

മലയാളത്തിന്റെ ഹിറ്റ് മേക്കറാണ് ലാല്‍ ജോസ്. 'മീശമാധവന്‍', 'ക്ലാസ്‌മേറ്റ്‌സ്', 'അയാളും ഞാനും തമ്മില്‍' തുടങ്ങി മലയാളിയുടെ സിനിമ ജീവിതത്തിന്റെ ഭാഗമായി മാറിയ നിരവധി സിനിമകളൊരുക്കിയ സംവിധായകന്‍. പൊട്ടിച്ചിരിപ്പിക്കാനും അതുപോലെ തന്നെ കരയിപ്പിക്കാനും തന്നെക്കൊണ്ട് സാധിക്കുമെന്ന് ലാല്‍ ജോസ് കാണിച്ചു തന്നിട്ടുണ്ട്. ഇപ്പോഴിതാ ഫിലിം മേക്കിങിനെക്കുറിച്ചുള്ള ലാല്‍ ജോസിന്റെ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്.
ഫിലിം മേക്കിങ് പഠിക്കാന്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്ത് കഷ്ടപ്പാടുകള്‍ അനുഭവിക്കുക തന്നെ വേണമെന്നാണ് ലാല്‍ ജോസ് പറയുന്നത്. ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്. ഇതിനിടെ സദസില്‍ നിന്നുമൊരാള്‍ സിനിമ പഠിക്കാനുള്ള ആഗ്രഹം പങ്കുവച്ചു. സിനിമ ചിത്രീകരണം കണ്ടാല്‍ മാത്രം മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
''പ്രൊഡക്ഷന്‍ ടീമിന്റെ ഭാഗമാകണ്ട, സിനിമ ഫുഡ്ഡും വേണ്ട. എങ്ങനെയാണ് ഷോട്ട് എടുക്കുന്നതെന്ന് പുറത്ത് നിന്ന് കണ്ട് പഠിച്ചോളാം, ശമ്പളവും വേണ്ട'' എന്നായിരുന്നു സദസില്‍ നിന്നുമുയര്‍ന്ന ശബ്ദം. ഇതിനോടുള്ള ലാല്‍ ജോസിന്റെ പ്രതികരണമാണ് ചര്‍ച്ചയായി മാറുന്നത്.
''ചെറിയൊരു ഉദാഹരണം പറയാം. എനിക്ക് സര്‍ജന്‍ ആകണമെന്ന് ഭയങ്കര ആഗ്രഹമാണ്. മെഡിക്കല്‍ കോളേജിലും പോകണ്ട, എന്നെ നിങ്ങളൊന്നും പഠിപ്പിക്കുകയും വേണ്ട. ഓപ്പറേഷന്‍ ചെയ്യുന്നതൊന്ന് കണ്ടോട്ടെ എന്ന് പറയുന്നത് പോലെയാണിത്. ഹാര്‍ട്ട് സര്‍ജറി ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. ചാക്കോ പെരിയാപുരം സര്‍ജറി ചെയ്യുന്നത് ഓട്ടയിലൂടെ കണ്ടാല്‍ ഞാന്‍ സര്‍ജന്‍ ആകുമോ?'' എന്നാണ് ലാല്‍ ജോസ് ചോദിക്കുന്നത്.
''അത്രയും ലാഘവത്തോടു കൂടി എടുക്കരുത്. ആയിരക്കണക്കിന് ആളുകള്‍ വര്‍ഷങ്ങള്‍ കത്തിച്ച് കളഞ്ഞ്, ജീവിതം ബെറ്റ് ചെയ്ത്, ആളുകളുടെ ആട്ടും തുപ്പും കൊണ്ട്, അപമാനിതരായി, നടന്ന് കഷ്ടപ്പെട്ട് ചെയ്യുന്നൊരു പരിപാടിയാണിത്. അത് അങ്ങനെ സൂത്രത്തില്‍ ഓട്ടയില്‍ കൂടെ നോക്കിയിട്ട് പഠിക്കാമെന്ന് കരുതണ്ട. അത് നടക്കില്ല.'' എന്നും ലാല്‍ ജോസ് പറയുന്നുണ്ട്.
ലാല്‍ ജോസിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് എത്തുന്നത്. ലാല്‍ ജോസ് ക്രിസ്റ്റഫര്‍ നോളന്‍, ക്വിന്റണ്‍ ടറാന്റിനോ എന്നെ പേരുകള്‍ കേട്ടിട്ടുണ്ടോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഇവര്‍ ലോകത്തോര സിനിമാ സംവിധായകരായത് അസിസ്റ്റന്റ് ഡയറക്ടര്‍ ആയിട്ടല്ലെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. തമിഴകത്തെ ലോകേഷ് കനകരാജും മലയാളത്തിന്റെ അല്‍ഫോണ്‍സ് പുത്രനും ആരുടേയും അസിസ്റ്റന്റ് ആയിരുന്നില്ല. എന്നാല്‍ ഈ തലമുറയിലെ ഏറ്റവും മികച്ച സംവിധായകരായി മാറാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അതേസമയം ഇതിനെ ചിലര്‍ എതിര്‍ക്കുന്നുണ്ട്. ലാല്‍ ജോസിനെ തോല്‍പ്പിക്കാന്‍ നോളന്‍ മുതല്‍ ലോകേഷ് വരെയുള്ളവരുടെ ഉദാഹരണങ്ങള്‍ പറയുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് മറ്റ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. നോളനും ലോക്കിയുമൊക്കെ സംവിധായകര്‍ ആയത് അസിസ്റ്റന്റ് ആകാത്തതു കൊണ്ടല്ല, അവര്‍ നോളനും ലോകേഷും ആയതു കൊണ്ടാണ്. എല്ലാവര്‍ക്കും അത് സാധ്യമായിരിക്കില്ലെന്നും ഫിലിം മേക്കിങ് പഠിക്കേണ്ടത് തന്നെയാണെന്നും ലാല്‍ ജോസിനെ അനുകൂലിച്ചെത്തുന്നവര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates