

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി നടി ലക്ഷ്മിപ്രിയ. ഭരണവിരുദ്ധ വികാരമാണ് എല്‍ഡിഎഫിന്റെ പരാജയത്തിന് കാരണമെന്നാണ് ലക്ഷ്മിപ്രിയയുടെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കുകയും ചെയ്യുന്നുണ്ട് ലക്ഷ്മി പ്രിയ. ആ വാക്കുകളിലേക്ക്:
കേരളത്തിലെ ഭരണ വിരുദ്ധതയ്‌ക്കെതിരെയുള്ള മികച്ച മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം.വ്യക്തിപരമായി ബിജെപിയ്ക്ക് ലഭിച്ച മൂന്ന് സീറ്റുകള്‍ക്കൊപ്പം ചാണ്ടി ഉമ്മന്‍, കെ കെ രമ, ബിന്ദു കൃഷ്ണ എന്നിവരുടെ വിജയം ഏറെ സന്തോഷിപ്പിക്കുന്നു. ഉമ്മന്‍ ചാണ്ടി സാറിനോട് ഈ രാഷ്ട്രീയ കക്ഷി ചെയ്ത നെറികേടിന് ജനം കൊടുത്ത മറുപടിയാണ് ഈ മികച്ച വിജയം. ടി പി യുടെ ഓര്‍മ്മ ദിവസം തന്നെ കെ കെ രമയ്ക്ക് ലഭിച്ച വിജയം മധുര പ്രതികാരത്തെ അനുസ്മരിപ്പിക്കുന്നു. സ്വന്തം പാര്‍ട്ടിയുടെ ഒതുക്കലിനും അപ്പുറം ജനങ്ങളുടെ സപ്പോര്‍ട്ട് ആണ് പെണ്ണൊരുത്തിയായ ബിന്ദു കൃഷ്ണയുടെ വിജയത്തിലൂടെ കാണാന്‍ കഴിഞ്ഞത്.
കുന്നത്ത് നാട്, കാസര്‍ഗോഡ്, മഞ്ചേശ്വരം ഇവയുടെ ബിജെപിയുടെ നഷ്ടം വ്യക്തിപരമായി പ്രയാസമുണ്ടാക്കുന്നതാണ്. പാലക്കാട് ശോഭചേച്ചിയുടെ പരാജയവും നിരാശയുണ്ടാക്കി എങ്കിലും രമേശ് പിഷാരടി എന്ന സുഹൃത്തും സഹപ്രവര്‍ത്തകനും ആണല്ലോ വിജയി എന്നത് എന്റെ നിരാശയെ ലഘൂകരിക്കുന്നു. ഒപ്പം മാണി സി കാപ്പന്‍ സാറിന്റെ വിജയവും സന്തോഷം തന്നെ. കാരണം രമേശ് പിഷാരടിയും മാണി സി കാപ്പന്‍ സാറും ഞങ്ങളുടെ അമ്മ മെമ്പര്‍മാര്‍ കൂടിയാണ്.ഇവര്‍ക്ക് രണ്ട് പേര്‍ക്കും പ്രത്യേക അഭിനന്ദനങ്ങള്‍.കെ സുധാകരന്‍ സാറിനും കോണ്‍ഗ്രസ് സീറ്റ് കൊടുക്കണമായിരുന്നു. പുതിയ മന്ത്രിസഭയില്‍ തലയെടുപ്പുള്ള എംഎല്‍എയോ മന്ത്രിയോ ആയി അദ്ദേഹവും നിയമസഭയില്‍ വേണമായിരുന്നു. ജന സമ്മിതിയുള്ള മികച്ച ഒരു നേതാവാണ് അദ്ദേഹം.
എന്‍ഡിഎ സഖ്യത്തിന് 8 സീറ്റ് എങ്കിലും പ്രതീക്ഷിച്ചിരുന്നു.. സാരമില്ല. താമര വിരിയില്ല എന്നു വെല്ലുവിളിച്ചവരുടെ മുന്നില്‍ ഒന്നല്ല, രണ്ടല്ല മൂന്ന് പൊന്‍ താമരകള്‍ വിരിഞ്ഞു. അഭിനന്ദനങ്ങള്‍. . അഭിമാനം വാനോളം.ഇനി ശക്തമായ വേരോട്ടത്തോടെ പടര്‍ന്ന് പിടിച്ചോളും. 2029 അത് ഞങ്ങളുടേത് ആവും.
എന്നാലും എന്റെ സതീശണ്ണാ. തലങ്ങും വിലങ്ങും അകമ്പടി വാഹനങ്ങളുമായി ഇടം വലം ധാര്‍ഷ്ട്യത്തോടെ വിരാജിച്ച് നടന്ന 'ക്യാപ്റ്റന്‍ ' പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോര്‍ത്തിട്ട് എനിക്ക് ചിരി സഹിക്കാന്‍ വയ്യ.. അഴിമതി നിറഞ്ഞ പത്തു വര്‍ഷം ചൂണ്ടുവിരലില്‍ പുരണ്ട മഷി കൊണ്ട് ആട്ടിക്കളഞ്ഞ എല്ലാ പ്രിയപ്പെട്ട വോട്ടര്‍മാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
എല്ലാ വിജയികള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. കേരളത്തിലെ മികച്ച ഭരണപക്ഷവും പ്രതിപക്ഷവും ആവാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.ഒപ്പം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നിലയ്ക്കു നിര്‍ത്തുന്ന ധര്‍മ്മത്തിന്റെ പ്രതിരൂപമാവാന്‍ മൂന്ന് പൊന്‍ താമരകള്‍ക്ക് കഴിയട്ടെ. താമര ഫ്‌ലവര്‍ അല്ല ഫയര്‍ ആണ്. 102+ 35 = 3.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates