

ശ്രീനിവാസനെ അനുസ്മരിച്ച് സംവിധാകന്‍ ലാല്‍ ജോസ്. എനിക്ക് വഴിയും വെളിച്ചവും കാട്ടിതന്ന ആ മഹാപ്രതിഭയെ മനസ്സാല്‍ നമിക്കുന്നു..ഉളളകാലം എന്നും ഓര്‍ക്കും..ആത്മാവിനായി പ്രാര്‍ത്ഥിക്കും എന്നാണ് ലാല്‍ ജോസ് പറയുന്നത്. ലാല്‍ ജോസിന്റെ കരിയറിന്റെ തുടക്കം മുതല്‍ ശക്തമായ സാന്നിധ്യമായിരുന്നു ശ്രീനിവാസന്‍. ലാല്‍ ജോസിന്റെ വാക്കുകളിലേക്ക്:
ശ്രീനിയേട്ടന്റെ ശരീരത്തില്‍ തീയാളുകയാണിപ്പോള്‍.. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആ മുഖത്തിനു മുന്നില്‍ ക്‌ളാപ്പ് ബോര്‍ഡും പിടിച്ചുനിന്ന ആ പയ്യന്‍ ഇപ്പോള്‍ ഇവിടെ ഒറ്റക്കാണ്. പാവം പാവം രാജകുമാരന്റെ സെറ്റില്‍ പ്രിയനടനെ, ആരാധ്യനായ എഴുത്തുകാരനെ ആദ്യമായി അടുത്തുകണ്ടപ്പോള്‍ അവന്റെയുളളില്‍ ഉണര്‍ന്ന കൗതുകങ്ങള്‍, അദ്ഭുതം, ആരാധന..ശ്രീനിയേട്ടാ, അടുത്തപ്പോള്‍ അതൊന്നും ഒട്ടും കുറഞ്ഞില്ല.. എത്രേയോ ഇരട്ടിയായി കൂടിയിട്ടേയുളളൂ.ഓരോ തവണ കാണുമ്പോഴും പുതിയ ഒരു ശ്രീനിവാസന്‍ , പുതിയ ഒരു കാഴ്ചപ്പാട്, പുതിയ ഒരു കഥ. അതായിരുന്നു അദ്ദേഹം. എന്തിന് രണ്ട് മാസം മുമ്പ് കണ്ടപ്പോഴും ഒരു കഥയുടെ പ്‌ളോട്ടുണ്ടായിരുന്നു അദ്ദേഹത്തിന് പറയാന്‍...
മുപ്പത് കൊല്ലം മുമ്പ് ലാല്‍ജോസാണ് സംവിധാനം ചെയ്യുന്നതെങ്കില്‍ താന്‍ എഴുതാം എന്ന് അദ്ദേഹം പറഞ്ഞ ആ നിമിഷം! അപ്രന്റീസും ജൂനിയര്‍ അസിസ്റ്റന്റും ഒക്കെയായി ഓടിപാഞ്ഞുനടന്ന ചെറുപ്പക്കാരന് അസോസിയേറ്റ് ഡയറക്ടര്‍ എന്ന കുറേക്കുടി വേതനവും പദവിയും ഉളള പദവിയിലേക്ക് സ്ഥാനകയറ്റം കിട്ടിയിട്ടേയുണ്ടായിരുന്നുളളൂ.. കല്ല്യാണം ജസ്റ്റ് കഴിഞ്ഞിട്ടേയുളളൂ..സംവിധാനം എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് നടപടിയായില്ലെങ്കില്‍ ജീവിതം വഴിമുട്ടുമെന്ന പേടി..അന്ന് ആ ചെറുപ്പക്കാരന്റെ ഏക ധൈര്യം ശ്രീനിയേട്ടന്റെ ഉളളിന്റെ ഉളളില്‍ അടുത്തവര്‍ഷങ്ങളില്‍ എന്നെങ്കിലും തെളിഞ്ഞേക്കാന്‍ സാധ്യതയുളള ഒരു 'കനവ്' ആയിരിന്നു..രണ്ട് രണ്ടരവര്‍ഷം ആ കനവിനായി ഞങ്ങള്‍ ഒരുമിച്ചിരുന്നു..അത് മറവത്തൂര്‍ കനവായി..ലാല്‍ ജോസ് സംവിധായകനായി.
സിനിമയെ എന്നല്ല, ലോകത്തേയും ജീവിതത്തേയും എല്ലാത്തിനേയും അമ്പരപ്പോടെ മാത്രം നോക്കിനിന്നിരുന്ന ഒറ്റപാലംകാരന്‍ പയ്യന് അവന്റെ ലോകത്തിലേക്ക് സഞ്ചരിക്കാനുളള ദിശ നല്‍കിയ വടക്ക് നോക്കിയന്ത്രമാണ് ഇന്നലെ നിശ്ചലമായത്. അദ്ദേഹത്തിന്റെ തിരക്കഥയില്‍ ഞങ്ങളൊരുമിച്ച് ഇനിയുമൊരു സിനിമയുണ്ടെന്ന് മറവത്തൂര്‍ കനവ് റിലീസായി എണ്‍പത്തിനാലാം ദിവസം കയ്യടിച്ച് പറഞ്ഞൊരു വാക്ക്..പലവുരു പലകഥകളുമായി ഇരുന്നെങ്കിലും ആ വാക്ക് പാലിക്കാനായില്ല..എങ്കിലും അപാര സുന്ദരമായ അദ്ദേഹത്തിന്റെ സിനിമാജീവിതത്തിന്റെ ഓരത്ത് ഒരു ചെറു മൈല്‍ക്കുറ്റിയായി ഞാനും ഉണ്ടായല്ലോ.. എനിക്ക് വഴിയും വെളിച്ചവും കാട്ടിതന്ന ആ മഹാപ്രതിഭയെ മനസ്സാല്‍ നമിക്കുന്നു..ഉളളകാലം എന്നും ഓര്‍ക്കും..ആത്മാവിനായി പ്രാര്‍ത്ഥിക്കും..ശ്രീനിയേട്ടാ വിട!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates