

ബോക്‌സ് ഓഫീസില്‍ തരംഗമായി മാറിയിരിക്കുകയാണ് ലോക ചാപ്റ്റര്‍ 1: ചന്ദ്ര. കല്യാണി പ്രിയദര്‍ശന്‍ ടൈറ്റില്‍ വേഷത്തിലെത്തിയ ചിത്രത്തിന്റെ സംവിധാനം അരുണ്‍ ഡൊമിനിക് ആണ്. കല്യാണിയ്‌ക്കൊപ്പം നസ്ലെന്‍, സാന്‍ഡി, അരുണ്‍ കുര്യന്‍, ചന്തു സലീം കുമാര്‍, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയാണ് ലോക. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍ ചിത്രങ്ങളെ പിന്നിലാക്കിക്കൊണ്ട് കല്യാണിയുടെ സൂപ്പര്‍ ഹീറോ ചിത്രം ബോക്‌സ് ഓഫീസ് ഇളക്കി മറിക്കുകയാണ്.
ആദ്യ ദിവസം ഒപ്പമിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വ്വത്തിന്റെ തൊട്ട് പിന്നിലായിരുന്നു ലോകയുടെ കളക്ഷന്‍. എന്നാല്‍ ചിത്രത്തിന് ലഭിച്ച ഇടിവെട്ട് പ്രതികരണങ്ങള്‍ വരും ദിവസങ്ങള്‍ ചന്ദ്രയുടേതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. പ്രദര്‍ശിപ്പിക്കുന്ന മിക്ക തിയേറ്ററുകളും നിറഞ്ഞോടുകയാണ് ലോക. പലയിടത്തും ഷോകളുടെ എണ്ണം കൂട്ടേണ്ടി വന്നിട്ടുണ്ട്. അതിരാവിലേയും പാതിരാത്രിയും വരെ പുതിയ ഷോകള്‍ ചേര്‍ക്കേണ്ടി വന്നിട്ടുണ്ട്.
രണ്ടാം ദിവസം പിന്നിടുമ്പോള്‍ ഇത്തവണത്തെ ഓണം വിന്നറായി ബഹുദൂരം മുന്നിലാണ് ലോകയുള്ളത്. രണ്ടാം ദിവസം മാത്രം ലോക കേരളത്തില്‍ നിന്ന് നേടിയത് 3.75 കോടി രൂപയാണ്. ആഗോളതലത്തില്‍ 15 കോടിയോളം നേടിയതായാണ് കണക്കാക്കുന്നത്. ലോകയ്ക്ക് മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും കയ്യടി നേടാന്‍ സാധിച്ചിട്ടുണ്ട്. തെലുങ്കില്‍ ട്രെന്റായി മാറുകയാണ് ചിത്രം. ഇന്ന് മുതലാണ് ലോകയുടെ തമിഴ് പതിപ്പ് റിലീസാവുക. ഇതുകൂടെ വന്നു കഴിഞ്ഞാല്‍ ലോക പാന്‍ ഇന്ത്യന്‍ ബ്ലോക്ബസ്റ്റായി മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ബുക്ക് മൈ ഷോയില്‍ ട്രെന്റിംഗില്‍ മറ്റ് സിനിമകളെയെല്ലാം പിന്നാലാക്കിയിരിക്കുകയാണ് ലോക. 24 മണിക്കൂറിനിടെ ലോക 265k ടിക്കറ്റുകളാണ് വിറ്റു പോയത്. ഒപ്പമിറങ്ങിയ സിനിമകളില്‍ തൊട്ട് പിന്നിലുള്ള ഹൃദയപൂര്‍വ്വത്തിന്റെ 6k ടിക്കറ്റുകളാണ് കഴിഞ്ഞ ഒരു മണിക്കൂറില്‍ വിറ്റുപോയതെങ്കില്‍ ലോകയ്ക്ക് ഇത് 12k ആണ്. മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിനേയും ഫഹദ് ഫാസില്‍-അല്‍ത്താഫ് സലീം കൂട്ടുകെട്ടിനേയുമാണ് ലോകയിലൂടെ കല്യാണി പ്രിയദര്‍ശന്‍-നസ്ലെന്‍ കൂട്ടുകെട്ട് പിന്നിലാക്കിയിരിക്കുന്നത്.
കല്യാണിയുടേതടക്കമുള്ള ആക്ഷന്‍ രംഗങ്ങള്‍ക്ക് പുറമെ നിമിഷ് രവിയുടെ ഛായാഗ്രഹണവും ജേക്‌സ് ബിജോയിയുടെ സംഗീതവും പ്രശംസിക്കപ്പെടുന്നുണ്ട്. ഡൊമിനിക് അരുണിന്റെ എഴുത്തും സംവിധാനവും കയ്യടി നേടുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച സിനിമയുടെ അഡീഷണല്‍ തിരക്കഥയെഴുതി നടി ശാന്തി ബാലകൃഷ്ണനും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ലോകയുടെ ലോകത്തെ അടുത്ത സിനിമള്‍ക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates