

താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആളിക്കത്തവേ സംഘടനയിലെ സ്ത്രീകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലുണ്ടായ വിഷയങ്ങൾ വെളിപ്പെടുത്തി മാല പാർവതി. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ചിലർ ഒരുക്കിയ തന്ത്രങ്ങളുടെ ഭാഗമാണ് ആ ഗ്രൂപ്പെന്നും അതിൽ പങ്കുവച്ച കാര്യങ്ങൾ ഒരു യൂട്യൂബർക്ക് ചോർത്തിക്കൊടുത്തത് അതിലെ അംഗം തന്നെയാണെന്നും മാലാ പാർവതി ആരോപിച്ചു.
ഗ്രൂപ്പിൽ ചർച്ച ചെയ്യുന്ന കാര്യങ്ങൾ പുറത്തു പങ്കുവയ്ക്കരുതെന്നും അങ്ങനെ ചെയ്താൽ നടപടിയുണ്ടാകുമെന്ന് ആവർത്തിച്ച അഡ്മിൻ പാനലിലെ അംഗം തന്നെ ഗ്രൂപ്പിലെ വിവരങ്ങൾ ചോർത്തി കൊടുക്കുന്നതിലുള്ള ആശങ്കയും മാല പാർവതി പങ്കുവച്ചു. ഉഷ ഹസീനയെ പേരെടുത്ത് പരാമർശിച്ചാണ് മാല പാർവതിയുടെ പോസ്റ്റ്.
മാല പാർവതിയുടെ വാക്കുകൾ
‘‘മോഹൻലാൽ മാറിയതിന് ശേഷം ഉണ്ടായ അധികാര വടം വലിയിൽ, സീറ്റുറപ്പിക്കാൻ തുടങ്ങിയ ഗ്രൂപ്പിൽ അഡ്മിൻ മുമ്പോട്ട് വച്ചിരുന്ന നിർദേശം, അഥവാ നിയമം ഈ ഗ്രൂപ്പിലെ വാർത്തകൾ പുറത്ത് വിടരുത് എന്നതായിരുന്നു. ശരിയാണ്, ഒരുപാട് സെലിബ്രിറ്റീസ് ഉള്ള ഗ്രൂപ്പിൽ നിന്ന് വാർത്തകൾ പുറത്ത് പോകുന്നത്, ഡാറ്റ ചോർച്ച എന്ന നിലയ്ക്ക് തന്നെ കരുതപ്പെടാവുന്ന ഗുരുതര തെറ്റ് തന്നെയാണ്.
എന്നാൽ ജൂലൈ 16ന് ഒരു യൂട്യൂബ് ചാനലിൽ, താര സംഘടനയിൽ ജാതിവല്ക്കരണവും, കാവി വല്ക്കരണവും എന്ന പേരിൽ ഇറങ്ങിയ വിഡിയോയിൽ, ഞെട്ടിക്കുന്ന ഒരു കാര്യം കണ്ടു. പത്ത് മിനിറ്റ് 52 സെക്കൻഡ് ഉള്ള വിഡിയോയിൽ, (- 6.05) -ൽ ഒരു സ്ക്രീൻ ഷോട്ട് പ്രത്യക്ഷമാവുന്നുണ്ട്. ഗ്രൂപ്പിന്റെ ആധികാരികത കാണിക്കാൻ ചെയ്തതാണ്. എന്നാൽ ആ സ്ക്രീൻ ഷോട്ടിൽ നാലാമത്തെ നമ്പർ.
‘മൈ നമ്പർ’ എന്നാണ് കിടക്കുന്നത്. അപ്പോൾ ആ ഫോണിൽ നിന്നാണ് ആ സ്ക്രീൻ ഷോട്ട് പോയിരിക്കുന്നത്. അതു അഡ്മിന്റെ ഫോണിൽ നിന്ന് തന്നെ. സ്ക്രീൻ ഷോട്ടിലെ മൈ നമ്പർ, നാലാമതാണ് വന്നിരിക്കുന്നത്. ഗ്രൂപ്പ് അംഗങ്ങൾക്ക് അത് ഉഷ ഹസീന ആണ്. അങ്ങനെ വാട്സ്ആപ്പ് രൂപീകരിച്ച്, യൂട്യൂബർക്ക് എക്സ്ക്ലൂസിവ് കണ്ടന്റ് കൊടുക്കുന്നതിൽ, വലിയ പ്രതിഷേധം അംഗങ്ങൾക്കിടയിൽ ഉണ്ടായി.
പിന്നീടങ്ങോട്ട് യൂട്യൂബര്‍ ‘അമ്മ’യിൽ നടക്കുന്നതും, നടക്കാനിരിക്കുന്നതുമായ എല്ലാ വിവാദങ്ങളും മുൻ കൂട്ടി പ്രവചിക്കാൻ തുടങ്ങി.’’‘അമ്മയിലെ പെൺമക്കൾ’ എന്ന ഗ്രൂപ്പിൽ നിന്ന് പുറത്തുവരാനുള്ള കാരണവും മാല പാർവതി മറ്റൊരു പോസ്റ്റിൽ വെളിപ്പെടുത്തി. ഊർമിള ഉണ്ണി, സീമ ജി.നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവർ ഗ്രൂപ്പ് വിടാനുണ്ടായ സാഹചര്യം തന്നെ അലോസരപ്പെടുത്തിയെന്നും ഗ്രൂപ്പിൽ ‘ഭീഷണിയുടെ സ്വരം’ ഉണ്ടെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും താരം പറഞ്ഞു.
മാല പാർവതിയുടെ പോസ്റ്റ്:
ചില കാര്യങ്ങൾ വിശദമായി തന്നെ പറയേണ്ടതുണ്ട്. അതിനാൽ രണ്ടോ മുന്നോ 'ഫെയ്സ്ബുക്ക് പോസ്റ്റുകളായി, കുറിപ്പുകൾ 'ഇടും. ‘അമ്മയുടെ പെൺമക്കൾ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച്, അമ്മയിലെ വനിതാ അംഗങ്ങളെ, അതിൽ ചേർത്തപ്പോൾ, അഡ്മിൻ പാനൽ പറഞ്ഞത്, ഇത് അമ്മ പറഞ്ഞിട്ട് തുടങ്ങുന്നതാണ് എന്നാണ്. ഇത് ഭാവിയിൽ അമ്മയിലേക്ക് ലയിപ്പിക്കുമെന്നും പറഞ്ഞിരുന്നു.
ഇവിടെ നടക്കുന്നതെല്ലാം അമ്മ അറിയുന്നുണ്ടെന്നും, ഗ്രൂപ്പിലെ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ, അമ്മ നടപടി എടുക്കും എന്നും, ഒരു കാർഡ് തയ്യാറാക്കി ഇടയ്ക്കിടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. ഈ ഗ്രൂപ്പിലെ വാർത്തകൾ പുറത്ത് വിടരുത് എന്നത് തുടങ്ങി, കർശന നിയമങ്ങൾ. എന്നാൽ ‘അമ്മ’യിലെ എല്ലാ അംഗങ്ങളെയും ഒരു പോലെ കാണാൻ അവർക്ക് സാധിച്ചിരുന്നില്ല.
ഊർമിള ഉണ്ണി, സീമ ജി.നായർ തുടങ്ങിയവർ അപമാനിതരായി ഇറങ്ങി പോയപ്പോഴും, പാട്ട് ഉത്സവം പൊടി പൊടിക്കുകയായിരുന്നു. യൂട്യൂബ് വിഡിയോ, ഫോട്ടോ തുടങ്ങിയ കാര്യങ്ങളിൽ കർശന നിയന്ത്രണം പാലിച്ചിരുന്ന ഗ്രൂപ്പ് .. ഒരു അംഗത്തിന്റെ രണ്ട് വീഡിയോകൾ വന്നപ്പോൾ, അതിന് എതിര് പറഞ്ഞില്ല. ഇവർക്ക് നൽകിയ പോലത്തെ പരിഗണന സീമയ്ക്കും, ഊർമിള ഉണ്ണിക്കും നൽകാമായിരുന്നല്ലോ എന്ന് ഞാൻ പൊന്നമ്മ ബാബുവിനെ വിളിച്ച് ചോദിച്ചതും, അഡ്മിനായ പൊന്നമ്മ ബാബു എന്റെ നേരെ ആക്രോശം ഉയർത്തി. ഭീഷണിയിൽ അവിടെ നിൽക്കേണ്ടതില്ല, എന്ന തീരുമാനത്തിൽ ഞാൻ ഇറങ്ങി. ഗ്രൂപ്പിലിട്ട മെസ്സേജ് ചുവടെ ചേർക്കുന്നു.
‘പ്രിയപ്പെട്ടവരെ... മാല പാർവതി ആണ്. ഈ ഗ്രൂപ്പിൽ, തുടക്കത്തിൽ സജീവമായിരുന്നു. സീമ.ജി.നായരുടെ ഫോട്ടോ വിഷയം, മനസ്സിൽ ഒരല്പം അലോസരം ഉണ്ടാക്കി. പിന്നീട് ഊർമിള ഉണ്ണി ചേച്ചി .. അവരുടെ ഒരു സംരംഭത്തെ കുറിച്ച് പോസ്റ്റ് ചെയ്ത വീഡിയോ ഡിലീറ്റ് ചെയ്തപ്പോൾ.. 'അയ്യയ്യോ.. | ഇതെന്താ ഇങ്ങനെ എന്ന് തോന്നി". കർശന നിയമങ്ങളാണല്ലോ.. ‘അമ്മ’യുടെ മക്കൾ എന്ന് പേരുളള ഈ ഗ്രൂപ്പിൽ എന്ന ചിന്തയോടെ മിണ്ടാതെയായി.ഇന്നിപ്പോൾ കാലടി ഓമന ചേച്ചി ഇട്ട വിഡിയോകൾ ഡിലീറ്റ് ചെയ്യാതെ അഡ്മിൻ പാനൽ, പരിഗണന നൽകിയത് കണ്ടപ്പോൾ ആശ്വാസം തോന്നി.
ഈ കൊച്ച് സന്തോഷങ്ങൾ സമ്മാനിക്കുന്നത് നല്ലതാണ് എന്നാണ് എന്റെ അഭിപ്രായം. എങ്കിലും ഊർമിള ഉണ്ണി ചേച്ചിയ്ക്ക് തോന്നിയ വിഷമം എന്റെ മനസ്സിനെ ബാധിക്കുന്നു. എനിക്ക് വ്യക്തി പരമായി അവരെ അറിയില്ല. എന്റെ പ്രശ്നമാണ്. സങ്കടം എന്റെ മാത്രം പ്രശ്നമാണ്. മറ്റൊരു വിഷയം.. ഇതിന്റെ നിയമങ്ങൾ തെറ്റിച്ചാൽ, അമ്മ നടപടി എടുക്കും എന്ന് കാണുന്നതാണ്.
‘അമ്മ’യിൽ ഇപ്പോൾ ഔദ്യോഗിക കമ്മിറ്റി നിലവിൽ ഇല്ലാത്ത അവസ്ഥയാണ്, അപ്പോൾ ഈ തീരുമാനം എടുത്തത് ആരാണ് എന്ന് അറിയാൻ ആഗ്രഹമുണ്ട്. ന്നാമത്തെ വിഷയം.. ഇതിൽ നിന്ന് വോയിസ് നോട്ട്, സ്ക്രീൻ ഷോട്ട് പുറത്ത് പോകുന്നു എന്നും അത് ആരാണെന്ന് മനസ്സിലായിട്ടുണ്ടെന്നും, പുറത്താക്കും എന്നൊക്കെ കേട്ടു.
ഇതിൽ ഒരു ഭീഷണിയുടെ സ്വരമുണ്ട്. സൗഹൃദത്തിന്റെ പേരിൽ, അല്ലെങ്കിൽ സ്നേഹം കൊണ്ട് മാത്രമേ അനുസരിക്കുകയൊള്ളു എന്ന് തീരുമാനമുള്ള ആളാണ് ഞാൻ. പരസ്പരം സംശയം വളർത്തുന്ന ഈ തരം മെസ്സേജുകൾ മനസ്സിനെ അലട്ടുന്നു. ഒരു ശാസനയുടെ സ്വരം ഉള്ളത് എന്നിൽ അലോസരം ഉണ്ടാക്കുന്നു. ശ്രീലത നമ്പൂതിരിയെ പോലെ ഒരു സീനിയർ ആർട്ടിസ്റ്റ് പോയപ്പോഴും, അമ്മയുടെ മക്കളിൽ ഒരു വിഷമവും കണ്ടില്ല. മാത്രമല്ല, ഇലക്‌ഷൻ സമയത്ത് ഇതിൽ കേൾക്കുന്ന പല കാര്യങ്ങളും.. ഒരു പക്ഷപാതം ഉണ്ടാക്കുന്നു.
ഉദാഹരണത്തിന് സരയുവിനെ കുറിച്ച് പറഞ്ഞത്. സ്വതന്ത്രമായ തീരുമാനങ്ങളും, വോട്ടും നൽകാൻ ഈ ഗ്രൂപ്പ് ഒരു തടസ്സമാകുന്നുണ്ട് എന്ന് മനസ്സിലാക്കുന്നതിനാൽ ഞാൻ ഗ്രൂപ്പ് വിടുന്നു. നല്ല വർത്തമാനങ്ങളും, പാട്ടും ഞാനും രസിച്ചിരുന്നു. കാലടി ഓമന ചേച്ചിയുടെ പാട്ട് നല്ല രസമുണ്ടായിരുന്നു.അത് ഇട്ടതിലല്ല ഈ ബലം പിടിത്തത്തിനോടാണ് വിയോജിപ്പ്.
ഗ്രൂപ്പിൽ നിന്ന് ഇറങ്ങുന്നവരുടെ മെസ്സേജുകൾ ഡിലീറ്റ് ചെയ്യുന്ന പതിവിതിൽ ഉണ്ട്. അത് കൊണ്ട് ഉത്തരം കിട്ടുമോന്ന് അറിയില്ല.ഈ ഗ്രൂപ്പ് ഉണ്ടാക്കിയപ്പോൾ എന്നെയും ഓർത്തതിന് നന്ദി. എല്ലാവരോടും സ്നേഹം. ഭീഷണിയുടെ സ്വരം, ജീവിതത്തിൽ അംഗീകരിക്കില്ല എന്നത് കൊണ്ട് ഗ്രൂപ്പിൽ നിന്ന് ഇറങ്ങുന്നു. എല്ലാവർക്കും നന്ദി. ’’ഇങ്ങനെ എഴുതിയാണ് ഗ്രൂപ്പിൽ നിന്ന് ഞാൻ ഇറങ്ങിയത്.
ഇതിന് മറുപടിയായി സരയുവും, അഡ്മിൻ പാനലിലെ ഒരു അഡ്മിനും ഗ്രൂപ്പിൽ, ഈ വാട്ട്സ്ആപ്പ് ഗ്രൂപ്പിന്, അമ്മയുമായി ബന്ധമില്ല എന്ന് പറയുകയുണ്ടായി. അങ്ങനെ ആണെങ്കിൽ, ഈ ഗ്രൂപ്പ് ഉണ്ടാക്കിയത് ആർക്ക് വേണ്ടി? ഈ ഗ്രൂപ്പിലെ വിഷയങ്ങൾ അതാത് സമയത്ത് യൂട്യൂബർ കണ്ടന്റ് ആക്കുന്നുമുണ്ടായിരുന്നു.
‘അമ്മ’യിലെ സ്ത്രീകളുടെ ഒരു മീറ്റിങ് കുക്കു പരമേശ്വരൻ വിളിച്ചു ചേർത്തിരുന്നെന്നും അന്ന് വന്ന ആർട്ടിസ്റ്റുകൾ വെളിപ്പെടുത്തിയ കാര്യങ്ങൾ കാമറയിൽ ഷൂട്ട് ചെയ്തിരുന്നുവെന്നും വെളിപ്പെടുത്തി ഉഷ ഹസീന രംഗത്തു വന്നിരുന്നു. ആ മെമ്മറി കാർഡ് എവിടെയെന്ന് ഉന്നയിച്ചായിരുന്നു ഉഷയുടെ പ്രസ് മീറ്റ്.
ഉഷയെ പിന്തുണച്ച് പൊന്നമ്മ ബാബുവും മാധ്യമങ്ങളെ കണ്ടു. കുക്കു പരമേശ്വരന്റെ കൈവശമാണ് ആ മെമ്മറി കാർഡെന്ന ആരോപണം പൊന്നമ്മ ബാബുവും ഉയർത്തി. തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയ ബാബുരാജിനെ പ്രകീർത്തിച്ചും കുക്കു പരമേശ്വരനെ മോശക്കാരിയാക്കി ചിത്രീകരിച്ചും നടത്തിയ ആ പ്രതികരണത്തിനു പിന്നാലെയാണ് മാല പാർവതിയുടെ ഈ തുറന്നെഴുത്ത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates