

കുട്ടികളുടെ വിനോദ പരിപാടികൾക്ക് പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് മലയാളത്തിലെ ആദ്യ എഐ അധിഷ്ഠിത കിഡ്‌സ് ഒറിജിനൽ ‘ഖുഷി – ദ് പ്രിൻസസ് ഓഫ് ദ് ജംഗിൾ’ അവതരിപ്പിച്ച് മനോര മമാക്സ്. നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ശബ്ദവിവരണമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളും ഭാവനയും സമന്വയിപ്പിക്കുന്ന ചിത്രത്തിന് 100 മിനിറ്റ് ദൈർഘ്യമാണുള്ളത്.
കുട്ടികൾക്കും കുടുംബപ്രേക്ഷകർക്കുമായി ഒരുക്കിയിരിക്കുന്ന ചിത്രം കാടിന്റെ മാന്ത്രിക ലോകത്തിലേക്കുള്ള രസകരമായൊരു യാത്രയാണ്. മൃഗങ്ങളും തമാശകളും ഫാന്റസിയും ജീവിതമൂല്യങ്ങളും കോർത്തിണക്കിയാണ് കഥ മുന്നോട്ടുപോകുന്നത്. കാട്ടിൽ പ്രവേശിക്കുമ്പോൾ മൃഗങ്ങളോട് സംസാരിക്കാനുള്ള കഴിവ് ലഭിക്കുന്ന എട്ടുവയസ്സുകാരിയായ ഖുഷിയാണ് കഥയിലെ കേന്ദ്രകഥാപാത്രം.
ബണ്ടുവും അവന്റെ കുസൃതിക്കാരായ കുരങ്ങുസംഘവുമായുള്ള സൗഹൃദത്തിലൂടെയാണ് ഖുഷിയുടെ സാഹസികയാത്ര ആരംഭിക്കുന്നത്. യാത്രയ്ക്കിടെ താര എന്ന ആന, ഗോലു എന്ന മുള്ളൻപന്നി തുടങ്ങി നിരവധി മൃഗങ്ങളെയും അവൾ പരിചയപ്പെടുന്നു. ഓരോ കൂടിക്കാഴ്ചയും വന്യജീവികളുടെ കൗതുകകരമായ ലോകത്തെക്കുറിച്ചുള്ള പുതിയ അറിവുകളിലേക്കും പ്രകൃതിയോടിണങ്ങി ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്കും കുട്ടികളെ നയിക്കുന്നു.
എന്നാൽ ഖുഷിയുടെ യാത്ര അധികം വൈകാതെ വലിയൊരു ദൗത്യമായി മാറുന്നു. ചരൺ എന്ന വില്ലനും കൂട്ടാളികളും ചേർന്ന് കാടിനും അവിടെയുള്ള മൃഗങ്ങൾക്കും ഭീഷണിയാകുമ്പോൾ അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഖുഷി ഏറ്റെടുക്കുന്നു. ധൈര്യവും കരുണയും സൗഹൃദത്തിന്റെ കരുത്തും കൈമുതലാക്കി കാടിനെയും തന്റെ സുഹൃത്തുക്കളെയും രക്ഷിക്കാനുള്ള അവളുടെ പോരാട്ടമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
കാടിന്റെ സാഹസികതയ്ക്കൊപ്പം കുടുംബബന്ധങ്ങളുടെ ഊഷ്മളതയും ചിത്രം മനോഹരമായി അവതരിപ്പിക്കുന്നു. മാതാപിതാക്കളോടും സഹോദരനോടുമുള്ള ഖുഷിയുടെ ബന്ധവും കഥയുടെ ഭാഗമാകുന്നു. സഹാനുഭൂതി, കരുതൽ, ധൈര്യം, പ്രകൃതിസംരക്ഷണം തുടങ്ങിയ മൂല്യങ്ങൾ രസകരമായ കഥാസന്ദർഭങ്ങളിലൂടെ കുട്ടികളിലേക്ക് എത്തിക്കുകയാണ് ചിത്രം.
പ്രധാനമായും നാല് മുതൽ 12 വയസ്സുവരെയുള്ള കുട്ടികളെ ലക്ഷ്യമിട്ട് ഒരുക്കിയിരിക്കുന്ന ‘ഖുഷി – ദ് പ്രിൻസസ് ഓഫ് ദ് ജംഗിൾ’, വിനോദത്തിനൊപ്പം മികച്ച ജീവിതമൂല്യങ്ങളും പകരുന്ന കുടുംബസമേതം ആസ്വദിക്കാവുന്ന ചിത്രമാണ്. മനോരമ മാക്സിൽ നവംബർ 14 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.https://www.samakalikamalayalam.com/movie-news/motharathri-director-raja-karuppaswamy-about-young-stars-of-malayalam-cinema
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates