

കേരളത്തിൽ യാതൊരുവിധ വികസനവും കടന്നു ചെല്ലാത്ത കേരളത്തിലെ രണ്ട് ജില്ലകളെക്കുറിച്ച് നടി ലക്ഷ്മിപ്രിയ. ആലപ്പുഴയും കാസർകോടുമാണ് ആ ജില്ലകളെന്നും പ്രചരണത്തിന് പോയപ്പോഴാണ് ഇതൊക്കെ അറിയുന്നതെന്നും ലക്ഷ്മിപ്രിയ പറയുന്നു.
ആലപ്പുഴയുടെ വികസനമില്ലായ്മയ്ക്ക് കാരണം അന്ധമായ വിപ്ലവമാണെന്നും നടി ഫെയ്സ്ബുക്കിൽ കുറിച്ചു. കാസർകോട് അത് അന്ധമായ മതമാണെന്ന് പറയുന്നു. എല്ലാ നാടുകളിലും ഓരോ ഉൾപ്രദേശങ്ങളിലും അതിദാരിദ്ര്യം, റോഡ്, തെരുവ് വിളക്കുകൾ, വീട് ഇല്ലായ്മ, രോഗങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ടെന്നും ലക്ഷ്മിപ്രിയ പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സ്വൽപ്പം രാഷ്ട്രീയമാവാം
പ്രചരണത്തിന് പോയ സ്ഥലങ്ങളിൽ യാതൊരു വിധ വികസനവും കടന്ന് ചെല്ലാത്ത ഒരു നാട് എന്റെ ജന്മദേശം കൂടിയായ ആലപ്പുഴയാണ്. കാരണം അന്ധമായ വിപ്ലവം. ഏറ്റവുമധികം ഫാക്ടറികൾ അടച്ചു പൂട്ടപ്പെട്ട ഇടം. ഉൾപ്രദേശങ്ങളിൽ ഒന്നും മെച്ചപ്പെട്ട റോഡോ, തെരുവ് വിളക്കോ പുരോഗതിയോ എത്തി നോക്കിയിട്ടില്ല.
കിഴക്കിന്റെ വെനീസ്, പണ്ട് മുതലേ തുറമുഖ പട്ടണം ഒക്കെ ആയിരുന്നിട്ടും കേരളത്തിലെ ഏറ്റവും മികച്ച നഗരം ആവേണ്ടിയിരുന്ന ടൂറിസത്തിന്റെ അനന്ത സാധ്യതകൾ ഉള്ള ജില്ലയുടെ അവസ്ഥ വളരെ താഴെയാണ്. ഇന്നും അന്നന്ന് അധ്വാനിച്ചു അന്നന്നത്തെ ഇടം കഴിയുന്ന ജനവിഭാഗം.
വിപ്ലവ ചിന്തകൾ മാറ്റി വച്ച് പുരോഗമന ചിന്തകളോടെ ജനം ചിന്തിച്ചിരിന്നുവെങ്കിൽ എന്ന് ആശിച്ചു പോയി. അല്ലെങ്കിൽ ഇതുവരെ ജയിപ്പിച്ചു വിട്ടവരെ ജനം ചോദ്യം ചെയ്തിരുന്നുവെങ്കിൽ??? ഇപ്പോഴത്തെ ജനപ്രതിനിധി പറഞ്ഞ 2000 കോടിയുടെ വികസനം എവിടെയോ എന്തോ??
രണ്ട് കാസർഗോഡ്
കാരണം അന്ധമായ മതം. കേരളത്തിലെ മുഴുവൻ ജനങ്ങളും കാസർഗോഡിന്റെ അവസ്ഥയെപ്പറ്റി ചിന്തിക്കുകയും ചർച്ച ചെയ്യുകയും വേണം. ഇന്നും അടിസ്ഥാന സൗകര്യങ്ങൾ പോലും ഈ നാട്ടിൽ എത്തി ചേർന്നിട്ടില്ല. ഇവിടുത്തെ മക്കൾക്ക് പത്താം ക്ലാസ്സ് കഴിഞ്ഞാൽ തൊട്ടടുത്ത ജില്ലകളെയോ കർണ്ണാടക സംസ്ഥാനത്തെയോ ഉന്നത വിദ്യാഭ്യാസത്തിനായി ആശ്രയിക്കണം.
രോഗം വന്നാൽ, അടിയന്തര ചികിത്സ ആവശ്യം വന്നാൽ ഒക്കെ മംഗലാപുരം തന്നെ ശരണം. അതുകൊണ്ട് ഈ നാട്ടിൽ നിന്നും വിദ്യാഭ്യാസമന്വേഷിച്ചു പോകുന്നവർ കർണ്ണാടകക്കാരായി തുടരുന്നു.. മിക്കവരും തിരികെ എത്തുന്നില്ല. എൻഡോസൽഫാൻ ദുരിത ബാധിതരുടെ ദുരിതത്തിന് ഇന്നും അറുതി വരുത്തിയിട്ടില്ല. പുനർജീവനം ഇന്നും കടലാസ് ആയി അവശേഷിക്കുന്നു.
നല്ല റോഡുകൾ ഇല്ല, കുടിവെള്ളമില്ല...... കോവിഡ് കാലത്ത് ടാറ്റാ നിർമ്മിച്ച ഹോസ്പിറ്റൽ പ്രവർത്തിക്കാൻ സമ്മതിക്കാതെ പൊളിച്ചു കൊണ്ടുപോയി അവർ. അന്ധമായ മതവിശ്വാസം മാറ്റി വച്ച് നാടിന്റെ പുരോഗതിയ്ക്കായി ഈ ജനത കൈകോർത്തിരുന്നുവെങ്കിൽ എന്ന് ആശിച്ചു പോയി.... 45 വർഷം ഒരേ പാർട്ടി, ബാക്കി ഉള്ളവർഷം മറ്റൊരു പാർട്ടി.... കാസർഗോഡ് കാരും മനുഷ്യരാണ്, അവർക്ക് വേണ്ടി മറ്റ് ജില്ലകളിൽ ഉള്ളവരും ശബ്ദം ഉയർത്തണം.
ഇലക്ഷനൊക്കെ കഴിഞ്ഞിട്ടും ഇത് എഴുതിയത് അന്ധമായ രാഷ്ട്രീയ - മത വിശ്വാസങ്ങൾക്കും അപ്പുറത്തേക്ക് മനുഷ്യൻ ചിന്തിക്കണം എന്ന ആഗ്രഹം കൊണ്ടാണ്. വിപ്ലവവും മത അന്ധതയും പറഞ്ഞു കൊണ്ട് ഇനിയും ഒരു ജനതയെ പറ്റിക്കരുതേ. അവരും മനുഷ്യരാണ്.
NB: എല്ലാ നാടുകളിലും ഓരോ ഉൾപ്രദേശങ്ങളിലും നിരവധി പ്രശ്നങ്ങളുണ്ട്. അതിദാരിദ്ര്യം, റോഡ്, തെരുവ് വിളക്കുകൾ, വീട് ഇല്ലായ്മ, രോഗങ്ങൾ അങ്ങനെ അങ്ങനെ...അതൊക്കെ കണ്ണ് തുറന്നു കാണാനും പരിഹരിക്കാനും പറ്റുന്നവർ വരട്ടെ! ഇല്ലെങ്കിൽ ചോദ്യം ചെയ്യാൻ പറ്റുന്ന ജന വിഭാഗം ഉയർന്നു വരട്ടെ. നന്മകൾ ഉണ്ടാവട്ടെ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates