

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച്, ഇന്ന് തമിഴിലും തെലുങ്കിലും ബോളിവുഡിലെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് മാളവിക മോഹനന്‍. പോയവര്‍ഷം നൂറ് കോടി നേടിയ മലയാള ചിത്രം ഹൃദയപൂര്‍വ്വത്തിലും മാളവികയായിരുന്നു നായിക. മറ്റ് ഭാഷകളിലും സജീവമാണ് മാളവിക. ഇതിനിടെ മാളവികയുടെ അഭിമുഖത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
അഭിനയിക്കാന്‍ അറിയാത്ത ചില നടിമാരെക്കുറിച്ച് മാളവിക നടത്തിയ പരാമര്‍ശമാണ് വൈറലായിരിക്കുന്നത്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ മാളവിക നടത്തിയ പരാമര്‍ശമാണ് വൈറലാകുന്നത്. ചില നടിമാര്‍ക്ക് ഡയലോഗിന് പകരം 1,2,3,4 എന്നാണ് പറയുന്നതെന്നാണ് മാളവിക പറയുന്നത്.
''ഏറെ നാളായി, തമിഴിലും തെലുങ്കിലും ചില നടിമാര്‍ ഡയലോഗ് പോലും പഠിക്കാറില്ലെന്ന് എനിക്കറിയാം. പകരം അവര്‍ സങ്കടപ്പെടുന്നൊരു സീന്‍ ആണെങ്കില്‍ മുഖത്ത് സങ്കടഭാവം വരുത്തുകയും ഡയലോഗിന് പകരം 1,2,3,4,5 എന്ന് പറയുകയുമാണ് ചെയ്യുക. കാമുകനോട് ദേഷ്യപ്പെടുന്ന രംഗമാണെങ്കില്‍ മുഖത്ത് ദേഷ്യം വരുത്തിയിട്ട് എ, ബി, സി, ഡി എന്ന് പറയും. പിന്നീട് ഡബ്ബിങില്‍ ലിപ് സിങ്ക് ചെയ്‌തെടുക്കും. ഇത് ഒരു സംഭവമല്ല. കാലങ്ങളായി നടക്കുന്നു. കരിയറിലുടനീളം അങ്ങനെ ചെയ്തവരുണ്ട്'' എന്നാണ് മാളവിക പറഞ്ഞത്.
മാളവിക നടിമാരുടെ പേരൊന്നും പറഞ്ഞിരുന്നില്ല. എങ്കിലും സോഷ്യല്‍ മീഡിയ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തുകയും മാളവിക ഉദ്ദേശിച്ചത് ആരെയാണെന്നും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. മാളവിക പറഞ്ഞ നടി കാജല്‍ അഗര്‍വാള്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഉത്തരേന്ത്യക്കാരിയായ കാജലിന് തമിഴും തെലുങ്കിലും അറിയില്ലെന്നതാണ് ആരാധകരുടെ അനുമാനത്തിന്റെ കാരണം.
വിഡിയോ വൈറലായതോടെ മാളവികയ്ക്ക് കടുത്ത വിമര്‍ശനവും നേരിടേണ്ടി വരുന്നുണ്ട്. മാസ്റ്റര്‍ സിനിമയിലെ മാളവികയിലെ വൈറലായ സീന്‍ ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയ താരത്തെ ട്രോളുന്നത്. മാസ്റ്ററില്‍ മാളവിക വിജയിയോട് ദേഷ്യപ്പെടുന്ന രംഗത്തിലെ മോശം അഭിനയം അന്ന് വലിയ ട്രോളുകള്‍ നേരിട്ടിരുന്നു.
'മാളവിക സംസാരം നിര്‍ത്തിയിട്ട് അഭിനയം പഠിക്കണം, മാളവിക എന്തിനാണ് എപ്പോഴും മറ്റ് നടിമാരെ കുറ്റം പറയുന്നത്, ഈ പറയുന്ന ആള്‍ ഓസ്‌കാര്‍ ലെവല്‍ അഭിനയം ആണല്ലോ, മാളവികയുടേത് മോശം അഭിനയമാണ്. പുതുമുഖവും, സിനിമ എന്താണെന്ന് പഠിക്കാന്‍ തുടങ്ങിയതേയുള്ളൂ മാളവിക' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.
അതേസമയം മാളവിക പറഞ്ഞത് വസ്തുതയാണെന്നാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. മാളവികയുടെ അഭിനയം മെച്ചപ്പെട്ടിട്ടുണ്ട്. എല്ലാ ഭാഷകളും അവര്‍ക്കു വഴങ്ങും. ഡയലോഗ് പോലും പഠിക്കാത്ത നടിമാരെക്കുറിച്ച് മുമ്പും പലരും പറഞ്ഞിട്ടുണ്ടെന്നുമൊക്കെ അനുകൂലിച്ചെത്തുന്നവര്‍ പ്രതിരോധിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates