

സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സിനിമയുള്‍പ്പെടെയുള്ള കലാസൃഷ്ടികള്‍ക്ക് സാധിക്കും. എത്ര വര്‍ഷം കഴിഞ്ഞാലും അത്തരം സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യും. സമൂഹത്തില്‍ സ്വാധീനം ചെലുത്തി വലിയൊരു മാറ്റം കൊണ്ടുവന്ന സിനിമകളുടെ പട്ടികയില്‍ ഏറ്റവുമൊടുവില്‍ ഇടം നേടിയിരിക്കുന്നത് 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' എന്ന സിനിമയാണ്. വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത ഈ കുഞ്ഞന്‍ ചിത്രം കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് വന്‍ വിപ്ലവമാണ് സൃഷ്ടിച്ചിരിക്കുന്നത്.
സിനിമ കൊണ്ടുവന്ന പ്രമേയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതോടെ, ഫ്രണ്ട് ബെഞ്ചേഴ്‌സ് ബാക്ക് ബെഞ്ചേഴ്‌സ് വിവേചനം അവസാനിപ്പിക്കാന്‍ ഒന്നിലേറെ സ്‌കൂളുകള്‍ തീരുമാനിക്കുകയായിരുന്നു. ബാക്ക് ബെഞ്ച് സമ്പ്രദായം ഉപേക്ഷിച്ച ഈ സ്‌കൂളുകള്‍ കുട്ടികളെ വട്ടത്തില്‍ ഇരുത്തുന്ന രീതിയില്‍ ഇരിപ്പിടം പരിഷ്‌കരിച്ചു. അധ്യാപകര്‍ക്ക് എല്ലാ വിദ്യാര്‍ഥികളിലേക്കും ഒരു പോലെ കണ്ണെത്തുമെന്നതാണ് ഇതിലെ പ്രധാന പ്രത്യേകത.
കൊല്ലം ജില്ലയിലെ വാളകത്തെ രാമവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (ആര്‍വിഎച്ച്എസ്എസ്) ആണ് ആദ്യം ഈ രീതി നടപ്പാക്കിലാക്കുന്നത്. 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' പുറത്തിറങ്ങുന്നതിന് ഒരു വര്‍ഷം മുന്‍പ് മന്ത്രി കെബി ഗണേഷ് കുമാര്‍ സിനിമയുടെ പ്രിവ്യു ഷോ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍എംവിഎച്ച്എസ്എസിലെ പ്രൈമറി ക്ലാസുകളില്‍ ഇത് അവതരിപ്പിക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് അധ്യാപകരുമായി ചര്‍ച്ച ചെയ്യുന്നത്.
പിന്നാലെ മറ്റ് സ്‌കൂളുകളും ആ പാത പിന്തുടര്‍ന്നു. കേരളത്തിലെ എട്ടോളം സ്‌കൂളുകള്‍ ഇതിനോടകം ഈ ഇരിപ്പിട ക്രമീകരണം സജ്ജീകരിച്ചിട്ടുണ്ട്. പഞ്ചാബിലെ ഒരു സ്‌കൂളിലും ഇപ്പോള്‍ ഈ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ദേശീയ തലത്തിലടക്കം തന്റെ സിനിമ സ്വാധീനം ചെലുത്തിയതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍.
ഒടിടി പ്ലാറ്റ്‌ഫോമില്‍ സിനിമ കണ്ടതോടെ പഞ്ചാബിലെ ഒരു സ്‌കൂളിലെ പ്രിന്‍സിപ്പലും ഈ മാതൃക സ്വീകരിച്ചിട്ടുണ്ട്. അദ്ദേഹം വിദ്യാര്‍ഥികള്‍ക്കായി സ്‌കൂളില്‍ സിനിമ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ചിത്രം ദേശീയ ശ്രദ്ധ നേടിയതില്‍ എനിക്ക് സന്തോഷമുണ്ടെന്നും സംവിധായകന്‍ വിനേഷ് വിശ്വനാഥന്‍ പിടിഐയോട് പറഞ്ഞു.
ഈ ക്രമീകരണം കാണിക്കുന്ന ഒരു രംഗം മാത്രമേ സിനിമയില്‍ ഉള്ളൂ. സിനിമയിലെ ഒരു ഏഴാം ക്ലാസ് വിദ്യാര്‍ഥിയുടെ ആശയമാണിതെന്നും അദ്ദേഹം പറഞ്ഞു. ''പിന്‍ ബെഞ്ചിലിരുന്നപ്പോഴുണ്ടായ അപമാനകരമായ അനുഭവമാണ് ആ കുട്ടിയെ ഇത്തരമൊരു ആശയത്തിലേക്ക് എത്തിച്ചത്. ഇത് ഇത്രയും ശ്രദ്ധിക്കപ്പെടുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല.
ഇത് ഞങ്ങള്‍ കൊണ്ടുവന്ന ഒരു ആശയമല്ല, ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ (DPEP) ഭാഗമായി ക്ലാസ് മുറികളില്‍ മുന്‍പ് അത്തരമൊരു ഇരിപ്പിട ക്രമീകരണം ഉണ്ടായിരുന്നു, ഇടയ്ക്ക് എവിടെയോ നമുക്ക് അത് നഷ്ടപ്പെട്ടു'' വിനേഷ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates