'എനിക്ക് 13 വയസുള്ള മകളുണ്ട്, ഈ ചെയ്യുന്നവർ അത് ഓർക്കുന്നുണ്ടോ'യെന്ന് ചോദിച്ച് ശ്വേത പൊട്ടിക്കരഞ്ഞു; മേജർ രവി പറയുന്നു

പത്ത് കൊല്ലം മുമ്പ് അഭിനയിച്ച സിനിമയുടെ പേരിലാണ് ഇപ്പോൾ പരാതി കൊടുത്തിരിക്കുന്നത്.
Shwetha Menon, Major Ravi
Shwetha Menon, Major Raviവിഡിയോ സ്ക്രീൻഷോട്ട്
Updated on
2 min read

നടി ശ്വേത മേനോനെ പിന്തുണച്ച് നടനും സംവിധായകനുമായ മേജർ രവി. അമ്മ സംഘടന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കൊണ്ട് ശ്വേതയ്ക്കെതിരെ നടക്കുന്ന നീക്കമാണിതെന്ന് മേജർ രവി പ്രതികരിച്ചു. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് മേജർ രവിയുടെ പ്രതികരണം. താൻ ശ്വേതയെ വിളിച്ചപ്പോൾ അവർ കരയുകയായിരുന്നുവെന്നും ആ കരച്ചിൽ കേട്ടപ്പോഴാണ് തനിക്ക് വിഷയത്തിന്റെ ​ഗൗരവം മനസിലായതെന്നും മേജർ രവി പറഞ്ഞു.

"വിഷയം അറിഞ്ഞപ്പോൾ ശ്വേതയെ വിളിച്ച് തമാശയായാണ് ചോദിച്ചത്, എന്താണിതെന്ന്. എന്നാൽ ശ്വേത കരയുകയായിരുന്നു. എനിക്ക് 13 വയസുള്ള മകളുണ്ട്. ഈ ചെയ്യുന്നവർ അവളുടെ കാര്യം ഓർക്കുന്നുണ്ടോ എന്നാണ് ശ്വേത എന്നോട് ചോദിച്ചത്. ആ കരച്ചിൽ കേട്ടപ്പോഴാണ് എനിക്കീ വിഷയത്തിന്റെ ഗൗരവം മനസിലായത്. ശ്വേത തെരഞ്ഞെടുപ്പിന് അപേക്ഷ കൊടുത്തതിന് പിന്നാലെയാണ് കേസ് വന്നത്. ആർക്കോ വേണ്ടി ഏതോ ഗുണ്ട ചെയ്ത പണിയാണിത്.

സെൻസർ ബോർഡ് ക്ലിയർ ചെയ്ത സിനിമകളിലാണ് ശ്വേത അഭിനയിച്ചത്. അതും പത്ത് കൊല്ലം മുമ്പ് അഭിനയിച്ച സിനിമയുടെ പേരിലാണ് ഇപ്പോൾ പരാതി കൊടുത്തിരിക്കുന്നത്. ഇത് വ്യക്തിപരമായ വിദ്വേഷം കൊണ്ടാണെന്ന് വ്യക്തമാണ്. എന്നാൽ നീതിപീഠം ഇതെല്ലാം കാണുന്നുണ്ട്. കേസിൽ യാതൊരു തെളിവുമില്ലെന്ന് കാണുന്ന ഘട്ടത്തിൽ, ഒരു പെൺകുട്ടിയുടെ ജീവിതം തുലയ്ക്കാൻ ശ്രമിച്ച ആളുകൾക്ക് ശക്തമായ ശിക്ഷ നൽകണം.

ഇല്ലെങ്കിൽ ആർക്കോ വേണ്ടി കേസ് നൽകാൻ ഇതുപോലെ ആൾക്കാർ വരും. പോണോഗ്രാഫി തിരഞ്ഞപ്പോഴാണ് അയാൾ ഇതൊക്കെയും കണ്ടത്. എന്തിനാണ് അയാൾ തിരയാൻ പോയത്. അയാളാണ് യഥാർഥത്തിൽ ശിക്ഷിക്കപ്പെടേണ്ടത്. കോടതിയിൽ ഇതിനൊക്കെ മറുപടി നൽകേണ്ടി വരും. ഒരാൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിങ്ങൾക്ക് എന്താണ് ഇത്ര അസ്വസ്ഥത? ശ്വേത ആരുടെയും മുന്നിൽ ഓച്ഛാനിച്ചു നിൽക്കാൻ പോകുന്നില്ല. പൊതു സമൂഹം ശ്വേതയോടൊപ്പമുണ്ട്". - മേജർ രവി പറഞ്ഞു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിനുള്ള പത്രിക തള്ളപ്പെട്ട സാന്ദ്ര തോമസിനും മേജർ രവി പിന്തുണ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിനെ എന്തിനാണ് ഇങ്ങനെ ഭയക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. അധികാരക്കസേരയിൽ ഇരിക്കുന്നവരൊക്കെയും അവിടെ നിന്ന് ഇറങ്ങേണ്ട സമയം അതിക്രമിച്ചു എന്നും മേജർ രവി പറഞ്ഞു.

അധികാരത്തിലിരിക്കുന്നവർ നെപ്പോട്ടിസം കാണിക്കുന്ന സമയത്ത് ഒരു സ്ത്രീ ചോദ്യം ചോദിക്കാൻ മുന്നോട്ടു വരുമ്പോൾ അവർക്ക് ഉത്തരം നൽകേണ്ടി വരും. ഇവരെ കേൾക്കണം. പറയുന്നതിൽ കാര്യമുണ്ടെങ്കിൽ അത് പരിഗണിക്കണം എന്നും മേജർ രവി ആവശ്യപ്പെട്ടു. സിനിമാ കോൺക്ലേവിൽ സ്ത്രീകളെയും ദളിതരെയും അധിക്ഷേപിച്ച അടൂർ ഗോപാലകൃഷ്ണനെയും മേജർ രവി വിമർശിച്ചു. എന്തിനാണ് ആ സ്ത്രീയോട് അടൂർ കോപിച്ചത് എന്ന് മേജർ രവി ചോദിച്ചു.

ഞാൻ സംസാരിക്കുമ്പോൾ വേറെയാരും സംസാരിക്കരുത് എന്ന് പറയുന്നത് മാടമ്പിത്തരമാണ്. ചോദ്യങ്ങൾ ചോദിച്ചാൽ ഉത്തരങ്ങൾ നൽകണം. അടൂർ ഗോപാലകൃഷ്ണൻ കുറച്ചു കൂടി പക്വതയോടെ പെരുമാറണമായിരുന്നു എന്നും മേജർ രവി പറഞ്ഞു. ചെയ്ത തെറ്റ് തിരുത്താതെയിരിക്കുന്ന അടൂർ മൂഢസ്വർഗത്തിലാണെന്നും മേജർ രവി വിമർശിച്ചു.

Shwetha Menon, Major Ravi
'ഞാൻ മുൻ‌കൂർ ജാമ്യത്തിന് അപേക്ഷ കൊടുക്കണോ? അതോ ഒളിവിൽ പോണോ?'; ശ്വേതയെ പിന്തുണച്ച് ഇർഷാദ് അലി

റാപ്പർ വേടൻ കഴിഞ്ഞുപോയ കാലത്തുണ്ടായ ജാതി വിവേചനത്തെ പറ്റിയാണ് പാടുന്നതെന്നും അത് ഇന്നത്തെ കാലത്ത് പാടി നടക്കേണ്ട ആവശ്യമില്ലെന്നും മേജർ രവി അഭിപ്രായപ്പെട്ടു. ഇന്ന് സമൂഹത്തിലില്ലാത്ത വിവേചനം ഉണ്ടെന്നു പറഞ്ഞ് വേടൻ വിദ്വേഷം കുത്തിനിറയ്ക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Shwetha Menon, Major Ravi
മമ്മൂട്ടിയുടെ നായികയായി 16-ാം വയസിൽ ബി​ഗ് സ്ക്രീനിലേക്ക്, കരിയറിൽ വിടാതെ വിവാ​ദങ്ങളും; മലയാള സിനിമയിലെ ബോൾഡ് ആക്ട്രസ്

ഒടുവിൽ വേടനിപ്പോൾ സ്ത്രീ പീഡന കേസിലാണ് അകപ്പെട്ടിരിക്കുന്നത്. ജനങ്ങൾ കയ്യടിക്കുന്നതിനു മുമ്പ്, ഇവിടെ നീതിയും ന്യായവും നിലനിൽക്കുന്നുണ്ട് എന്ന് ഓർക്കണമെന്നും മേജർ രവി വിഡിയോയിൽ വ്യക്തമാക്കി.

Summary

Cinema News: Major Ravi supports to Shwetha Menon.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com