കൊല്‍ക്കത്ത: പരസ്യ ജിംഗിളുകളിലൂടെയെത്തി സിനിമാ പിന്നണിഗാനരംഗത്ത് ശ്രദ്ധേയനായ കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് ബോളിവുഡിന് പുറമെ രാജ്യത്തെ ഒട്ടുമിക്ക ഭാഷകളിലും തന്റെ സാന്നിദ്ധ്യം വിളിച്ചോതിയ ഗായകനാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ബംഗാളി, ആസാമീസ്, ഗുജറാത്തി എന്നീ ഭാഷകളിലെ സിനിമകളില്‍ അദ്ദേഹം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. കൊല്‍ക്കത്തയില്‍ ഒരു സംഗീതപരിപാടിക്ക് തൊട്ടുപിന്നാലെയാണ് കെ കെയുടെ ആകസ്മിക വിയോഗം.
സംഗീതപരിപാടിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ കെ ഹോട്ടലിലേക്ക് മടങ്ങി. ഉടന്‍ തന്നെ അടുത്തുള്ള സിഎംആര്‍ഐ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പഠനകാലത്ത് സ്വന്തമായി റോക്ക് മ്യൂസിക് ഗ്രൂപ്പുണ്ടാക്കി പാടിയാണ് കെ കെ സംഗീതജീവിതത്തിന് തുടക്കമിടുന്നത്. കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് കുറച്ചുകാലം മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവായി ജോലി നോക്കി. തുടര്‍ന്ന് ഹീറോ ഹോണ്ടയ്ക്കും ഉഷാ ഫാനിനും വേണ്ടി പരസ്യട്യൂണുകള്‍ മൂളി സംഗീത വഴിയിലേക്ക് തിരിച്ചെത്തി.
ഗായകനെന്ന നിലയില്‍ അവസരങ്ങള്‍ക്കായി 1994 ല്‍ മുംബൈയിലേക്ക് കെ കെ താമസം മാറ്റി. പരസ്യങ്ങളുടെ ജിംഗിള്‍ പാടിയാണ് കരിയര്‍ ആരംഭിക്കുന്നത്. മൂന്ന് വര്‍ഷത്തിനിടെ 3500 ലേറെ പരസ്യ ജിംഗിളുകള്‍ പാടി. നിരവധി ടിവി സീരിയലുകള്‍ക്ക് വേണ്ടിയും പാടി. സിനിമയില്‍ കെ കെയ്ക്ക് ആദ്യം അവസരം നല്‍കിയത് എആര്‍ റഹ്മാനാണ്. കാതല്‍ ദേശം എന്ന ചിത്രത്തില്‍ 'കല്ലൂരി ശാലെ, ഹാലോ ഡോ' എന്നീ ഗാനങ്ങളായിരുന്നു അത്. പിന്നീട് മിന്‍സാര കനവ് എന്ന ചിത്രത്തില്‍ സ്‌ട്രോബറി കണ്ണെ എന്ന ഗാനവും ആലപിച്ചു.
1999ല്‍ പുറത്തിറങ്ങിയ 'പല്‍' എന്ന ആല്‍ബം കെകെയെ ഇന്‍ഡിപോപ്പ് ചാര്‍ട്ടുകളില്‍ ശ്രദ്ധേയനാക്കി. 1999 ലെ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനായി പാടിയ ജോഷ് ഓഫ് ഇന്ത്യ എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു.
ബോളിവുഡ് ചിത്രങ്ങളായ ദേവദാസിലെ (2002) ഡോല രെ ഡോല, ഓം ശാന്തി ഓമിലെ (2007) ആംഖോം മേം തേരി, ബച്ച്‌നാ ഏ ഹസീനോയിലെ (2009) ഖുദാ ജാനേ, ഹാപ്പി ന്യൂ ഇയറിലെ (2014) ഇന്ത്യ വാലേ, ഗ്യാങ്സ്റ്ററിലെ തൂഹി മേരെ ഷബ് ഹെ, ഗൂണ്ടേയിലെ തൂനെ മാരി എന്‍ട്രിയാന്‍, ബജ് രംഗി ഭായിജാന്‍ (2015) ലെ തു ജോ മില തുടങ്ങിയവ കെ കെ പാടിയ ഹിറ്റ് ഗാനങ്ങളാണ്.
മലയാളിയാണെങ്കിലും മലയാള സിനിമയില്‍ ഒരേ ഒരു ഗാനമാണ് കെ കെ ആലപിച്ചത്. 2009ല്‍ ദീപന്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തിയ പുതിയ മുഖം എന്ന ചിത്രത്തില്‍. ഇതില്‍ കെ കെ ആലപിച്ച രഹസ്യമായ്.. രഹസ്യമായ് എന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു. അഞ്ചു തവണ കെ കെയ്ക്ക് ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ബാല്യകാല സഖി ജ്യോതിയാണ് ഭാര്യ. ഗായകനായ നകുല്‍, താമര എന്നിവരാണ് മക്കള്‍.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates