Year Ender 2025 | മധ്യവര്‍ഗ മലയാളിയുടെ ഉടലും ശബ്ദവുമായ പിപി അജേഷ്; പോയ വര്‍ഷത്തിന്റെ താരം!

പോയ വര്‍ഷത്തെ ഏറ്റവും ഉജ്ജ്വലമായ ഹീറോ മൊമന്റായിരുന്നു അത്
Basil Joseph
Basil Joseph
Updated on
2 min read

മലയാള സിനിമയ്ക്ക് വളരെ നിര്‍ണായകമായൊരു വര്‍ഷമാണ് കടന്നു പോയത്. വലിയ തിരിച്ചുവരവുകള്‍ക്കും പുതിയ താരോദയങ്ങള്‍ക്കും 2025 സാക്ഷ്യം വഹിച്ചു. ഭാഷയുടെ അതിരുകള്‍ കടന്നുള്ള വലിയ വിജയങ്ങള്‍ക്കൊപ്പം കാമ്പുള്ള സിനിമകളുമായി ഇന്ത്യന്‍ സിനിമയ്ക്ക് മുന്നില്‍ മലയാള സിനിമയുടെ റേഞ്ച് കാണിച്ചു കൊടുത്തൊരു വര്‍ഷമാണ് കടന്നു പോയത്.

തുടര്‍പരാജയങ്ങളില്‍ നിന്നും തിരിച്ചുവന്ന മോഹന്‍ലാല്‍ സിംഹാസനം തിരികെ പിടിച്ചപ്പോള്‍, ഒരിക്കലും വറ്റാത്ത കിണറാണ് താനെന്ന് വിളിച്ചു പറഞ്ഞ് മമ്മൂട്ടി വേഷപ്പകര്‍ച്ചയിലൂടെ വീണ്ടും ഞെട്ടിച്ചു. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളി തിരിച്ചുവരവറിയിച്ച വര്‍ഷം ലോകയിലൂടെ കല്യാണി പ്രിയദര്‍ശന്‍ മലയാളത്തിന്റെ പെണ്‍കരുത്താകുന്നതും കണ്ടു. അങ്ങനെ പ്രകടനങ്ങള്‍ കൊണ്ടും നേട്ടങ്ങള്‍ കൊണ്ടും 2025 ല്‍ കൊടിപാറിച്ച നിരവധി താരങ്ങളുണ്ട്.

Basil Joseph
Year Ender 2025|ജോര്‍ജ് സാറിന്റെ ചിരി മുഴക്കത്തില്‍ വിറച്ച മലയാള സിനിമ; പോയ വര്‍ഷം ഞെട്ടിച്ച വില്ലന്മാര്‍

എങ്കിലും, തിരികെ നോക്കുമ്പോള്‍ തലയുയര്‍ത്തി നില്‍ക്കുന്നത് ബേസില്‍ ജോസഫാണ്. മോഹന്‍ലാലും മമ്മൂട്ടിയും മുതല്‍ നിവിന്‍ പോളിയും സന്ദീപും വരെ നിറഞ്ഞു നിന്നൊരു വര്‍ഷമായിരുന്നിട്ടും 2025 ലെ ഒരു നായക നടന്റെ ഏറ്റവും മികച്ച പ്രകടനം പൊന്മാനിലെ ബേസില്‍ ജോസഫിന്റേതായിരുന്നുവെന്ന് അര്‍ധശങ്കയ്ക്ക് ഇടയില്ലാതെ പറയാം.

Basil Joseph in Ponman
Basil Joseph in Ponman

സൂക്ഷ്മദര്‍ശനിയിലെ വില്ലനിലൂടെയാണ് ബേസില്‍ ജോസഫ് 2024 അവസാനിപ്പിച്ചത്. ട്വിസ്റ്റഡ് ആയ പൊലീസുകാരനായെത്തിയ പ്രാവിന്‍കൂടിന്‍ ഷാപ്പിലൂടെയാണ് ബേസിലിന്റെ 2025 ആരംഭിക്കുന്നത്. ഈ കണ്ട രണ്ടു പ്രകടനങ്ങളും അതുവരെയുള്ള ഫിലിംഗ്രോഫിയില്‍ നിന്നും വേറിട്ടതായിരുന്നുവെങ്കില്‍ പിന്നെ വന്ന പൊന്‍മാനിലേത് എല്ലാ അര്‍ത്ഥത്തിലും പുതിയൊരു ബേസില്‍ ജോസഫായിരുന്നു. കോമിക് റിലീഫില്‍ നിന്നും നായകനിലേക്ക് ചുവടുമാറ്റിയിട്ട് നാളുകളായെങ്കിലും ആ പ്രേതം ബേസിലിനെ വിട്ട് പൂര്‍ണമായും പോയിരുന്നില്ല. എന്നാല്‍ പൊന്‍മാനില്‍ ഡ്രമാറ്റിക് ആക്ടിംഗിലെ തന്റെ റേഞ്ച് അടയാളപ്പെടുത്തുകയായിരുന്നു ബേസില്‍.

Basil Joseph
Year Ender 2025|ബെൻസും സ്റ്റാൻലിയും അജേഷും പിന്നെ ചന്ദ്രയും; ഈ വർഷത്തെ മികച്ച പെർഫോമൻസുകൾ

സമീപകാലത്തെ ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളാണ് പൊന്‍മാനിലെ പിപി അജേഷ്. പേരുപോലെ തന്നെ തീര്‍ത്തും സാധാരണക്കാരനായൊരു കഥാപാത്രം. പക്ഷെ സാധാരണ ജീവിതം നയിക്കാന്‍ പോലും അസാധാരണ പോരാട്ടം കാഴ്ചവെക്കേണ്ടി വരുന്ന എല്ലാ സാധാരണക്കാരുടെയും പ്രതിനിധിയാണ് അജേഷ്. തന്റെ മുന്‍ പ്രകടനങ്ങളുടെ നിഴലുകളൊന്നുമില്ലാതെയാണ് അജേഷായി ബേസില്‍ മാറുന്നത്.

താനൊരു ആക്‌സിഡന്റല്‍ ആക്ടര്‍ ആണെന്നാണ് ബേസില്‍ പലപ്പോഴും പറഞ്ഞിട്ടുള്ളത്. എന്നാല്‍ അജേഷായി മാറുന്നിടത്ത് ഇരുത്തം വന്നൊരു നടനെയാണ് കാണുക. അഭിനയിക്കുകയാണെന്ന് ഒരിക്കല്‍ പോലും തോന്നിപ്പിക്കാത്ത വിധമാണ് ബേസില്‍ അജേഷാകുന്നത്. ചിത്രത്തിലെ ലോഡ്ജ് സീനുകളില്‍ അത് വ്യക്തമായി കാണും. ആംബ്രോസിന്റെ അടി വാങ്ങിയ ശേഷം, കവിള്‍ തടവിക്കൊണ്ട് അകത്തേക്ക് കയറി വരുന്ന അജേഷ് സംസാരിക്കുന്നത് ആംബ്രേസിന്റെ കരുത്തിനെക്കുറിച്ചാണ്. ഈ നിമിഷം അജേഷിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ട്. അത് മറ്റാരും കാണാതെ മറച്ചുപിടിച്ചുകൊണ്ടാണ് അയാള്‍ നടക്കുന്നത്. ഒട്ടും 'അഭിനയമില്ലതെ'യാണ് ബേസില്‍ ഈ രംഗത്ത് അഭിനയിച്ചിരിക്കുന്നത്.

Basil Joseph in Ponman
Basil Joseph in Ponman

പിന്നീട് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്ന ബ്രൂണോയെ പിടിച്ചിറക്കിയ ശേഷമുള്ള മോണോലോഗിലെ ബേസിലിന്റെ പ്രകടനം സമാനതകളില്ലാത്തതായിരുന്നു. പോയ വര്‍ഷത്തെ ഏറ്റവും ഉജ്ജ്വലമായ ഹീറോ മൊമന്റായിരുന്നു അത്. കുത്തുപാളയില്‍ നിന്നും ഉണ്ടാക്കിയെടുത്ത ക്യാരക്ടറിനേയും ജീവിതത്തേയും കുറിച്ച് പറയുന്നിടത്ത് അജേഷ് സിനിമയിലെ കഥാപാത്രത്തില്‍ നിന്നും ഏറെ ഉയര്‍ന്ന്, മധ്യവര്‍ഗ മലയാളിയുടെ പ്രതിനിധിയായി മാറുകയാണ്. എത്ര ഓടിയാലും എത്തില്ലെന്ന് അറിഞ്ഞിട്ടും ഓട്ടം നിർത്താനാകാത്ത സാധാരണക്കാരന്‍ അവനവനെ തന്നെ ബേസിലില്‍ കാണാം.

ജിആര്‍ ഇന്ദുഗോപന്റെ കഥയാണ് ജ്യോതിഷ് ശങ്കര്‍ സിനിമയാക്കിയത്. ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം അജേഷിനെ ജഡ്ജ് ചെയ്യാന്‍ ശ്രമിക്കുമ്പോഴൊക്കെ പ്രേക്ഷകർ പരാജയപ്പെടുന്നുണ്ട്. ആദ്യം കോമഡിയാണെന്ന് തോന്നിപ്പിക്കുമെങ്കിലും അതിനുമൊക്കെ ഒരുപാട് അകലെയാണ് അയാളെന്ന് പിന്നീട് ബോധ്യപ്പെടും. ഇടയ്ക്ക് വെറുപ്പ് തോന്നിപ്പിക്കുന്ന, പിന്നീട് റിലേറ്റബിള്‍ ആകുന്ന, മറ്റൊരിക്കല്‍ ആരാധനയും തോന്നിപ്പിച്ച് ഒരുപാട് ഊടുവഴുകളിലൂടെ പോകുന്നതാണ് അജേഷിന്റെ ഗ്രാഫ്. ജഡ്ജ് ചെയ്യാന്‍ ശ്രമിക്കുകയല്ല, മറിച്ച് മനസിലാക്കല്‍ മാത്രം ആവശ്യപ്പെടുന്നൊരു ക്യാരക്ടര്‍ സ്റ്റഡിയാണ് പൊന്‍മാന്‍. അവിടെ, ഒരുപക്ഷെ മറ്റാര്‍ക്കും സാധ്യമാകാത്തൊരു സത്യസന്ധതയോടെ ബേസില്‍ അജേഷായി മാറിയിരിക്കുന്നു.

സ്വയം ഒരു ഫിലിം മേക്കറായിട്ട് അടയാളപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്ന് ബേസില്‍ ജോസഫ് ഈയ്യടുത്ത് പറഞ്ഞിരുന്നു. അതെന്ത് തന്നെയായാലും, അയാളിലെ നടന്‍ സ്വയം തന്നെ അടയാളപ്പെടുത്തിക്കഴിഞ്ഞിരിക്കുകയാണ്.

Summary

Malayalm Cinema 2025: In an year Mammootty, Mohanlal and other biggies stood up, Basil Joseph stands toll with his perfomance in Ponman.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com