

ചെന്നൈ: തൃഷക്കെതിരായ വിവാദപരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് നടന്‍ മന്‍സൂര്‍ അലിഖാന്‍. മാപ്പുപറയാന്‍ താന്‍ ചെയ്ത തെറ്റ് എന്താണെന്നും മന്‍സൂര്‍ അലിഖാന്‍ ചോദിച്ചു. ചെന്നൈയിലെ വസതില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. സിനിമയിലെ ബലാത്സംഗരംഗങ്ങള്‍ യഥാര്‍ഥമാണോ?. കൊലപാതക ദൃശ്യങ്ങളില്‍ ആരെയെങ്കിലും കൊല്ലുന്നുണ്ടോയെന്നും വാര്‍ത്താ സമ്മേളനത്തിനിടെ മന്‍സൂര്‍ അലിഖാന്‍ ചോദിച്ചു.
താരസംഘടനകള്‍ക്കെതിരെയും നടന്‍ രംഗത്തുവന്നു. വിശദീകരണം ചോദിക്കാതെയാണ് തന്നോട് മാപ്പു പറയാന്‍ ആവശ്യപ്പെട്ടത്. നാലുമണിക്കൂറിനകം നോട്ടീസ് പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മന്‍സൂര്‍ അലിഖാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
താന്‍ തമാശ രൂപേണയാണ് പരാമര്‍ശം നടത്തിയതെന്നായിരുന്നു വിവാദങ്ങള്‍ക്ക് പിന്നാലെയുള്ള മന്‍സൂര്‍ അലി ഖാന്റെ പ്രതികരണം. നിരവധി മുന്‍നിര നായികമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാം തന്റെ സ്വഭാവത്തെ കുറിച്ച് നന്നായി അറിയാം. അഭിമുഖത്തില്‍ തമാശയായിട്ടായിരുന്നു താന്‍ മറുപടി നല്‍കിയത്. ഇപ്പോള്‍ നടക്കുന്ന ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങുന്ന വ്യക്തിയല്ല താനെന്നും മന്‍സൂര്‍ അലി ഖാന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
വിഷയത്തില്‍ സ്വമേധയാ കെസെടുത്ത ദേശീയ വനിതാ കമ്മീഷന്‍ നിയമ നടപടി സ്വീകരിക്കാന്‍ ഡിജിപിയോട് നിര്‍ദേശിക്കുകയും ചെയ്തു. മന്‍സൂര്‍ അലിഖാന്റെ പരാമര്‍ശത്തെ അപലപിച്ച കമ്മീഷന്‍ പരാമര്‍ശം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ നിസാരവത്ക്കരിക്കുന്നതാണെന്നും നിരീക്ഷിച്ചു. നടിയും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബു മന്‍സൂര്‍ അലിഖാനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. വിഷയത്തില്‍ കമ്മീഷന്റെ ഭാഗത്ത് നിന്നും ശക്തമായ നടപടിയുണ്ടാകുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.
ലിയോയില്‍ തൃഷയുണ്ടെന്ന് അറിഞ്ഞപ്പോള്‍ തനിക്കൊപ്പം ഒരു ബെഡ്റൂം സീന്‍ എങ്കിലും കാണുമെന്ന് പ്രതീക്ഷിച്ചുവന്നും അതുണ്ടായില്ലെന്നുമായിരുന്നു സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്മീറ്റില്‍ മന്‍സൂര്‍ അലിഖാന്റെ പരാമര്‍ശം. മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്നാണ് പ്രതീക്ഷിച്ചതെന്നും പക്ഷേ സെറ്റില്‍ തൃഷയെ ഒന്ന് കാണാന്‍ പോലുമായില്ലെന്നും മന്‍സൂര്‍ പറഞ്ഞിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശത്തിനെതിരെ തൃഷയും രംഗത്തെത്തിയിരുന്നു. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മന്‍സൂര്‍ എന്നും അയാള്‍ക്കൊപ്പം ഒരിക്കലും സ്‌ക്രീന്‍ സ്പേസ് പങ്കിടില്ലെന്നും തൃഷ എക്സില്‍ കുറിച്ചു. 'എന്നെക്കുറിച്ച് മന്‍സൂര്‍ അലി ഖാന്‍ മോശവും അശ്ലീലവുമായ രീതിയില്‍ സംസാരിക്കുന്ന വീഡിയോ കാണാനിടയായി. സെക്സിസ്റ്റും, തീരെ മര്യാദയില്ലാത്തതും സ്ത്രീവിരുദ്ധവും വെറുപ്പുളവാക്കുന്നതുമായ പ്രസ്താവനയാണിത്. അയാള്‍ക്ക് ആഗ്രഹിക്കാം, പക്ഷേ അത്രത്തോളം അധഃപതിച്ച ഒരാള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാത്തതില്‍ എന്നെന്നും കടപ്പെട്ടിരിക്കും. അയാള്‍ക്കൊപ്പം ഒരു സിനിമ ഉണ്ടാകാതിരിക്കാന്‍ ഏറ്റവുമധികം ശ്രദ്ധിക്കുകയും ചെയ്യും. അയാള്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്'. തൃഷ കുറിച്ചു.
ഗായിക ചിന്‍മയി ശ്രീപദ, ലിയോയുടെ സംവിധായകന്‍ ലോകേഷ് കനകരാജ് എന്നിവരടക്കമുള്ളവര്‍ മന്‍സൂറിനെതിരെ രംഗത്തു വന്നിരുന്നു. സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും സഹപ്രവര്‍ത്തകരോടാകട്ടെ മറ്റ് പ്രഫഷണലുകളോടാവട്ടെ, അതിലൊരു വിട്ടു വീഴ്ചയും ഉണ്ടാവരുതെന്നുമായിരുന്നു തൃഷയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് ലോകേഷിന്റെ പ്രതികരണം. അതേസമയം, തന്റെ പരാമര്‍ശം വളച്ചൊടിക്കുകയായിരുന്നെന്നാണ് മന്‍സൂര്‍ അലിഖാന്‍ പ്രതികരിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates