Kerala Crime Files Review
Kerala Crime Filesഫെയ്‌സ്ബുക്ക്‌

ഗിമ്മിക്കും ജാഡയുമില്ലാത്ത, എഴുത്തിന്റെ കരുത്ത്; ബെഞ്ച് മാര്‍ക്ക് ഉയര്‍ത്തുന്ന രണ്ടാം വരവ്‌ |Kerala Crime Files Season 2 Review

ലക്ഷണമൊത്തൊരു കുറ്റാന്വേഷണ സീരീസ്
Published on
ബാഹുല്‍ രമേശിന്റെ എഴുത്താണ് സീരീസിന്റെ ആത്മാവ്‌(4 / 5)

കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 ആരംഭിക്കുന്നത് തലസ്ഥാനത്തെ പൊലീസ് സ്റ്റേഷനില്‍ നിന്നാണ്. അച്ചടക്ക നടപടിയെ തുടര്‍ന്ന് പൊലീസുകാരെയെല്ലാം സ്ഥലം മാറ്റിയ സ്റ്റേഷന്‍. ആദ്യ ഭാഗത്തിന്റെ അതേ ലോകത്തിലുള്ള, എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായ പരിസരത്തു നിന്നും കഥ പറഞ്ഞു തുടങ്ങുന്നത് പോലെ. അന്ന് മധ്യ കേരളത്തില്‍ നിന്നും തെക്കന്‍ കേരളത്തിലേക്ക് പോയത് പോലെ, ഇത്തവണ തിരിച്ച് തിരുവനന്തപുരത്തു നിന്നും വടക്കോട്ടാണ് സീരീസ് സഞ്ചരിക്കുന്നത്.

അജു വര്‍ഗീസും ലാലുമായിരുന്നു ആദ്യ ഭാഗത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. ഇത്തവണ ലാലിന്റെ എസ്എച്ച്ഒ കുര്യനൊപ്പം ചേരുന്നത് ലോ ആന്റ് ഓര്‍ഡറിലേക്ക് പുതുതായി ട്രാന്‍സ്ഫര്‍ ആയ എസ്‌ഐ നോബിള്‍ (അര്‍ജുന്‍ രാധാകൃഷ്ണന്‍) ആണ്.

ഹോട്ട്‌സ്റ്റാറിന്റെ ആദ്യ മലയാളം സീരീസായിരുന്നു കേരള ക്രൈം ഫയല്‍സിന്റെ ആദ്യ ഭാഗം. ലക്ഷണമൊത്തൊരു കുറ്റാന്വേഷണ സീരീസ്. ആ ബെഞ്ച് മാര്‍ക്കിനെ ഉയര്‍ത്തുകയാണ് രണ്ടാം വരവില്‍ അഹദമ്മദ് കബീര്‍ എന്ന സംവിധായകന്‍. ആദ്യ ഭാഗം എഴുതിയത് ആഷിഖ് അയ്മര്‍ ആയിരുന്നുവെങ്കില്‍ രണ്ടാം ഭാഗത്തിന്റെ രചയിതാവ് കിഷ്‌കിന്ധാ കാണ്ഡം എഴുതിയ ബാഹുല്‍ രമേശ് ആണ്. താനൊരു വണ്‍ ഹിറ്റ് വണ്ടര്‍ അല്ലെന്ന് ബാഹുല്‍ രമേശ് എന്ന എഴുത്തുകാരന്‍ സീസണ്‍ 2വിലൂടെ അടിയവരയിടുകയാണ്.

കാണാതാകുന്ന സിപിഒ അമ്പിളി രാജുവിനെ ( ഇന്ദ്രന്‍സ്) തേടിയുള്ള സഹപ്രവര്‍ത്തകരുടെ അന്വേഷണത്തില്‍ നിന്നുമാണ് സീസണ്‍ 2 ആരംഭിക്കുന്നത്. തിരുവനന്തപുരത്തിന്റെ ഡയറക്ടറിയും ജാതകവും കക്ഷത്തിലെ ഡയറിയില്‍ കൊണ്ടു നടക്കുന്ന പൊലീസുകാരനാണ് അമ്പിളി. മുന്‍ പരിചയമില്ലാത്ത സഹപ്രവര്‍ത്തകനെ അവര്‍ അറിയുന്നതിലൂടെ പ്രേക്ഷകരും അറിയുന്നു. അമ്പിളി രാജുവിലൂടെ അയ്യപ്പനിലേക്കും മറ്റ് പലരിലേക്കുമൊക്കെ സഞ്ചരിക്കുന്ന സീരിസിന്റെ ആത്മാവ് ബാഹുലിന്റെ എഴുത്താണ്. കിഷ്‌കിന്ധാ കാണ്ഡത്തിന്റെ 'ഓറ' പേറുന്നതാണ് ക്രൈം ഫയല്‍സിന്റേയും എഴുത്ത്. എന്ത്? ആര്? എങ്ങനെ? എന്നൊക്കെയുള്ള ചോദ്യങ്ങളില്‍ നിന്നും ആരംഭിച്ച് എന്തുകൊണ്ട്? എന്ന ചോദ്യത്തിലാണ് സിനിമ പോലെ കേരള ക്രൈം ഫയല്‍സും അവസാനിക്കുന്നത്.

കാഴ്ചക്കാരുടെ ബുദ്ധിയെ അംഗീകരിക്കുന്ന എഴുത്തുകാരനാണ് ബാഹുല്‍ രമേശ്. അതുകൊണ്ട് തന്നെ ഞെട്ടിക്കുന്ന ട്വിസ്റ്റുകള്‍ക്കും കാതടപ്പിക്കുന്ന മോണോലോഗുകള്‍ക്കും ചെകിടിപ്പിക്കുന്ന മെലോഡ്രാമയ്ക്കുമൊന്നും അദ്ദേഹം ശ്രമിക്കുന്നില്ല. മറിച്ച് പതിഞ്ഞ താളത്തില്‍ കഥ പറയുന്ന കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ സ്റ്റഡിയായി മാറുന്നതാണ് അദ്ദേഹത്തിന്റെ രചന. ആറ് എപ്പിസോഡുകള്‍ മാത്രമേ ഉള്ളുവെങ്കിലും മതിയായ സമയമെടുത്താണ് സീരീസ് കഥ പറയുന്നത്. സമയമെടുത്ത് തയ്യാറാക്കിയൊരു ഡിഷ് പോലെ സ്വാദിഷ്ടം.

ലീനിയറായും നോണ്‍ ലീനിയറായും കഥ പറയുന്ന സീരീസ് അത് രണ്ടിനേയും കൂട്ടിക്കെട്ടുന്നത് കയ്യടക്കത്തോടെയാണ്. ട്വിസ്റ്റുകളുടെ ഷോക്ക് വാല്യുവില്‍ മാത്രം ആശ്രയിക്കാതെ കാഴ്ചക്കാരുമായി സംവദിക്കുന്ന, ഇമോഷണലി കണക്ട് ചെയ്യുന്നതാണ് കഥ പറച്ചില്‍. ആ സട്ടില്‍നെസ് കാഴ്ചയ്ക്ക് അപ്പുറത്ത് ഉള്‍ക്കാഴ്ച ആവശ്യപ്പെടുന്ന ഒന്നു കൂടിയാണ്.

മലയാളികള്‍ക്ക് സുപരിചിതരാണ് ഇന്ദ്രന്‍സും ഹരിശ്രീ അശോകനും. ഇരുവരും ഒരുമിച്ച് വന്നപ്പോഴൊക്കെ മലയാളി ചിരിച്ചിട്ടുണ്ട്. പഞ്ചാബി ഹൗസും കുബേരനുമൊക്കെ ഉദാഹരണം. അതില്‍ നിന്നുമെല്ലാം തീര്‍ത്തും വ്യത്യസ്തമായൊരു ട്രാക്കിലാണ് സീരീസിലെ കള്ളന്റേയും പൊലീസിന്റേയും ചങ്ങാത്തം. തങ്ങളുടെ അനുഭവ സമ്പത്തിന്റെ ആഴം ഇരുവരും കാണിച്ചു തരുന്നുണ്ട് കേരള ക്രൈം ഫയല്‍സില്‍, ഒറ്റയ്ക്ക് വരുമ്പോഴും ഒരുമിച്ച് വരുമ്പോഴും. ഫ്‌ളാഷ് ബാക്ക് സീനില്‍ തങ്ങള്‍ക്കിടയിലെ നിശബദ്ത കൊണ്ട് ഇരുവരും വാചാലരാകുന്നത് അത്ഭുതകാഴ്ചയാണ്.

അജു വര്‍ഗീസും ലാലും വീണ്ടുമെത്തുമ്പോഴും നിറഞ്ഞു നില്‍ക്കുന്നുണ്ട്. അതേസമയം, യുവതാരം അര്‍ജുന്‍ രാധാകൃഷ്ണന്‍ ഒരിക്കല്‍ കൂടി തന്റെ പൊട്ടന്‍ഷ്യല്‍ വെളിവാക്കുന്നുണ്ട്. ഏറെക്കുറെ വണ്‍ ലൈനറായൊരു കഥാപാത്രത്തെ തന്റെ സട്ടില്‍ ഭാവങ്ങളിലൂടെയാണ് അര്‍ജുന്‍ ഫീല്‍ ചെയ്യിക്കുന്നത്. മലയാള സിനിമ അയാളിലെ നടനെ ഇനിയും ഉപയോഗിക്കേണ്ടിയിരിക്കുന്നു.

ആദ്യ സീസണുകളിലുണ്ടായിരുന്ന പ്രൊഡക്ഷന്‍ ക്വാളിറ്റിയില്ലായ്മയും സബ്‌പ്ലോട്ടുകളിലെ അപൂര്‍ണതയുമടക്കമുള്ള ന്യൂനതകള്‍ക്ക് രണ്ടാം ഭാഗത്തില്‍ അഹമ്മദ് കബീര്‍ പരിഹാരം കണ്ടെത്തുന്നുണ്ട്. നായ്ക്കളെ സീരീസില്‍ നരേറ്റീവ് ടൂളായി ഉപയോഗിച്ചിരിക്കുന്നത് കാണാം. ഒരേ സമയം ഇമോഷണല്‍ ഹുക്ക് നല്‍കാനും നരേറ്റീവ് ഗൈഡ് ആയുമായാണ് നായ്ക്കളെ ഉപയോഗിച്ചിരിക്കുന്നത്. സീരീസിലെ ചെറിയ കഥാപാത്രങ്ങള്‍ക്ക് പോലും വ്യക്തമായൊരു ഐഡന്റിറ്റി നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. അതുപോലെ തന്നെ ട്രോമയും പേഴ്‌സല്‍ റിവഞ്ചുമൊന്നുമില്ലാത്ത, ജോലിയെന്ന നിലയ്ക്ക് പൊലീസായ പൊലീസുകാരനെ കാണാന്‍ സാധിക്കുന്നതുമൊരു റിലീഫാണ്. സമീപകാലത്തായി മലയാള സിനിമ/സീരീസ് ലോകം ഉപയോഗിച്ച് നശിപ്പിച്ചൊരു ടൂളാണ് 'ട്രോമ പൊലീസ്'.

കണ്‍വെന്‍ഷല്‍ ആയൊരു ക്ലൈമാക്‌സ് അല്ല ക്രൈം ഫയല്‍സിന്റേത്. നെടുനീളന്‍ മോണോലോഗിനോ സ്‌ഫോടനാത്മകമായ റീവിലിംഗിനോ അഹമ്മദ് കബീറും ബാഹുല്‍ രമേശും ശ്രമിക്കുന്നില്ല. കഥാവസാനം ആകുമ്പോഴേക്കും കാഴ്ചക്കാരും തങ്ങള്‍ക്കൊപ്പം സഞ്ചരിച്ച് ആ പോയന്റിലെത്തിക്കാണുമെന്ന തിരിച്ചറിവിലാണ് ക്രൈം ഫയല്‍സ് സീസണ്‍ 2 വിന്റെ ക്ലൈമാക്‌സ് രചിച്ചിരിക്കുന്നത്. അതിലൊരു മജീഷ്യന്റെ കരവിരുതുണ്ട്. തന്റെ മാജിക്കിന് പിന്നിലെ ട്രിക്ക് എന്താണെന്ന് കാണിക്കാതെ, കാണികളുടെ ഭാവനയ്ക്ക് വിടുന്നിടത്താണ് മജീഷ്യന്‍ വിജയിക്കുന്നത്.

അവസാനം രണ്ട് ചിരികളില്‍ അവസാനിക്കുന്ന സീരീസ് പലപ്പോഴും ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കാന്‍ നിശബ്ദതയ്ക്ക് സാധിക്കുമെന്ന് ഓര്‍മ്മിപ്പിക്കുന്നു.

Summary

Kerala Crime Files Season 2 Review: Ahammad Kabeer lifts the benchmark with second season.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com