മമ്മൂക്കയുടെ അമ്മ, കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി; വൈറൽ കുറിപ്പ്

ഉമ്മയുടെ സ്നേഹവും കരുതലും നേരിട്ട് അനുഭവിച്ചതിന്റെ സന്തോഷം പങ്കുവെച്ച് കുറിപ്പ്
ഫാത്തിമ ഇസ്‌മയിലിനൊപ്പം രമ്യ, മമ്മൂട്ടി/ ചിത്രം ഫെയ്‌സ്‌ബുക്ക്
ഫാത്തിമ ഇസ്‌മയിലിനൊപ്പം രമ്യ, മമ്മൂട്ടി/ ചിത്രം ഫെയ്‌സ്‌ബുക്ക്
Updated on
2 min read

മ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്‌മയിൽ വിട പറയുമ്പോൾ ‌ആറ് വർഷം മുൻപ് റവന്യു വകുപ്പ് ഉദ്യോ​ഗസ്ഥയായ രമ്യ എസ് ആനന്ദ് എഴുതിയ 
ഫെയ്‌സ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു. മമ്മൂട്ടിയുടെ ഉമ്മയുടെ കരുതലും സ്നേഹവും നേരിട്ട് അനുഭവിച്ചതിന്റെ സന്തോഷമായിരുന്നു ആ കുറിപ്പിൽ. അധ്യാപികയായിരുന്ന രമ്യ റവന്യു വകുപ്പിൽ ജോലി കിട്ടി പുതിയ ഫ്ലാറ്റിലേക്ക് മാറിയപ്പോൾ അതേ ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരിയായിരുന്നു മമ്മൂട്ടിയുടെ ഉമ്മയും. ഉമ്മയെ പരിചയപ്പെടുന്നതും തുടർന്നുള്ള സൗഹൃദവുമൊക്കെയാണ് കുറിപ്പിൽ രമ്യ പങ്കുവെക്കുന്നത്.

രമ്യ എഴുതിയ കുറിപ്പിന്റെ പൂർണരൂപം

ഇതൊരു മനോഹരമായ സ്‌നേഹബന്ധത്തിന്റെ കഥയാണ്. ചില വ്യക്തികള്‍ നമ്മുടെ വാക്കിലും പ്രവൃത്തിയിലും എത്രയധികം സ്വാധീനം ചെലുത്തുന്നുണ്ടെന്നു മനസ്സിലാക്കിത്തരുന്നു ചില സന്ദര്‍ഭങ്ങള്‍. ആരെയും ഉപാധികളില്ലാതെ സ്‌നേഹിക്കുന്നതിനും സ്‌നേഹിക്കപ്പെടുന്നതിനും ഭാഗ്യം ലഭിച്ചതിനു ദൈവത്തോട് നന്ദിപറയുന്നു. അത് ജീവിതത്തിന്റെ ഒരു ട്രാന്‍സിഷന്‍ കാലഘട്ടമായിരുന്നു. ഏറെ പ്രിയങ്കരമായ അധ്യാപക ജോലിയില്‍ നിന്നും ഒട്ടും പ്രിയമല്ലാതിരുന്ന സര്‍ക്കാര്‍ ജോലിയിലേക്കും, തടാകത്തിലേക്ക് തുറക്കുന്ന ബാല്‍ക്കണികളുണ്ടായിരുന്ന പ്രിയ അപാര്‍ട്‌മെന്റ് വിട്ടു പുതിയതിലേക്കു മനസ്സില്ലാമനസ്സോടെ ചേക്കേറാനും തീരുമാനിച്ച കാലം.

പുതിയ ഫ്‌ലാറ്റിന്റെ ഇന്റീരിയര്‍ പണികള്‍ പുരോഗമിക്കുന്നു. രാവിലെ പോയി വൈകുന്നേരം വരെ പണികള്‍ ചെയ്യിച്ചു ഞാന്‍ തിരികെ വരും. പുതുസു ഫ്‌ലാറ്റിന്റെ തൊട്ടപ്പുറമുള്ള ഡോര്‍ എപ്പോഴും അടഞ്ഞു തന്നെ കിടക്കും .അങ്ങനെയിരിക്കെ ഒരു ദിവസം അവിടെനിന്നും ഒരാള്‍ തല നീട്ടി. നല്ല ചുന്ദരി ഒരു ഉമ്മ ! ഉമ്മയെക്കണ്ടപ്പോഴേ എനിക്ക് ബോധിച്ചു . എന്റെ അച്ഛമ്മയുടെ ഒരു വിദൂര ഛായ. എന്നാല്‍ അച്ഛമ്മയുടെ മുഖത്തുള്ള തന്റേടമോ താന്‍ പോരിമയോ ഒട്ടില്ല താനും. മിണ്ടിയും പറഞ്ഞും ഞങ്ങള്‍ പെട്ടന്ന് കൂട്ടായി. പിന്നെ പണിക്കാര്‍ക്ക് പൈസ കൊടുക്കാനും താഴെ എത്തുന്ന പുതിയ ഫര്‍ണിച്ചര്‍ കലക്ട് ചെയ്യാനും ഒക്കെ ഉമ്മ എന്നെ സഹായിച്ചും തുടങ്ങി.

രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഉമ്മച്ചി ആ ബോംബ് പൊട്ടിച്ചത്. എവിടെയാ വീട് എന്ന് ചോദിച്ചപ്പോ ചെമ്പ് ;എന്ന് കേട്ടു ഞാനൊന്നു ശ്രദ്ധിച്ചു 'വൈക്കം' എന്നോ 'ചെമ്പ് 'എന്നോ കേട്ടാല്‍ ഏതു മലയാളിയും ഒന്നു കാത് കൂര്‍പ്പിക്കുമല്ലോ. ഉമ്മ ഉദാസീനമായി പിന്നെയും തുടര്‍ന്നു. മകന്‍ സിനിമയിലുണ്ട്. ഞാന്‍ ചെറുതായി ഒന്നൂടെ ഞെട്ടി. പിന്നെയാണ് പദ്മശ്രീ മമ്മുക്കയുടെ ഉമ്മയാണ് എന്റെ മുന്നില്‍ നില്‍ക്കുന്നതെന്ന് എനിക്കു തിരിഞ്ഞത്. (പുരുഷു എന്നെ അനുഗ്രഹിക്കണം.) പിന്നീട് ഫ്‌ലാറ്റിന്റെ പാലുകാച്ചലും ചടങ്ങുകളും ഒക്കെക്കഴിഞ്ഞു താമസം തുടങ്ങിയതോടെ ഉമ്മ എന്റെ ജീവന്റെ ഭാഗമായി. ഉമ്മ ഒരു നല്ല പാക്കേജ് ആയിരുന്നു. നല്ല നര്‍മ്മ ബോധം, ഉഗ്രന്‍ ഫാഷന്‍ സെന്‍സ്, കറ തീര്‍ന്ന മനുഷ്യസ്‌നേഹി.

ആ പ്രായത്തിലുള്ള അമ്മമ്മമാരുടെ സ്ഥിരം കുനുഷ്ടുകള്‍ തീരെയില്ല. കൃഷിയുടെ ഏതു സംശയത്തിനും മറുപടിയുണ്ട്. ഞങ്ങളിരുവരും ഫ്‌ലാറ്റിന്റെ ഇടനാഴിയില്‍ അല്ലറ ചില്ലറ കൃഷികളൊക്കെത്തുടങ്ങി .അപാര്‍ട്‌മെന്റ് അസോസിയേഷന്‍ യെല്ലോ കാര്‍ഡ് കാണിക്കും വരെ ഞങ്ങളുടെ കൂട്ടുകൃഷി വിജയകരമായിത്തുടര്‍ന്നു. വിത്ത് സൂക്ഷിക്കുന്നതെങ്ങനെ, വളപ്രയോഗം ഇതിലൊക്കെ മറ്റുള്ളവരെ ഉപദേശിക്കാന്‍ തക്ക അറിവും ഞാന്‍ സമ്പാദിച്ചു. ഇതിനിടെ പിഎസ്സിയുടെ അപ്പോയ്ന്റ്‌മെന്റ് ഓര്‍ഡര്‍ കിട്ടി.

എനിക്ക് ജന്മനാടായ പത്തനംതിട്ടയിലേക്കു പോകേണ്ടിവന്നു. എന്റെ പ്രിയകൂട്ടുകാരുടെ നിരന്തര ശ്രമവും ഉമ്മയുടെ കടുത്ത പ്രാര്‍ഥനയും കൊണ്ടാവാം എനിക്ക് തിരിച്ചു എറണാകുളത്തെത്താന്‍ കഴിഞ്ഞത്. ഞങ്ങള്‍ വീണ്ടും ആറാം നിലയില്‍ സ്‌നേഹത്തിന്റെ പൂക്കളങ്ങള്‍ തീര്‍ത്തു. ഓണത്തിന് അപാര രുചിയുള്ള ഒരു ഇഞ്ചിക്കറിയുണ്ടാക്കിത്തന്നു ഉമ്മയെന്നെ വിസ്മയിപ്പിച്ചു.

ഉമ്മയുടെ അചഞ്ചലമായ ദൈവവിശ്വാസം നമ്മെ അമ്പരപ്പിക്കും .നോമ്പ് കാലം എത്ര കടുത്ത അനുഷ്ടാനങ്ങളിലൂടെയും ഉമ്മ കടന്നു പോകും .എല്ലാവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കും. നോമ്പ് പിടിച്ചില്ലെങ്കിലും ഞങ്ങള്‍ മൂവരും ഉമ്മ കാരണം കൃത്യമായി നോമ്പ് തുറക്കാറുണ്ടായിരുന്നു. എന്റെയെല്ലാ പാചകപരീക്ഷണങ്ങളും ഉമ്മ ധൈര്യമായി പ്രോത്സാഹിപ്പിച്ചു .ഉമ്മയുടെ എല്ലാ ബന്ധുക്കളും എനിക്കും സ്വന്തമായി.

അന്നുമിന്നും അങ്ങനെ തന്നെ. മമ്മുക്കയുടെ പനമ്പള്ളി നഗറിലെ വീട്ടിലേക്കു ഉമ്മ പോകുന്ന ദിവസം ആറാം നിലയിലെ ഇടനാഴി നിശബ്ദമാകും. വെളുത്തതട്ടത്തിന്റെ വെളിച്ചമില്ലാത്ത ഇടനാഴി. ഉമ്മ തിരികെയെത്തുമ്പോള്‍ വീണ്ടും ദീപാവലി..പെരുന്നാളിനെത്തുന്ന ദുല്‍ക്കറിനൊപ്പം ഫ്‌ളാറ്റിലെ കുട്ടിക്കൂട്ടം മത്സരിച്ചു സ്‌നാപ്പെടുത്തു.(അമ്മക്കിളികളും.... )

ചില വൈകുന്നേരങ്ങളില്‍ വൈക്കം കായലിലൂടെ ഉപ്പയുമൊത്തു വഞ്ചി തുഴഞ്ഞു പോയ പഴയ കഥകള്‍ ഉമ്മയുടെ ഇടറിയ ശബ്ദത്തില്‍ കേട്ടിരിക്കുന്ന രസം പറക വയ്യ. ഉമ്മയുടെ കുട്ടിക്കാലം. വിവാഹം. അഞ്ചു വര്‍ഷം കഴിഞ്ഞു ജനിച്ച മമ്മുക്ക. (നെയ് കഴിച്ചു നെയ്യുണ്ട പോലെ ജനിച്ച മമ്മുക്ക )എല്ലാം എനിക്ക് കാണാപ്പാഠമായി. മനോഹരമായ രണ്ടു വര്‍ഷങ്ങള്‍ പെട്ടന്ന് കടന്നുപോയി.

അങ്ങനെയിരിക്കെ വളരെ പെട്ടെന്നെടുത്ത ഒരു തീരുമാനം പോലെ ആരോഗ്യപരമായ കാരണങ്ങളാല്‍ ഉമ്മ ഫ്‌ലാറ്റ് വെക്കേറ്റ് ചെയ്തു പനമ്പള്ളി നഗറിലെ വീട്ടിലേക്കു തിരിച്ചുപോകുവാന്‍ തീരുമാനിച്ചു. ഉമ്മ പോകുന്ന ദിനം എനിക്കും മാച്ചുവിനും സങ്കടം കൊണ്ട് ഹൃദയം നിലക്കുമെന്നു തോന്നി. രാത്രി വൈകുവോളം ഞങ്ങളിരുവരും ഉമ്മയുടെ കൈ പിടിച്ചിരുന്നു തേങ്ങി. തട്ടത്തിന്റെ വെളിച്ചമില്ലാത്ത ഇടനാഴി എനിക്ക് മുന്നില്‍ മരിച്ചു കിടന്നു .ഇനി ആരോടും അടുക്കില്ലെന്നു പതിവ് പോലെ ഞാനുള്ളില്‍ പതം പറഞ്ഞു. അങ്ങനെ ചില ബന്ധങ്ങള്‍ ദൈവം ചേര്‍ത്ത് വച്ചതുപോലെയായി. ഇന്നും ആ ഇടറിയ ശബ്ദം കേള്‍ക്കാനായി ഫോണില്‍ ഞാന്‍ വിളിച്ചു കൊണ്ടേയിരിക്കുന്നു....

രണ്ടു സൂപ്പര്‍ സ്റ്റാറുകളും വീട്ടില്‍ ഇല്ലയെന്നുറപ്പുവരുത്തി ഒറ്റ ഡ്രൈവിന് പനമ്പള്ളി നഗറിലെ വീട്ടിലെത്തി ഒരു ഗാഢാശ്ലേഷത്തിലമരുന്നു. ഗേറ്റിങ്കല്‍ നിന്നു യാത്ര ചൊല്ലുന്ന വെള്ള കോട്ടണ്‍ സാരിയും നീല ഞരമ്പുകള്‍ തെളിഞ്ഞ കൈത്തണ്ടയും കാറ്റില്‍ പറക്കുന്ന വെളുത്ത തട്ടവും ഒക്കെ ഓര്‍ത്തു കൊണ്ടു എന്റെയുള്ളില്‍ ഒരു കുട്ടി ഉറക്കെയുറക്കെ കരയുന്നു ..

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com