ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

'ഞാൻ കണ്ട് അഭിപ്രായം പറയണമെന്ന് അദ്ദേഹം ആ​ഗ്രഹിച്ചിരുന്നു, പക്ഷേ അവസാന സിനിമയാകുമെന്ന് കരുതിയില്ല'; സഞ്ചാരി വിജയ്‍യുടെ ഓർമയിൽ മമ്മൂട്ടി

വിജയ് യുടെ അവസാന ചിത്രമായ തലേദണ്ഡ റിലീസിന് ഒരുങ്ങുകയാണ്
Published on

ഴിഞ്ഞ വർഷമായിരുന്നു കന്നഡ നടൻ സഞ്ചാരി വിജയ് യുടെ അപ്രതീക്ഷിത മരണം. ഒരു അപകടത്തിലാണ് താരത്തിന് ജീവൻ നഷ്ടപ്പെടുന്നത്. ഇപ്പോൾ സഞ്ചാരി വിജയ് യെക്കുറിച്ച് മമ്മൂട്ടി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പുതിയ ചിത്രം താൻ കാണണമെന്നും അതിന്റെ അഭിപ്രായം കേൾക്കണമെന്നും വിജയ് ആ​ഗ്രഹിച്ചിരുന്നു എന്നാണ് മമ്മൂട്ടി കുറിച്ചത്. എന്നാൽ അത് അവസാനത്തെ സിനിമയാകുമെന്ന് അറിഞ്ഞില്ലെന്നും വികാരനിര്‍ഭരമായ കുറിപ്പിൽ മമ്മൂട്ടി പറയുന്നു. വിജയ് യുടെ അവസാന ചിത്രമായ തലേദണ്ഡ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം തിയറ്ററിൽ കണ്ട് അദ്ദേഹത്തെ ഓർമിക്കണമെന്നും താരം കൂട്ടിച്ചേർത്തു. 

മമ്മൂട്ടിയുടെ കുറിപ്പ്

സഞ്ചാരി വിജയ്‍യെ കുറിച്ചുള്ള നല്ല ഓര്‍മകളുമായി ഇരിക്കുകയാണ് ഞാൻ. അദ്ദേഹം ഇല്ലെന്ന് തനിക്ക് വിശ്വസിക്കാനാകുന്നില്ല. ഞങ്ങള്‍ ഹൈദരാബാദില്‍ ഒരു അവാര്‍ഡ് ചടങ്ങിലാണ് കണ്ടുമുട്ടിയത്. അദ്ദേഹം എന്റെ ഒരു ആരാധകനാണെന്ന് പറഞ്ഞപ്പോള്‍ ഞാൻ വിനയാന്വിതനായി. അദ്ദേഹത്തിന്റെ പുതിയ സിനിമ ഞാൻ കാണണമെന്നും എന്റെ അഭിപ്രായം കേള്‍ക്കണമെന്നും സഞ്ചാരി വിജയ് ആഗ്രഹിച്ചിരുന്നു. അത് അവസാനത്തേത് ആയിരിക്കുമെന്ന് ആര്‍ക്കറിയാമായിരുന്നു?. അദ്ദേഹത്തിന്റെ പുതിയ സിനിമയായ 'തലേദണ്ഡ' തിയറ്ററുകളില്‍ കണ്ട് നമുക്ക് സഞ്ചാരി വിജയ്‍യെ ഓര്‍മിക്കാം.  അദ്ദേഹത്തിന്റെ പുതിയ സിനിമയെ  നമ്മള്‍ എത്രമാത്രം സ്‍നേഹിക്കുന്നുവെന്ന് അറിയാൻ സഞ്ചാരി വിജയ് ആഗ്രഹിക്കുന്നു.- മമ്മൂട്ടി കുറിച്ചു.

ഏപ്രിൽ ഒന്നിനാണ് സഞ്ചാരി വിജയ്‍യുടെ സിനിമ തിയറ്ററിലെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററിനൊപ്പമായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്. 'തലേദണ്ഡ' എന്ന ചിത്രം പ്രവീണ്‍ കൃപാകറാണ് സംവിധാനം ചെയ്‍തിരിക്കുന്നത്. ഹരി കാവ്യയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അശോക കശ്യപ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നു. ബി എസ് കെമ്പരാജുവാണ് ചിത്രത്തിന്റെ ചിത്രസംയോജനം.

അപ്രതീക്ഷിത വിയോ​ഗം

ദേശീയ അവാർഡ് ജേതാവായ സഞ്ചാരി വിജയ്‍ 2021 ജൂണ്‍ 15നാണ് മരിക്കുന്നത്. 37 വയസായിരുന്നു പ്രായം. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരിക്കെയായിരുന്നു മരണം. തമിഴ് , തെലുഗു , ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.  2015 ൽ ‘നാൻ അവനല്ല അവളു' എന്ന സിനിമയിൽ ട്രാൻസ്‌ജെൻഡർ ആയുള്ള അഭിനയത്തിനാണ് സഞ്ചാരി വിജയ്‍യ്ക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com