? എന്നെ അറിയാത്തവർക്ക് വേണ്ടി പറയുകയാണ്, ഞാൻ ഒരു ഗായികയും, സംഗീത നിർമ്മാതാവും, സ്പിരിച്യുൽ തെറാപ്പിസ്റ്റുമാണ്. ഇപ്പോൾ, രവി മോഹൻ സ്റ്റുഡിയോയിൽ ഒരു പങ്കാളിയാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്.
അമ്മയ്ക്കും, അപ്പയ്ക്കും (രവി മോഹന്റെ മാതാപിതാക്കൾ) മോഹൻ രാജയ്ക്കും ഒരുപാട് നന്ദി. എനിക്ക് ആരുമുണ്ടായിരുന്നില്ല, പക്ഷേ മിസ്റ്റർ രവി എനിക്ക് ഇത്രയും മനോഹരമായ ആളുകളെ തന്നു. രവിയെ വച്ച് നോക്കുമ്പോൾ ഞാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്.
അദ്ദേഹം വളരെ സമ്പന്നമായ ഒരു പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. കഴിവുള്ള ഒരുപാട് കലാകാരൻമാരെ പിന്തുണയ്ക്കാനും അവരെ കഴിയുന്നത്ര മുൻപിലേക്ക് കൊണ്ടുവരാനും രവി മോഹൻ സ്റ്റുഡിയോസ് സ്ഥാപിക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു. അതാണ് ഞങ്ങൾ കാണുന്ന യഥാർഥ സ്വപ്നം".- കെനീഷ പറഞ്ഞു.
"അതികഠിനമായ ചില കൊടുങ്കാറ്റുകളിലൂടെ നിങ്ങൾ കടന്നുപോയിട്ടുണ്ട്. എത്ര സങ്കടം വന്നാലും അദ്ദേഹം അത് ഉള്ളിലൊതുക്കുകയേ ഉള്ളൂ, പുറത്തു കാണിക്കാറില്ല. അദ്ദേഹത്തിന്റെ സൂപ്പർ പവർ എന്താണ്? വലിയ ഇരുട്ടിലൂടെ കടന്നു പോകുന്ന ഏതൊരാളുടെയും ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ കഴിവാണത്. അങ്ങനെയുള്ള ഒരാളാണ് അദ്ദേഹം".- കെനീഷ പറഞ്ഞു.
അതോടൊപ്പം രവി മോഹൻ ഒരു മികച്ച കഥാകാരൻ കൂടിയാണെന്നും കെനീഷ കൂട്ടിച്ചേർത്തു. "ഇപ്പോഴും എന്റെ ഫോണിൽ രവി മോഹന്റെ ഏഴ് സ്ക്രിപ്റ്റുകൾ ഉണ്ട്. അത്രമാത്രം കഴിവുള്ള ആളാണ് അദ്ദേഹം. ലോകം അത് കാണാനായി ഞാൻ കാത്തിരിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് അവർ എന്നെ 'പേരാസൈ' എന്ന വാക്ക് പഠിപ്പിച്ചു.
എനിക്ക് വലിയൊരു പേരാസൈ ഉണ്ട് - ലോകത്തിലെ എല്ലാവരും നിന്നിലെ ദൈവത്തെ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, കാരണം ഞാൻ നിന്നിലും ദൈവത്തെ കാണുന്നു. അവസാനമായി, മിസ്റ്റർ ആർഎം, ഒന്നിനെക്കുറിച്ചോർത്തും വിഷമിക്കേണ്ട. കർമം നമ്മുടെ പിൻബലമായി ഉണ്ട്!"- കെനീഷ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates