സൂപ്പർ ശരണ്യ, പ്രേമലു തുടങ്ങിയ ചിത്രങ്ങളിലെ മമിത ബൈജുവിന്റെ കഥാപാത്രം വേഗമൊന്നും മലയാളികൾ മറക്കാനിടയില്ല. മലയാളത്തിൽ മാത്രമല്ല, ഇപ്പോൾ തമിഴിലും സജീവമായിരിക്കുകയാണ് മമിത. പ്രേമലു എന്ന ചിത്രമാണ് മമിതയ്ക്ക് അന്യഭാഷയിലേക്കുള്ള എൻട്രി നൽകിയത്. സിനിമാ ജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയ പ്രവേശം നടത്തിയ വിജയ്‌യുടെ അവസാന ചിത്രം ജന നായകനില്‍ താരത്തിന്റെ സഹോദരിയായി വേഷമിടുന്ന മമിതയുടേതായി ഒട്ടനവധി ചിത്രങ്ങളാണ് തമിഴില്‍ ഇനി വരാനിരിക്കുന്നത്.
മലേഷ്യയില്‍ നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ മമിത പാടിയ നാളെ നാളെ എന്ന ഗാനം വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് കാരണമായി മാറിയിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ജെഎഫ്ഡബ്ല്യു മൂവി അവാര്‍ഡ്‌സില്‍ ഇതുമായി ബന്ധപ്പെട്ട് നടന്ന സംഭവമാണ് വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഡ്യൂഡിലെ പ്രകടനത്തിന് മമിതയെ തേടി മികച്ച നടിക്കുള്ള അവാർഡ് കിട്ടിയിരുന്നു.
മികച്ച നടിക്കുള്ള അവാര്‍ഡ് സ്വീകരിച്ച ശേഷം സംസാരിക്കവേ ബിഗ് സ്‌ക്രീനില്‍ മമിത നാളെ നാളെ എന്ന ഗാനം ആലപിക്കുന്ന വിഡിയോ പ്രദര്‍ശിപ്പിച്ചതാണ് താരത്തെ വീണ്ടും വെട്ടിലാക്കിയത്. വലിയ ആള്‍ക്കൂട്ടം എത്തിച്ചേര്‍ന്ന ചടങ്ങില്‍ വലിയ ആരവമാണ് വിഡിയോക്ക് ലഭിച്ചത്. ഇത് കണ്ട അവതാരകന്‍ ഒരിക്കല്‍ കൂടി പാടാമോ എന്ന് ചോദിച്ചപ്പോള്‍ വേണ്ട 'അണ്ണാ വിട്ടുറുങ്കെ' എന്നായിരുന്നു മമിത പറഞ്ഞത്. ഇതിന് ശേഷം മമിത ഡാന്‍സ് ചെയ്യുന്ന വിഡിയോയും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ കോടിക്കണക്കിന് പേരെ കാഴ്ച്ചക്കാരായി ലഭിച്ച പൂട്ടി വെച്ച കുതിര എന്ന ഗാനത്തിന് വേണ്ടി നൃത്തം ചെയ്യുന്ന വിഡിയോ ആണ് പ്രദര്‍ശിപ്പിച്ചത്. കീര്‍ത്തീശ്വരന്‍ സംവിധാനം ചെയ്ത് പ്രദീപ് രംഗനാഥന്‍ നായകനായെത്തിയ ഡ്യൂഡില്‍ നായികയായ മമിതക്ക് വലിയ സ്വീകാര്യതയാണ് തമിഴ്‌നാട്ടില്‍ ലഭിക്കുന്നത്. തമിഴ് സൂപ്പര്‍ താരങ്ങളുടെ കൂടെയാണ് മമിതയുടെ വരാനിരിക്കുന്ന പ്രൊജക്ടുകളെല്ലാം.
സൂര്യയുടെ പുതിയ ചിത്രമായ സൂര്യ 46 ല്‍ താരത്തിന്റെ നായികയായി മമിതയെത്തുമെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ധനുഷിനൊപ്പവും ശിവകാര്‍ത്തികേയനൊപ്പവും താരം വേഷമിടുന്നുണ്ട്. അതേസമയം മലയാളത്തില്‍ നിവിന്‍ പോളി നായകനാകുന്ന ഗിരീഷ് എഡി ചിത്രം ബത്‌ലഹേം കുടുംബ യൂണിറ്റാണ് താരത്തിന്റെ അടുത്ത മലയാള ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates