'കളത്തിന് കാവൽ നിൽക്കുക'; ഇനിയും പിടിതരാതെ മമ്മൂട്ടിയും കളങ്കാവലും
കഥാപാത്രങ്ങളിലൂടെ എല്ലാക്കാലവും സിനിമാ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടനാണ് മമ്മൂട്ടി. കളങ്കാവൽ എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകർ. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ് കളങ്കാവൽ.
നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍, റോഷാക്ക്, കണ്ണൂര്‍ സ്‌ക്വാഡ്, ടര്‍ബോ, ഡൊമിനിക് ആന്‍ഡ് ദ് ലേഡീസ് പേഴ്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ കളങ്കാവൽ എന്ന വാക്കിന്റെ അർഥത്തെക്കുറിച്ചുള്ള ചർച്ചകളിലാണ് സോഷ്യൽ മീഡിയ.
എന്താണ് കളങ്കാവൽ ?
തെക്കൻ തിരുവിതാംകൂറിൽ, പ്രത്യേകിച്ച് കന്യാകുമാരിയോട് അടുത്തുള്ള ഭാഗങ്ങളിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ നടന്നുവരുന്ന ഒരു ആചാരമാണ് കളങ്കാവൽ. കളത്തിൽ ദേവി അസുരനെ നിഗ്രഹിക്കുന്നതിൻ്റെ പ്രതീകാത്മക ചടങ്ങാണ് ഇത്. കളങ്കാവൽ സമയത്ത് വാത്തി തിരുമുടി തലയിലേന്തി ദേവി ദാരികനെ തിരയും.
ചിരിച്ചും ആക്രോശിച്ചും ഭക്തർക്കിടയിലേക്ക് തങ്കതിരുമുടിയുമായി എത്തുന്ന ദേവി ഒരു വിസ്മയക്കാഴ്ചയാണ്. തിരുവനന്തപുരം വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ട് ഉത്സവവുമായി ബന്ധപ്പെട്ട് കളങ്കാവൽ നടക്കാറുണ്ട്. ദിക്ക്ബലി എന്നാണ് ഈ ആചാരത്തിന്റെ ആദ്യ ചടങ്ങിന്റെ പേര്. രണ്ടാമത്തെ ചടങ്ങാണ് കളങ്കാവൽ.
സംവിധായകൻ പറയുന്നു
കളത്തിന് കാവൽ നിൽക്കുക എന്നൊരു അർഥം കൂടിയുണ്ട് കളങ്കാവലിന് എന്ന് സംവിധായകൻ ജിതിൻ കെ ജോസ് അടുത്തിടെ ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മലയാളത്തിലും തമിഴിലും ഈ വാക്കിന് ഒരേ അർഥം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. എന്താണ് ശരിക്ക് ഉദ്ദേശിച്ചിരിക്കുന്നതെന്ന് പ്രേക്ഷകർക്ക് സിനിമ കാണുമ്പോൾ മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വില്ലന്റെ കഥയോ ?
ക്രൈം ത്രില്ലർ ജോണറിലാണ് ചിത്രമൊരുങ്ങുന്നത്. 'ഉള്ളിൽ കിടക്കുന്ന വിഷം നമുക്ക് പിടിച്ചു നിർത്താനാകില്ല, അത് എപ്പോഴെങ്കിലും പുറത്തുവരും'- എന്ന ക്യാപ്ഷനോടെയാണ് ട്രെയ്‌ലർ തുടങ്ങുന്നതും. മമ്മൂട്ടിക്കൊപ്പം വിനായകനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമയിൽ വില്ലൻ വേഷത്തിലാണ് മമ്മൂട്ടി എത്തുക എന്നും റിപ്പോർട്ടുണ്ട്. വ്യത്യസ്ത ലുക്കിലാണ് മമ്മൂട്ടി കളങ്കാവലിൽ എത്തുന്നത്.
മമ്മൂട്ടി ദാരികനും വിനായകൻ ഭദ്രകാളിയുമാവുമോ എന്ന് കാത്തിരുന്നു കാണാം. അതേസമയം സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച സയനൈഡ് മോഹന്റെ കഥയാണ് കളങ്കാവൽ പറയുന്നത് എന്ന തരത്തിലും റിപ്പോർട്ടുകളുണ്ട്. വിനായകനും മമ്മൂട്ടിക്കുമൊപ്പം ജിബിൻ ഗോപിനാഥും അസീസ് നെടുമങ്ങാടും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Cinema News: Mammootty's upcoming movie Kalamkaval updates.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

