തന്നേക്കാൾ മികച്ച നടി ലോകത്ത് വേറെയില്ലെന്ന ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. താരത്തെ പരിഹസിച്ചുകൊണ്ട് നിരവധി ട്രോളുകളാണ് നിറയുന്നത്. ഹോളിവുഡ് നടി മെറിൽ സ്ട്രീപ്പിനെയാണ് കങ്കണക്കു മുന്നിൽ വിമർശകർ ഉയർത്തിക്കാണിക്കുന്നത്. മെറിലിന് ലഭിച്ച ഓസ്കർ പുരസ്കാരങ്ങളെക്കുറിച്ചെല്ലാം ചർച്ചകൾ വന്നിരുന്നു. ഇപ്പോൾ വിമർശകർക്ക് കങ്കണ നൽകിയ മറുപടി സൈബർ ലോകത്തെ ഒന്നടങ്കം അമ്പരപ്പിക്കുകയാണ്.
മെറിൽ സ്ട്രീപ്പിന് എത്ര ദേശിയ, പത്മ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് കങ്കണയുടെ ചോദ്യം. ‘എനിക്ക് എത്ര ഓസ്കർ ലഭിച്ചിട്ടുണ്ടെന്ന് ചോദിക്കുന്നവരോട്, എനിക്കും ഒരു ചോദ്യം ചോദിക്കാനുണ്ട്. എത്ര ദേശീയ, പത്മ പുരസ്കാരം മെറിൽ സ്ട്രീപ്പിനു ലഭിച്ചിട്ടുണ്ട്. ഒരെണ്ണം പോലുമില്ല. ഇതുനിങ്ങളുടെ മാനസികനിലയാണ് സൂചിപ്പിക്കുന്നത്. ആത്മാഭിമാനം സ്വയം കണ്ടെത്തി നന്നാകാൻ നോക്കൂ.’–കങ്കണ ട്വീറ്റ് ചെയ്തു.
കങ്കണയുടെ ട്വീറ്റ് ആരാധകരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചിരിക്കുകയാണ്. ഇത് കാര്യമായിട്ടു തന്നെയാണോ പറയുന്നത് എന്നാണ് അവർ ചോദിക്കുന്നത്. ട്വീറ്റിന് താഴെ ട്രോളുകൾ നിറയുകയാണ്. വിമർശകർ മാത്രമല്ല താരത്തിന്റെ ആരാധകരും എതിർശബ്ദവുമായി രംഗത്തെത്തുന്നുണ്ട്. മികച്ച അഭിയത്രിയാണെന്നും എന്നാൽ ഇത്തരത്തിൽ സ്വയം ഉയർത്തിക്കാണിക്കുന്നത് ദോഷം ചെയ്യും എന്നാണ് അവർ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് തന്നേക്കാൾ മികച്ച നടിയില്ലെന്ന് പറഞ്ഞുകൊണ്ട് കങ്കണ രംഗത്തെത്തിയത്. ഒരു നടിയെന്ന നിലയിൽ തന്നെക്കാൾ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാർ ഈ ഗ്രഹത്തിൽ ഉണ്ടെങ്കിൽ അവരുമായി ഒരു തുറന്ന സംവാദത്തിന് തയാറാണെന്നും അവരുടെ കഴിവ് തെളിയിക്കുവാൻ സാധിച്ചാൽ തന്റെ അഹങ്കാരം ഉപേക്ഷിക്കുമെന്നുമായിരുന്നു നടിയുടെ ആദ്യ ട്വീറ്റ്. ഇതേതുടർന്ന് മലയാളികൾ അടക്കമുള്ളവർ നടിയുടെ ട്വീറ്റിൽ ട്രോളുമായി എത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates