'വാലിബൻ ഫെരാരിയുടെ എൻജിൻ വച്ച് ഓടുന്ന വണ്ടിയല്ല'; ഹേറ്റ് ക്യാമ്പയിനിൽ പ്രതികരിച്ച് ലിജോ ജോസ് പെല്ലിശ്ശേരി
മലൈക്കോട്ടൈ വാലിബൻ ചിത്രത്തിനെതിരെ വ്യാപകമായി തുടരുന്ന ഹേറ്റ് ക്യാമ്പയിനിൽ പ്രതികരിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. നെഗറ്റീവ് റിവ്യൂവിനെ പറ്റി ചിന്തിക്കുന്നില്ല.വാലിബന് ഒരു മുത്തശ്ശി കഥയുടെ വേഗത മാത്രമാണ് ഉള്ളത്. നമ്മുടെ കാഴ്‌ച മറ്റൊരാളുടെ കണ്ണിലൂടെയാകരുതെന്നും വാർത്തസമ്മേളനത്തിൽ ലിജോ പറഞ്ഞു. സിനിമ സ്വീകരിക്കപ്പെട്ടില്ലെങ്കിൽ ഇതിന്റെ സീക്വലും പ്രീക്വലും ആലോചിക്കാൻ കഴിയില്ലെന്നും ലിജോ കൂട്ടിച്ചേർത്തു.
‘ഇന്നലെ രാവിലെ ഫസ്റ്റ് ഷോ കഴിഞ്ഞത് മുതൽ ഈ സിനിമയ്ക്കെതിരെ വലിയ രീതിയിൽ ആക്രമണം തുടരുകയാണ്. രാവിലെ ഷോ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം എപ്പോഴും സത്യമാവണമെന്നില്ല. രാവിലെ ആറു മണിക്കു കാണുന്ന ഓഡിയൻസും വൈകിട്ട് വരുന്ന ഓഡിയൻസും രണ്ടും രണ്ടാണ്. പക്ഷേ നിർഭാഗ്യവശാൽ രാവിലെ ഷോ കഴിഞ്ഞുവരുന്ന ഓഡിയൻസ് പറഞ്ഞു പരത്തുന്ന അഭിപ്രായമാണ് എല്ലാവരുടെയും വൈബായി മാറുന്നത്. അത് സമൂഹമാധ്യമങ്ങളിലും പ്രതിഫലിപ്പിക്കുന്നു. എന്തിനാണ് ഈ വിദ്വേഷം നടത്തുന്നത്. എന്ത് ഗുണമാണ് ഇതിൽ നിന്ന് ലഭിക്കുന്നത്. ഏറ്റവും വലിയ പ്രൊഡക്ഷൻ വാല്യൂ ഉള്ള സിനിമയാണിത്. ഫാന്റസി കഥയിൽ വിശ്വസിച്ച് എടുത്ത സിനിമ. ഇത്ര വൈരാഗ്യം എന്തിനാണ്- ലിജോ പറഞ്ഞു.
വാലിബൻ എന്നു പറയുന്നത് ഫെരാരിയുടെ എൻജിൻ വച്ച് ഓടുന്ന വണ്ടിയല്ല. ഒരു മുത്തശ്ശിക്കഥയുടെ വേഗതമാത്രമാണ് ഇതിനുള്ളത്. അതിൽ ഒളിപ്പിച്ചിരിക്കുന്നത് വലിയ കാഴ്ചകളാണ്. അതിന്റെ വേഗത കുറേ മുകളിലാണ്. അതിനു വേഗത പോരാ എന്നു പറയുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്. കണ്ടു പരിചയിച്ച സിനിമകളുടെ വേഗതയും കഥ പറയുന്ന രീതിയും വേണമെന്ന വാശി എന്തിനാണെന്നും ലിജോ ചോദിച്ചു.
'സിനിമ ഇറങ്ങിയ ശേഷം അതിയായ സന്തോഷിക്കുകയോ അതിയായ ദുഃഖം ഉണ്ടാകുകയോ ചെയ്യുന്ന ആളല്ല ഞാൻ, പക്ഷേ ഈ സിനിമ ഇറങ്ങിയ ശേഷം ഷോക്കിങ് ആയിട്ടുള്ള കാര്യമാണ് ഉണ്ടായത്. മനസ്സ് മടുത്തത് കൊണ്ട് തന്നെയാണ് ഇവിടെ വന്ന് ഒറ്റയ്ക്കിരിക്കേണ്ട സാഹചര്യം ഉണ്ടായത്. ഇപ്പോഴും എന്‍റെ പദ്ധതിയിൽ ഒരു വ്യത്യാസവും വരുത്താൻ ആഗ്രഹിക്കുന്നില്ല. ഞാനിനിയും ഇതുപോലെ തന്നെ മുന്നോട്ടുപോകും' അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

