

ഏറെ ആരാധകരുള്ള താരമാണ് അമേരിക്കൻ സൂപ്പർ മോഡൽ കെയ്‌ലി ജെന്നർ. എന്നാൽ പാരീസ് ഫാഷൻ വീക്കിലെ ഷിയാപരെല്ലി ഷോയിൽ കെയ്‌ലി റാംപിലെത്തിയത് വലിയൊരു വിവാദത്തിലേക്ക് വഴിതുറന്നാണ്. കറുത്ത ബോഡി കോൺ ഗൗണിൽ ഒരു വലിയ സിംഹത്തലയുമായാണ് കെയ്‌ലി രംഗപ്രവേശം ചെയ്തത്.
കെയ്‌ലി ധരിച്ച സ്ട്രാപ്പ്ലെസ് ബോഡി ഫിറ്റ് കറുത്ത വെൽവെറ്റ് ഗൗണിലെ സിംഹത്തിന്റെ തലയാണ് വിമർശനത്തിന് കാരണം. സിംഹത്തിന്റെ തല ഒരു ഫാഷൻ സ്റ്റേറ്റ്‌മെന്റ് അല്ലെന്നും ഇത് തമാശയല്ലെന്നും പലരും ചൂണ്ടിക്കാട്ടി. മൃഗങ്ങൾക്കെതിരായ ക്രൂരതയാണ് ഇത് പ്രചോദിപ്പിക്കുന്നതെന്നാണ് വിമർശകരുടെ വാദം. ഇതുകണ്ട് ആർക്കാണ് കൈയടിക്കാൻ തോന്നുന്നത്? ഇത് കലാപരമായ കഴിവല്ല മറിച്ച് വളരെ അസ്വസ്ഥതപ്പെടുത്തുന്ന ഒരു കാഴ്ചയാണെന്നാണ് ഇവർ പറയുന്നത്.
"എക്കാലത്തെയും ഏറ്റവും മോശമായ തെറ്റ്" എന്നാണ് ഔട്ട്ഫിറ്റിനെ വിശേഷിപ്പിക്കുന്നത്. "വന്യജീവികളെ ഉപയോഗിച്ചുള്ള ഏറ്റവും പുതിയ ആഭരണങ്ങൾ ലഭിക്കാൻ കൂടുതൽ അമേരിക്കക്കാർ ആഫ്രിക്കയിലേക്ക് ഒഴുകിയെത്തുമെന്ന് ഊഹിക്കാം. വേട്ടയാടൽ പ്രോത്സാഹിപ്പിക്കുന്നു. കാട്ടിലെ രാജാവ് ഒരു ഫാഷൻ സ്റ്റേറ്റ്മെന്റല്ല", ഒരാൾ കമന്റിൽ കുറിച്ചു. ഇത് ട്രോഫി ഹണ്ടിങ് പ്രോത്സാഹിപ്പുക്കുന്നെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക പ്രവർത്തകരും മൃഗസ്നേഹികളും സെലിബ്രിറ്റികളും ഫാഷൻ പ്രേമികളുമടക്കം നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഒരു മനുഷ്യ തലയുമായി ഇത്തരത്തിലൊരു ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്ത് റാംപിലെത്തിച്ചാൽ എത്രമാത്രം അരോചകമായിരിക്കും എന്ന് ചിന്തിക്കാനാണ് ഇനിയും തെറ്റ് ബോധ്യപ്പെടാത്തവരോട് ഇവർ പറയുന്നത്.
കെയ്‌ലിയുടേത് ഷോയിലെ ഒരു ഗൗൺ മാത്രമായിരുന്നു. ചെന്നായയുടെ തലയും സ്‌നോ ലെപ്പേർഡുമെല്ലാം പിന്നാലെ എത്തി. ഈ ലുക്കുകൾക്ക് പിന്നിൽ ഒരു മൃഗത്തേ പോലും ഉപദ്രവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഷിയാപരെല്ലി ബ്രാൻഡ് അധികൃതർ രംഗത്തെത്തി. കമ്പിളി, സിൽക്ക് കൊണ്ടുള്ള കൃത്രിമ രോമങ്ങൾ എന്നിവ ഉപയോഗിച്ച് ജീവനുള്ളതെന്ന് തോന്നിക്കുന്ന രീതിയിൽ കൈകൊണ്ട് നിർമ്മിച്ചെടുത്തവയാണ് ഇതെന്നാണ് ഇവരുടെ വാദം. എന്നാൽ എങ്ങനെതന്നെ നിർമ്മിച്ചതാണെങ്കിലും ഇത് മുന്നോട്ടുവയ്ക്കുന്ന ആശയം തെറ്റാണെന്നും ഇതുമായി യോജിക്കാൻ കഴിയില്ലെന്നുമാണ് വിമർശകരുടെ പക്ഷം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates