

കോപ്പി റൈറ്റ് വിഷയത്തില്‍ ന്യായം ഇളയരാജയുടെ ഭാഗത്താണെന്ന് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. തന്റെ പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നതിനെ നിയമപോരാട്ടത്തിലൂടെ ഇളയരാജ നേരിടുന്നത് പലപ്പോഴായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സംഗീത സംവിധായകര്‍ക്കും ഗാന രചയിതാക്കള്‍ക്കുമാണ് പാട്ടിന്റെ റോയല്‍റ്റിയുടെ അവകാശമെന്നും അവര്‍ക്ക് ചെറിയൊരു തുക നല്‍കുന്നതില്‍ തെറ്റില്ലെന്നുമാണ് എം ജയചന്ദ്രന്‍ പറയുന്നത്.
ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ അതിഥിയായി എത്തിയതായിരുന്നു എം ജയചന്ദ്രന്‍. തന്റെ വസ്തുവില്‍ മറ്റൊരാള്‍ കൈ കടത്തുമ്പോള്‍ അദ്ദേഹത്തിന് സംസാരിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും ജയചന്ദ്രന്‍ പറയുന്നു.
''അതിലൊരു വിവാദത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. രാജ സാര്‍ പറയുന്നത് സത്യമായ കാര്യമാണ്. പല സംഗീത സംവിധായകരും വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടാണ് പോയിട്ടുള്ളത്. എടി ഉമ്മര്‍ സാറിനെപ്പോലുള്ള പലരേയും നമുക്കറിയാം. ആ സമയങ്ങളിലൊക്കെ അവരുടെ പാട്ടുകള്‍ക്ക് ഇതുപോലുള്ള റോയല്‍റ്റി കിട്ടിയുരുന്നുവെങ്കില്‍, ചെറിയതാണെങ്കില്‍ പോലും, അവര്‍ക്കത് എത്രയധികം സഹായമാകുമായിരുന്നു'' ജയചന്ദ്രന്‍ പറയുന്നു.
''പാട്ടിന്റെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി എന്ന് പറയുമ്പോള്‍ വരികളുടെ അവകാശം ഗാനരചയിതാവിന്റേതും സംഗീതത്തിന്റേത് സംഗീത സംവിധായകനുമാണ്. അത് ഒരു പ്രൊഡക്ഷന് കൊടുത്താല്‍ പോലും ഈ ഇന്റല്ക്ച്വല്‍ പ്രോപ്പര്‍ട്ടി അവരുടേതാണ്. ഗായകര്‍ വേദികളില്‍ പാടുമ്പോള്‍ അവര്‍ക്ക് വലിയ തുക പ്രതിഫലം ലഭിക്കുന്നുണ്ട്. അതിന്റെ ഒരു ചെറിയ ശതമാനം, ഒരു ലക്ഷം രൂപ കിട്ടുമ്പോള്‍ ആയിരം രൂപ സംഗീത സംവിധായകനും ഗാനരചയിതാവിനും കിട്ടിയാല്‍ നന്നാകും. കാരണം അവര്‍ പാടുന്നത് ഒറിജനല്‍ അല്ല, അവരുണ്ടാക്കിയതല്ല''.
''ഞാന്‍ മനസിലാക്കുന്നത്, ഈയ്യടുത്ത് വന്നൊരു കോടതി വിധി പറഞ്ഞത് ഏവിടെ പരിപാടി അവതരിപ്പിച്ചാലും സംഗീത സംവിധായകനും ഗാനരചയിതാവിനും ചെറിയ തുക റോയല്‍റ്റിയായി കൊടുക്കണം എന്നാണ്. ഇളയരാജ സാറിനെ സംബന്ധിച്ച്, തന്റെ ഒത്തിരി പാട്ടുകളുടെ കോപ്പി റൈറ്റ് അദ്ദേഹത്തിന് തന്നെയുണ്ട്. അദ്ദേഹം തന്നെയാണ് അതിന്റെ പ്രൊഡ്യൂസറുമാണ്. അതിനാല്‍ അദ്ദേഹം തന്നെയാണ് തീരുമാനമെടുക്കേണ്ടതും. തന്റെ വസ്തുവില്‍ മറ്റൊരാള്‍ കൈ കടത്തുമ്പോള്‍ അദ്ദേഹത്തിന് സംസാരിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു'' എന്നും അദ്ദേഹം പറയുന്നു.
''ഇത് വളരെ കഷ്ടപ്പെട്ട് പാടുന്ന പാട്ടുകാരെക്കുറിച്ചല്ല പറയുന്നത്. വളരെയധികം ചൂഷണം ചെയ്യപ്പെടുന്നുണ്ട്. ചാനലുകാര്‍ അവര്‍ക്ക് പണം ഉണ്ടാക്കാന്‍ വേണ്ടിയാണ് ചെയ്യുന്നത്. അതിനൊരു റോയല്‍റ്റി കൊടുക്കുക. എനിക്കും കിട്ടുന്നുണ്ട്. രണ്ടായിരവും മൂവായിരവും ചില മാസങ്ങളില്‍ വരും. ചിലപ്പോള്‍ നല്ലൊരു തുകയും കിട്ടും. അപ്പോള്‍ സന്തോഷം തോന്നും. പണം കിട്ടുന്നുവെന്നതല്ല, നമുക്ക് കിട്ടാന്‍ അര്‍ഹമായത് കിട്ടുന്നുവെന്നതാണ് കാര്യം''.
നേരത്തെ ജോണ്‍സേട്ടനും രവീന്ദ്രന്‍ മാസ്റ്റര്‍ക്കുമെക്കെ ഇത് കിട്ടിയിരുന്നുവെങ്കില്‍, അവരുടെയൊക്കെ ജീവിതം എത്രത്തോളം മെച്ചമായേനെ എന്ന് ആലോചിക്കുമ്പോള്‍ സങ്കടമുണ്ട് എന്നും എം ജയചന്ദ്രന്‍ കൂട്ടിച്ചേര്‍ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
