
സ്നേഹനിധിയായ മകനായും കരുതലുള്ള ഏട്ടനായും വാത്സല്യമുള്ള അച്ഛനായുമൊക്കെ മമ്മൂട്ടി പ്രേക്ഷകർക്ക് മുൻപിലെത്തിയിട്ടുണ്ട്. അമരം, വാത്സല്യം, അരയന്നങ്ങളുടെ വീട്, പപ്പയുടെ സ്വന്തം അപ്പൂസ്... അങ്ങനെ എത്രയെത്ര ചിത്രങ്ങൾ. ഇതിലൊന്നും മമ്മൂട്ടി എന്ന നടനെ അല്ലാതെ വേറെ ആരെയും നമുക്ക് സങ്കൽപിക്കാൻ പോലുമാകില്ല.
മമ്മൂട്ടി അഭിനയിച്ച സിനിമകളിലെ പാട്ടുകളും പ്രേക്ഷക മനസിൽ ഉണ്ടാക്കുന്ന വികാരം പറഞ്ഞറിയിക്കാൻ ആകാത്തതാണ്. നമ്മൾ കണ്ടിട്ടുള്ള ഒരു നാട്ടിൻപുറത്തെ അച്ഛനോ ഏട്ടനോ മകനോ ഒക്കെയായി നിമിഷ നേരം കൊണ്ട് അദ്ദേഹം നമ്മളെ അത്ഭുതപ്പെടുത്തി.
വികാര നൗകയുമായി തിരമാലകളാടിയുലഞ്ഞു..., യാത്രയാക്കാൻ നിന്റെ കൂടെ പിൻനിലാവായ് ഞാൻ വരും..., രാമായണം കേൾക്കാതെയായ് പൊൻ മൈനകൾ മിണ്ടാതെയായ്..., പിന്നിൽ വന്നു കണ്ണു പൊത്താം കണ്ടുവെന്ന് കള്ളം ചൊല്ലാം... അങ്ങനെ മമ്മൂട്ടി അഭിനയിച്ച എത്രയെത്ര പാട്ടുകളാണ് നമ്മൾ മൂളി നടന്നത്.
കൈതപ്രം ദാമോദരൻ നമ്പൂതിരി മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയപ്പോഴെല്ലാം മലയാളികൾക്കും സംഗീതപ്രേമികൾക്കും ലഭിച്ചത് രത്നമായിരുന്നു. മമ്മൂട്ടി- കൈതപ്രം കോമ്പോയിലെ പ്രേക്ഷകർ നെഞ്ചേറ്റിയ ചില പാട്ടുകളിലൂടെ കടന്നു പോയാലോ.
മമ്മൂട്ടി ചിത്രങ്ങളിൽ റിപ്പീറ്റ് വാല്യുവുള്ള സിനിമകളുടെ ലിസ്റ്റ് എടുത്താൽ ഉറപ്പായും അഴകിയ രാവണൻ അതിലുണ്ടാകും. കമൽ സംവിധാനം ചെയ്ത ചിത്രം 1996 ലാണ് പുറത്തിറങ്ങിയത്. ശ്രീനിവാസൻ ആയിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. മമ്മൂട്ടിയ്ക്കൊപ്പം ഭാനുപ്രിയ, ബിജു മേനോൻ, ശ്രീനിവാസൻ, ഇന്നസെന്റ്, രാജൻ പി ദേവ്, കൊച്ചിൻ ഹനീഫ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. കാവ്യ മാധവനും ബാലതാരമായി ചിത്രത്തിലെത്തി.
അഴകിയ രാവണനിലെ ചില ഡയലോഗുകളും ഇന്നും മലയാളികൾ പല സന്ദർഭങ്ങളിലും ഉപയോഗിക്കാറുണ്ട്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ഈണമൊരുക്കിയത് വിദ്യാസാഗറായിരുന്നു. ചിത്രത്തിലെ വെണ്ണിലാ ചന്ദനക്കിണ്ണം... എന്ന് തുടങ്ങുന്ന ഗാനം ഇന്നും മലയാളികൾക്ക് ഗൃഹാതുരത്വം ഉണർത്തുന്നതാണ്. പ്രണയമണിത്തൂവൽ... എന്ന ചിത്രത്തിലെ മറ്റൊരു ഗാനവും പ്രേക്ഷക മനം കവർന്നിരുന്നു.
മലയാളികളുടെ കണ്ണുകൾ ഈറനണിയിച്ച മമ്മൂട്ടി ചിത്രമായിരുന്നു കാഴ്ച. ബ്ലെസി സംവിധാനം ചെയ്ത ചിത്രം 2004 ലാണ് റിലീസ് ചെയ്തത്. പത്മപ്രിയ, യാഷ് ഗ്വാലി, ഇന്നസെന്റ്, സനുഷ, മനോജ് കെ ജയൻ, വേണു നാഗവള്ളി എന്നിവരും മമ്മൂട്ടിയ്ക്കൊപ്പം ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. കൈതപ്രം ദാമോദരൻ നമ്പൂതിരി ആണ് ചിത്രത്തിന് വരികളൊരുക്കിയത്. ജുഗുനൂരെ എന്ന പാട്ടിന് വരികളൊരുക്കിയത് കെ ജെ സിങ് ആണ്. ചിത്രത്തിലെ കുഞ്ഞേ നിനക്കു വേണ്ടി... എന്ന ഗാനം മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ്.
അമ്മയോടുള്ള സ്നേഹം പൊതിഞ്ഞ പാട്ടായിരുന്നു രാപ്പകലിലെ അമ്മ മനസ് തങ്ക മനസ്. 2005 ൽ കമൽ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി, നയൻതാര, ശാരദ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. മോഹൻ സിതാര ആണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. നൂറ് ദിവസങ്ങളോളം ചിത്രം തിയറ്ററുകളിൽ ഓടുകയും ചെയ്തു. കൈതപ്രത്തിന്റേത് തന്നെയായിരുന്നു വരികൾ.
ചില സമയങ്ങളിൽ പാട്ട് ഒരു ആശ്വാസമാണ് എന്നൊക്കെ പറയാറില്ലേ. അത്തരമൊരു പാട്ടാണ് വേഷം എന്ന ചിത്രത്തിലെ വേഷങ്ങൾ ജന്മങ്ങൾ... എന്ന പാട്ട്. മമ്മൂട്ടിയ്ക്കൊപ്പം ഇന്നസെന്റ്, ഇന്ദ്രജിത്ത്, ഗോപിക, മോഹിനി, സായ്കുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. വി എം വിനു സംവിധാനം ചെയ്ത ചിത്രം 2004 ലാണ് പുറത്തുവന്നത്. എസ് എ രാജ്കുമാർ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. കൈതപ്രം തന്നെയായിരുന്നു ഈ മമ്മൂട്ടി ചിത്രത്തിനും വരികളൊരുക്കിയത്.
പലർക്കും ഒരുപാട് ഓർമകൾ സമ്മാനിക്കുന്ന ചിത്രമായിരിക്കും മമ്മൂട്ടിയുടെ വാത്സല്യം. കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത ചിത്രത്തിന് കഥയൊരുക്കിയത് ലോഹിതദാസ് ആയിരുന്നു. ഗീത, സിദ്ദിഖ്, സുനിത എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ചിത്രത്തിലെ അലയും കാറ്റിൻ ഹൃദയം എന്ന പാട്ട് ഇന്നും മലയാളികൾക്ക് ഒരു വിങ്ങലാണ്. എസ്പി വെങ്കടേഷ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേതാണ് വരികൾ. ബാബറി മസ്ജിദ് തകർത്ത അന്ന് രാത്രിയാണ് ഈ ഗാനം എഴുതിയതെന്ന് കൈതപ്രം അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
ലോഹിതദാസ് തിരക്കഥയെഴുതി ഭരതൻ സംവിധാനം ചെയ്ത ചിത്രമാണ് അമരം. അച്ചൂട്ടി മലയാളിയുടെ മനസിൽ എന്നും ഒരു വിങ്ങലായി ഉണ്ടാകുമെന്ന കാര്യമുറപ്പാണ്. മമ്മൂട്ടി, മാതു, അശോകൻ, മുരളി തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ. രവീന്ദ്രൻ മാഷ് ആയിരുന്നു ചിത്രത്തിന് സംഗീതമൊരുക്കിയത്. ജോൺസൺ ആയിരുന്നു പശ്ചാത്തല സംഗീതം. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേതാണ് വരികൾ. വികാര നൗകയുമായി... എന്ന ഗാനം എത്ര കേട്ടാലും മതിയാകില്ല.
Actor Mammootty - Kaithapram Damodaran Namboothiri Super hit songs.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates