

പിള്ളേരുടെ അച്ഛാ, ദേ നോക്കൂ, ചേട്ടാ, ഏട്ടൻ, ഇച്ചായൻ... അങ്ങനെ പല കാലങ്ങളിലായി കേരളത്തിലെ സ്ത്രീകൾ പൊതുവേ അവരുടെ ഭർത്താക്കൻമാരെ വിളിച്ചിരുന്നത് ഇങ്ങനെ ഒക്കെയാണ്. പണ്ടു കാലത്ത് ഭർത്താവിന് ഭാര്യയേക്കാൾ പ്രായം കൂടുതലായിരിക്കുക പതിവായിരുന്നു. അതിനാൽ മുതിർന്ന ഒരാളോട് എന്ന നിലയിലുള്ള ബഹുമാനാർഥമായിരുന്നു ഇത്തരം വിളികൾക്ക് കാരണമായിരുന്നത്.
എന്നാൽ കാലക്രമേണ ഇത്തരം വിളികളൊക്കെ മാറി, ഇന്നിപ്പോൾ പലരും പേര് തന്നെയാണ് പരസ്പരം വിളിക്കാറ്. ഇപ്പോഴിതാ ഭർത്താവിനെ താൻ ചേട്ടാ എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് പറയുകയാണ് നടി ലെന. ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണനെ പ്രശാന്തേട്ടാ എന്നാണ് ലെന പറയാറ്. സമകാലിക മലയാളത്തോട് സംസാരിക്കവേയാണ് ലെന ഇക്കാര്യം പറഞ്ഞത്.
"ഭർത്താവിനെ എന്തിനാണ് ചേട്ടാ എന്ന് വിളിക്കുന്നത് എന്ന് എന്റെ സുഹൃത്തുക്കൾ എന്നോട് ചോദിച്ചിട്ടുണ്ട്. ദുബൈയിൽ എന്റെ ഒരു സുഹൃത്തുണ്ട്. അവർ ഭാര്യയും ഭർത്താവും ഒരേ പ്രായക്കാരാണ്. അവൾ അവളുടെ ഭർത്താവിനെ ചേട്ടാ എന്നാണ് വിളിക്കുന്നത്. ഒരു ദിവസം അവൾ എന്നോട് പറഞ്ഞു, അവരുടെ അമ്മൂമ്മ അവളോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്, ചേട്ടാ എന്ന് കൂടി ചേർത്ത് വിളിച്ചാൽ സ്വാഭാവികമായും അവരോട് ബഹുമാനം വരുമെന്ന്.
ഞാൻ അൽപ്പം പരുക്കൻ രീതിയിൽ സംസാരിക്കുന്ന ആളാണ്. അപ്പോൾ നമ്മൾ സംസാരിക്കുമ്പോൾ ചേട്ടാ എന്നൊക്കെ ചേർത്ത് പറയുമ്പോൾ സ്വാഭാവികമായും അവിടെയൊരു ബഹുമാനം വരും. ആ കുട്ടിയുടെ അമ്മൂമ്മ ആ കുട്ടിയോട് പറഞ്ഞ കാര്യമാണിത്. ഞാനിത് കേട്ട് കഴിഞ്ഞപ്പോൾ ആലോചിച്ചു. സ്വാഭാവികമായി ബഹുമാനത്തോടെ സംസാരിക്കാൻ അത്ര പ്രയത്നിക്കുന്ന ഒരാളല്ല ഞാൻ.
പബ്ലിക് ആയി സംസാരിക്കുമ്പോൾ ആണ് ഞാൻ പ്രശാന്തേട്ടൻ എന്ന് പറയുന്നത്. വീട്ടിൽ ഞാൻ അങ്ങനെ വിളിക്കാറില്ല. വീട്ടിൽ ഞാൻ അദ്ദേഹത്തെ വേറൊരു പേരാണ് വിളിക്കുന്നത്. അത് ഞാൻ പറയുന്നുമില്ല. ഞാൻ അദ്ദേഹത്തോട് സംസാരിക്കുമ്പോൾ പ്രശാന്തേട്ടാ എന്ന് വിളിച്ച് സംസാരിക്കാറില്ല. പക്ഷേ ഞാൻ അദ്ദേഹത്തെക്കുറിച്ച് മറ്റൊരാളോട് പറയുമ്പോൾ പ്രശാന്തേട്ടൻ എന്നാണ് പറയാറ്. അദ്ദേഹം എന്നേക്കാൾ അഞ്ച് വയസിന് മൂത്തത് ആണ്".- ലെന പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates