'ചുരുളി കാണാന്‍ ഒരാളെയും നിര്‍ബന്ധിക്കുന്നില്ല'; അശ്ലീലമുണ്ടെന്ന പരാതിയില്‍ ഹൈക്കോടതി, സമിതി രൂപീകരിക്കാന്‍ നിര്‍ദേശം

സിനിമയില്‍ വള്ളുവനാടന്‍ ഭാഷ മാത്രമേ പറ്റൂ എന്നൊന്നും നിര്‍ദേശിക്കാന്‍ കോടതിക്കാവില്ല
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി: ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്യുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയില്‍ നിയമ ലംഘനമുണ്ടോയെന്നു പരിശോധിക്കുന്നതിന് സമിതിയെ നിയോഗിക്കാന്‍ പൊലീസ് മേധാവിക്കു ഹൈക്കോടതി നിര്‍ദേശം. സിനിമ സ്ട്രീം ചെയ്യുന്നതില്‍ ക്രിമിനല്‍ കുറ്റമോ നിലവിലുള്ള ഏതെങ്കിലും നിയമത്തിന്റെ ലംഘനമോ ഉണ്ടോയെന്നു പരിശോധിക്കാനാണ് നിര്‍ദേശം. 

ചുരുളിയില്‍ അശ്ലീലമുണ്ടെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഇങ്ങനെയൊക്കെ പരാതി ഉയര്‍ന്നാല്‍ ഒരാള്‍ക്കും സിനിമയ്ക്കു തിരക്കഥ എഴുതാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. വാസവദത്ത എഴുതിയതിന്റെ പേരില്‍ രചയിതാവിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യം ഉയരാം. പ്രസിദ്ധരായ പല എഴുത്തുകാര്‍ക്കും കവികള്‍ക്കും എതിരെ സമാനമായ പരാതി ഉന്നയിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. 

സിനിമ ചലച്ചിത്രകാരന്റെ സൃഷ്ടിയാണ്. കലാകാരന്റെ സ്വാതന്ത്ര്യമെന്നാല്‍ സങ്കല്‍പ്പിക്കാനും സൃഷ്ടിക്കാനും പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ്. ചുരുളി ഒടിടി പ്ലാറ്റ്‌ഫോമിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ആവശ്യമുള്ളവര്‍ക്ക് പണം കൊടുത്തു കാണാം. ഒരാളും അതു കാണാന്‍ നിര്‍ബന്ധിക്കുന്നില്ല. നിര്‍ബന്ധപൂര്‍വം ഒരാളെ കാണിയാക്കി മാറ്റുന്ന ഒന്നല്ല ഒടിടി പ്ലാറ്റ്‌ഫോമുകള്‍- കോടതി പറഞ്ഞു.

സിനിമയില്‍ വള്ളുവനാടന്‍ ഭാഷ മാത്രമേ പറ്റൂ എന്നൊന്നും നിര്‍ദേശിക്കാന്‍ കോടതിക്കാവില്ല. കണ്ണൂര്‍ ഭാഷ വേണം, തിരുവനന്തപുരം ഭാഷ വേണം എന്നൊന്നും പറയാനാവില്ല. സിനിമയുടെ പ്രദര്‍ശനം നിലവിലുള്ള ഏതെങ്കിലും നിയമത്തെ ലംഘിക്കുന്നുണ്ടോയെന്നേ കോടതിക്കു പരിശോധിക്കാനാവൂ. അതു പരിശോധിക്കുമ്പോള്‍ തന്നെ കലാകാരന്റെ സ്വാതന്ത്ര്യവും പരിഗണിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. 

ക്രിമിനല്‍ കുറ്റമോ നിയമ ലംഘനമോ ഉണ്ടോയെന്നു പരിശോധിക്കാന്‍ പൊലീസ് മേധാവി സമിതി രൂപീകരിക്കട്ടെ. സമിതി സിനിമ കണ്ട് പൊലീസ് മേധാവിക്കു റിപ്പോര്‍ട്ട് നല്‍കണം. അതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മേധാവി പ്രസ്താവന സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com