

തെന്നിന്ത്യയിൽ ഒട്ടേറെ ആരാധകരുള്ള നടിയാണ് കൃതി ഷെട്ടി. ഉപ്പേന എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു കൃതിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ആദ്യ സിനിമയിൽ തന്നെ നല്ല രീതിയിൽ ശ്രദ്ധ നേടാൻ കൃതിക്കായി. തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും കൃതി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കൃതിയുടെ തമിഴിലേക്കുള്ള വരവാണ് സിനിമാ പ്രേമികൾക്കിടയിലെ ചർച്ച.
കാരണം മറ്റൊന്നുമല്ല, കൃതി അഭിനയിച്ച തമിഴ് സിനിമകളൊന്നും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല എന്നതു തന്നെ. 2023 മുതൽ തമിഴ് സിനിമയുടെ ഭാഗമാണ് കൃതി. ഈ വർഷവും കൃതി നായികയായെത്തിയ രണ്ട് തമിഴ് ചിത്രങ്ങളാണ് റിലീസിന് തൊട്ടുമുൻപ് മാറ്റി വച്ചത്. കാർത്തി നായകനായെത്തിയ വാ വാത്തിയാർ, പ്രദീപ് രംഗനാഥൻ നായകനായെത്തുന്ന ലവ് ഇൻഷുറൻസ് കമ്പനി എന്നീ ചിത്രങ്ങളാണ് റിലീസ് മാറ്റി വച്ചത്.
ഡിസംബർ 12 നായിരുന്നു വാ വാത്തിയാർ റിലീസ് ചെയ്യേണ്ടിയിരുന്നത്. നളൻ കുമാരസ്വാമി സംവിധാനം ചെയ്ത ചിത്രത്തിന് 21 കോടിയിലധികം രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായതിനെ തുടർന്ന് മദ്രാസ് കോടതി റിലീസ് തടയുകയായിരുന്നു. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയാണ് വാ വാത്തിയാർ നിർമിച്ചിരിക്കുന്നത്.
അതേസമയം ലവ് ഇൻഷുറൻസ് കമ്പനിയുടെ റിലീസും മാറ്റി വച്ചിരുന്നു. ഡിസംബർ 18 നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. വിഎഫ്എക്സ് വർക്കുകൾ പൂർത്തിയാകാത്തതിനെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചത്. രവി മോഹൻ നായകനായെത്തുന്ന ജീനിയും കൃതിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
2023 ൽ പ്രഖ്യാപിച്ച ചിത്രം ഇതുവരെ ഷൂട്ടിങ് പൂർത്തിയാക്കിയിട്ടില്ല. അടുത്തിടെ കൃതിയും കല്യാണിയും ഒന്നിച്ചുള്ള ചിത്രത്തിലെ ഒരു ഐറ്റം ഡാൻസ് നമ്പർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മലയാളത്തിൽ ടൊവിനോ നായകനായെത്തിയ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൽ കൃതി അഭിനയിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates