

പ്രിയപ്പെട്ടവരുടെ കത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രവാസിയുടെ ജീവിതം. പങ്കജ് ഉധാസ് സംഗീത പ്രേമികളുടെ ഹൃദയം കവരുന്നത് 'ചിട്ടി ആയീ ഹെ' എന്ന ഗാനത്തിലൂടെയാണ്. ഇന്ത്യന്‍ ജീവിതത്തെക്കുറിച്ച് ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന ഗാനത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. ഗസല്‍ രാജകുമാരനായുള്ള പങ്കജിന്റെ യാത്ര ഈ ഗാനത്തില്‍ നിന്നായിരുന്നു.
നാല് പതിറ്റാണ്ടിലേറെ സംഗീത രംഗത്തു നിറഞ്ഞു നിന്നിരുന്ന ഗസല്‍ മാന്ത്രികന്‍റെ അപ്രതീക്ഷിത വിയോഗം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. 73ാം വയസിലായിരുന്നു പ്രിയഗായകന്റെ അന്ത്യം. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഫരീദയാണ് പങ്കജ് ഉധാസിന്റെ ഭാര്യ.
ഗുജറാത്തിലെ ജറ്റ്പൂരില്‍ 1951 മേയ് 17നാണ് പങ്കജ് ഉധാസിന്റെ ജനനം. സംഗീതതല്‍പ്പരരായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. എങ്കിലും വിദ്യാഭ്യാസത്തിനായിരുന്നു പ്രഥമ പരിഗണന നല്‍കിയിരുന്നത്. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ അവരുടെ ഗ്രാമത്തിലെ ആദ്യത്തെ ബിരുദധാരിയായിരുന്നു. ഡോക്ടര്‍ ആകണം എന്നായിരുന്നു പങ്കജിന്റെ ആഗ്രഹം. എന്നാല്‍ സംഗീതത്തോടുള്ള താല്‍പ്പര്യത്തില്‍ തബലയും ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചു.
ചെറുപ്പം മുതല്‍ സംഗീതത്തില്‍ സജീവമായിരുന്നു പങ്കജ്. അദ്ദേഹത്തിന്റെ സഹോദരന്മാരായ മന്‍ഹാറും നിര്‍മലുമാണ് പാട്ടിന്റെ ലോകത്തേക്ക് പങ്കജിനെ കൈപിടിച്ച് കയറ്റുന്നത്. അഞ്ച് വയസിലായിരുന്നു ആദ്യമായി സ്റ്റേജില്‍ കയറി പാട്ടുപാടുന്നത്. അന്ന് ലഭിച്ച 51 രൂപയായിരുന്നു ആദ്യത്തെ പ്രതിഫലം.
എല്ലാ കാലത്തും പങ്കജിന്റെ ഹൃദയം ഗസലിനൊപ്പമായിരുന്നു. ഇന്ത്യന്‍ സംഗീത ലോകത്തേക്ക് അദ്ദേഹം കാലെടുത്തുവെക്കുന്നതും ഗസല്‍ ഗാനങ്ങളിലൂടെയാണ്. 1980ല്‍ പുറത്തിറങ്ങിയ ആഹട് എന്ന ഗസല്‍ ആല്‍ബത്തിലൂടെയായിരുന്നു പങ്കജ് ശ്രദ്ധേയനാവുന്നത്. എന്നാല്‍ അതിനു മുന്‍പ് തന്നെ കാനഡയില്‍ നിരവധി ഷോകള്‍ അദ്ദേഹം ചെയ്തിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
1986ല്‍ പുറത്തിറങ്ങിയ 'നാം' എന്ന ചിത്രത്തിലെ ചിട്ടി ആയി ഹെ എന്ന ഗാനത്തിലൂടെയാണ് പങ്കജ് പിന്നണി ഗായകന്‍ എന്ന നിലയില്‍ ബോളിവുഡില്‍ ചുവടുറപ്പിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ ജീവിതം വരച്ചുവച്ച ഗാനം പ്രവാസികള്‍ക്കിടയില്‍ വലിയ രീതിയില്‍ ശ്രദ്ധേയമായി. ചാന്ദി ജൈസ രംഗ് ഹേ തെരാ, സോനെ ജെയ്‌സെ ബാല്‍, നാ കജ്രെ കി ധാര്‍, ആജ് ഫിര്‍ തും പെ, തുടങ്ങിയവയാണ് പ്രധാന ഗാനങ്ങള്‍. സാജന്‍, യേ ദില്ലഗി, മോഹ്‌റ തുടങ്ങിയ സിനിമകളില്‍ ഗാനം ആലപിച്ചിട്ടുണ്ട്. 2006 ലാണ് പങ്കജ് ഉധാസിനെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates