

ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ആരാധകരുള്ള നടൻമാരിലൊരാളാണ് രജനികാന്ത്. സൂപ്പർ താരത്തിന്റെ പൊതുജീവിതവും ആത്മീയ ജീവിതവുമൊക്കെ ആരാധകരെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. ഇപ്പോഴിതാ രജനികാന്ത് വ്യാജ മനുഷ്യ സ്നേഹിയാണെന്ന് പറയുകയാണ് സംവിധായകൻ ലെനിൻ ഭാരതി.
അടുത്തിടെ കളഞ്ഞു കിട്ടിയ 45 പവൻ സ്വർണാഭരണങ്ങൾ ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച ശുചീകണത്തൊഴിലാളിയെയും കാലങ്ങളായി അഞ്ച് രൂപയ്ക്ക് പൊറോട്ട വിൽക്കുന്ന തന്റെ ആരാധകനെയും രജനികാന്ത് തന്റെ വീട്ടിലേക്ക് ക്ഷണിച്ച് അനുമോദിക്കുകയും വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലെനിൻ ഭാരതിയുടെ പ്രതികരണം.
ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്റെ ആസ്ഥാനമായ റിപ്പൺ ബിൽഡിങ്ങിന്റെ പ്രവേശന കവാടത്തിൽ തൊഴിലാളികൾ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടുമ്പോൾ രജനികാന്ത് എവിടെയായിരുന്നുവെന്നും ലെനിൻ ഭാരതി ചോദിക്കുന്നു.
റിപ്പൺ ബിൽഡിങ്ങിന്റെ പ്രവേശന കവാടത്തിൽ ശുചീകരണ തൊഴിലാളികൾ അവരുടെ അവകാശങ്ങൾക്കായി പോരാടുമ്പോൾ താങ്കൾ എവിടെയായിരുന്നു അവരുടെ യൂണിഫോം നോക്കി മാത്രം തിരിച്ചറിഞ്ഞാണോ നിങ്ങളുടെ മഹാമനസ്കത പ്രകടിപ്പിക്കുന്നത് ?. വ്യാജ മനുഷ്യസ്നേഹി- ലെനിൻ ഭാരതി എക്സിൽ കുറിച്ചു.
അതേസമയം ലെനിൻ ഭാരതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. 'മറ്റുള്ളവരിൽ തെറ്റുകൾ കണ്ടെത്താൻ ശ്രമിക്കുന്നത് അത്ര നല്ല ശീലമല്ല സാർ'.- എന്നാണ് ഒരാൾ കുറിച്ചത്. "അത് സർക്കാരോ രാഷ്ട്രീയക്കാരോ ചെയ്യണം. അത് അദ്ദേഹത്തിന്റെ ജോലിയല്ല."- എന്നാണ് മറ്റൊരാൾ കുറിച്ചത്.
ജയിലർ 2 ആണ് രജനികാന്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. വിവിധ ഇൻഡസ്ട്രികളിൽ നിന്നുള്ള സൂപ്പർ താരങ്ങളടക്കം സിനിമയിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ വൻ ഹൈപ്പാണ് ലഭിക്കുന്നത്. കേരളത്തിലും ചിത്രത്തിന്റെ ചിത്രീകരണം നടന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates