

പടവെട്ട് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിബിൻ പോളിന് എതിരെ മീടൂ ആരോപണവുമായി നടി. ഓഡിഷന് പങ്കെടുക്കാൻ വിളിച്ച ശേഷം അപമര്യാദയായി പെരുമാറി എന്നാണ് ആരോപണം. വുമെൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹറാസ്മെന്റ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം നടി പങ്കുവച്ചത്. ഈ അനുഭവത്തോടെ മലയാളത്തിൽ അവസരം നോക്കുന്നത് അവസാനിപ്പിച്ചെന്നും തമിഴ്, തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്ന നടി പറയുന്നു.
സംവിധായകൻ ലിജു കൃഷ്ണ പീഡന കേസിൽ അറസ്റ്റിലായതിനു പിന്നാലെയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർക്കെതിരെയും ആരോപണം വരുന്നത്. ഓഡിഷൻ എന്നു പറഞ്ഞ് നടിയെ ബിബിൻ പോൾ കണ്ണൂരിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ആ സമയത്ത് ലിജു കൃഷ്ണയും അവിടെയുണ്ടായിരുന്നു. എന്നാൽ സിനിമയ്ക്കായി അദിതി ബാലനുമായി ആറു മാസമെങ്കിലും മുൻപേ കരാറിൽ ഒപ്പിട്ടതായും നിർമാതാവായ സണ്ണി വെയിനിന്റെ അടുത്ത് തന്റെ പ്രൊഫൈൽ എത്തിയിട്ടില്ലെന്നും നടി അറിഞ്ഞു. ബിബിൻ പോളും ലിജു കൃഷ്ണയും പങ്കു ചേർന്ന് പെൺകുട്ടികളെ സിനിമ എന്ന പേരിൽ കബളിപ്പിക്കുകയാണെന്ന് നടി പറഞ്ഞു.
നടിയുടെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം
ഹായ്, ഞാനൊരു നടിയാണ്, ഇപ്പോൾ തമിഴ്, തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്നു. പടവെട്ട് എന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിബിൻ പോളുമായി എനിക്കുണ്ടായ ഏറെ മോശപ്പെട്ട അനുഭവം പങ്കുവെക്കാനാണ് ഞാൻ ഇത് എഴുതുന്നത്.
എന്റെ സുഹൃത്ത് ഗോഡ്‌സൺ ക്ലിക്കുചെയ്‌ത എന്റെ ചിത്രങ്ങൾ കണ്ടിട്ടാണ് കണ്ണൂരിലെ മട്ടന്നൂരിലേക്ക് നായികവേഷത്തിനായി ഓഡിഷന് വരാൻ എന്നോട് ബിബിൻ പോൾ ആവശ്യപ്പെടുന്നത്. അരോമ റിസോർട്ടിൽ നടന്ന ഈ ഓഡിഷനു മാത്രമായാണ് ഞാൻ കണ്ണൂരിലേക്ക് വിമാനയാത്ര ചെയ്ത് എത്തിയത്. അവിടെ ബിബിനോടൊപ്പം ചിത്രത്തിന്റെ സംവിധായകൻ ലിജു കൃഷ്ണയും ഉണ്ടായിരുന്നു. സിനിമയുടെ നിർമാതാവ് സണ്ണി വെയ്‌നും അവിടെ ഉണ്ടാവുമെന്ന് അറിയിച്ചിരുന്നെങ്കിലും, അദ്ദേഹത്തിന് ഒരു ജന്മദിന പാർട്ടിക്ക് അടിയന്തിരമായി പോകേണ്ടതിനാൽ ഞാൻ എത്തും മുമ്പ് പോയി എന്നാണ് അവർ എന്നോട് പറഞ്ഞത്. ആയതിനാൽ ഞങ്ങൾ മൂവരും സിനിമയെ കുറിച്ച് സംസാരിക്കുകയും എന്റെ ഓഡിഷൻ കൊടുക്കുകയും ചെയ്തു. ശേഷം ഡയറക്ടറും യാത്ര പറഞ്ഞിറങ്ങി. ഉച്ചക്ക് രണ്ടു മണി മുതൽ ഞാൻ ബിബിനുമായി സംസാരിച്ചിരിക്കയായിരുന്നു.
എന്റെ ബസ്സ് രാത്രി 9:30 ആയതിനാൽ , ഏകദേശം 9 മണിയോടെ ഞാൻ ബിബിനിനോട് പലതവണ എന്നെ ഡ്രോപ്പ് ചെയ്യാൻ ആവശ്യപ്പെട്ടു, പക്ഷേ കനത്ത മഴയും, ഡ്രൈവർ കോൾ എടുക്കുന്നില്ല എന്നീ കാരണങ്ങൾ പറഞ്ഞ് അയാൾ എന്നെ വിട്ടില്ല എനിക്ക് ആ ബസ്സ് മിസ്സായി. പകരം അയാൾ രാവിലെ 7 മണിക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്തു, എന്ത് വിലകൊടുത്തും എന്നെ ഡ്രോപ്പ് ചെയ്യാമെന്നും വാഗ്ദാനവും ചെയ്തു. അയാൾ സത്യസന്ധമായാണ് കാര്യങ്ങൾ പറയുന്നതെന്നാണ് എനിക്ക് അപ്പോൾ തോന്നിയത്.
അത്താഴം കഴിഞ്ഞ് കുറച്ചു നേരം കൂടി അയാളോട് സംസാരിച്ച ശേഷം ഞാൻ ഉറങ്ങാൻ പോയി. ഒരു മുറി മാത്രമുള്ളതിനാലും, അധിക വാഷ്‌റൂം ഇല്ലാത്തതിനാലും ഞാൻ കിടക്കുന്ന മുറിയുടെ വാതിൽ തുറന്നിടാൻ അയാൾ എന്നോട് ആവശ്യപ്പെട്ടു. എനിക്ക് അതിലൊന്നും സംശയം തോന്നിയതുമില്ല., ഞാൻ ഗാഢനിദ്രയിലായിരുന്നു. ഏകദേശം പുലർച്ചെ മൂന്നിനും , മൂന്നേ മുപ്പതിനുമിടക്ക് എനിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു
ഞാൻ കണ്ണ് തുറന്നപ്പോൾ അവൻ എന്റെ ശരീരത്തിനു മുകളിലായിരുന്നു. ഞാൻ പേടിച്ച് നിലവിളിച്ചു കൊണ്ട് കോട്ടേജിന്റെ പുറത്തേക്ക് ഓടി. അയാൾ പുറകെ വന്ന് എന്നോട് ബഹളം വയ്ക്കുന്നത് നിർത്താൻ അപേക്ഷിച്ചു, അവൻ ഇനി ഇത് ആവർത്തിക്കില്ലെന്ന് പറഞ്ഞു, അബദ്ധത്തിൽ സംഭവിച്ചു പോയതാണെന്നും. അതിനുശേഷം ഞങ്ങൾ രണ്ടുപേരും ഉറങ്ങിയില്ല, രാവിലെ വീണ്ടും എന്നെ ഡ്രോപ്പ് ചെയ്യാൻ പറഞ്ഞപ്പോൾ 11 മണിക്കുള്ള ഫ്ലൈറ്റ് ബുക്ക് ചെയ്യാമെന്ന് പറഞ്ഞു. അയാളുടെ ഉദ്ദേശം ശരിയല്ലെന്ന് അപ്പോളെനിക്ക് കൂടുതൽ മനസ്സിലായി. ഞാൻ അവിടെ നിന്ന് പുറത്തുപോകണമെന്ന് ശാഠ്യം പിടിച്ചു, എന്റെ വഴക്കിനൊടുവിൽ അയാൾക്ക് മറ്റൊരു മാർഗവുമില്ലാതെ എന്നെ എയർപ്പോർട്ടിൽ വിട്ടു. അയാൾ എന്തെങ്കിലും മോശമായി ശ്രമിക്കുന്നതിന് മുമ്പ് ഞാൻ ഉണർന്നതിനാൽ ആ സംഭവത്തെ ഒരു പേടിസ്വപ്നമായി മനസ്സിൽ നിന്ന് ഉപേക്ഷിച്ചു. പിന്നീട് അയാൾ എന്തെങ്കിലും മെസേജ് ചെയ്താൽ മാത്രം ഞാൻ മറുപടി കൊടുക്കുന്ന ബന്ധമായത് മാറി.
എന്നാൽ ഒരു മാസത്തിന് ശേഷം ഞാൻ മലയാളം ഇൻഡസ്‌ട്രിയിൽ പ്രവർത്തിക്കുന്ന ഒരു എഴുത്തുകാരനുമായി ഇതിനെക്കുറിച്ച് ചർച്ച ചെയ്തു, അപ്പോഴാണ് അദ്ദേഹം പറഞ്ഞത്, ചുരുങ്ങിയത് 6 മാസം മുമ്പെങ്കിലും ഈ പ്രോജക്റ്റിനായി അദിതി ബാലൻ കരാറിൽ ഒപ്പിട്ടിട്ടുണ്ടെന്ന്., മാത്രവുമല്ല എന്റെ പ്രൊഫൈൽ തനിക്ക് ഒരിക്കലും ലഭിച്ചിട്ടില്ലെന്നും അതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നുമാണ് പ്രൊഡ്യൂസറായ സണ്ണി വെയ്‌ൻ ആ എഴുത്തുകാരനോട് പറഞ്ഞത്. യഥാർഥത്തിൽ ബിബിൻ പോളും ലിജു കൃഷ്ണയും പങ്കു ചേർന്ന് പെൺകുട്ടികളെ സിനിമ എന്ന പേരിൽ കബളിപ്പിക്കുകയാണെന്ന് എനിക്ക് കൂടുതൽ ബോധ്യമായി. കാരണം ശേഷം ഇരുവരും ബെംഗളൂരിൽ വന്നപ്പോൾ പലതവണ എന്നെ പാർട്ടിക്കായി ക്ഷണിച്ചിരുന്നു. ഞാനതിൽ നിന്ന് ഒഴിഞ്ഞുമാറി. പടവെട്ട് സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി എനിക്ക് കൂടെ നിൽക്കാൻ താൽപര്യമുണ്ടോ എന്നും അയാൾ അന്വേഷിച്ചു. അപ്പോൾ അയാളുടെ അൺപ്രൊഫഷനലിസത്തെക്കുറിച്ചും പെൺകുട്ടികളെ ഈ രീതിയിൽ വഞ്ചിക്കുന്നതിനെക്കുറിച്ചും ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും ഞാൻ ബിബിന് ശക്തമായ ഭാഷയിൽ മറുപടി നൽകുകയും ചെയ്തു.
യഥാർഥത്തിൽ ഈ സംഭവത്തിന് ശേഷം ഞാൻ മലയാളം സിനിമകളിലെ വേഷങ്ങൾക്കായുള്ള ശ്രമം നിർത്തി, മറ്റ് കാസ്റ്റിങ് കൗച്ച് അനുഭവങ്ങളും ഉള്ളതിനാൽ ഈ ഇൻഡസ്ട്രിയിൽ എനിക്ക് പ്രതീക്ഷയില്ലായിരുന്നു.ബിപിൻ പോളിനെ ഒരിക്കൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. സംവിധായകൻ ലിജു കൃഷ്ണയുടെ ബലാത്സംഗ കേസിന്റെ വാർത്താ ലേഖനം എന്റെ സുഹൃത്ത് അയച്ചുതന്നപ്പോൾ ,എന്താണ് ഇവരിൽ നിന്നുണ്ടായ അനുഭവമെന്ന് സമൂഹത്തോട് പങ്കിടണമെന്ന് എനിക്ക് തോന്നി. പിന്നീട് കുറച്ചു ദിവസങ്ങൾക്ക് ശേഷം ആ വാർത്തകൾ ഇല്ലാതായി. ഇന്ന് ലിജു കൃഷ്ണയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ അതിജീവിച്ചവളുടെ ദുരന്തങ്ങളും ജീവിതത്തിനേറ്റ ആഘാതവും വോയ്‌സ് ക്ലിപ്പിലൂടെ കേട്ടതിന് ശേഷം എന്റെ അനുഭവം പങ്കിടണമെന്ന് ഞാൻ തീരുമാനിച്ചു. പല പെൺകുട്ടികളും പടവെട്ട് സിനിമയുടെ ഓഡിഷനു പോയിട്ടുണ്ട് എന്ന് എനിക്കറിയാം, അതിനാൽ എന്റെ അനുഭവം പങ്കുവയ്ക്കുന്നതിലൂടെ കൂടുതൽ പെൺകുട്ടികൾക്ക് അവരുടെ മോശം അനുഭവങ്ങൾ പുറത്തു പറയാൻ ധൈര്യം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
