'48 മണിക്കൂർ ഉറങ്ങിയില്ല, ഒടുവിൽ‌ യേശുദാസിന്റെ മുൻപിൽ ഞാൻ കുഴഞ്ഞുവീണു'; ഓർത്തെടുത്ത് മോഹൻ സിത്താര

'ദാസേട്ടൻ ഹെഡ്ഫോൺ ഒക്കെ എടുത്ത് മാറ്റി ഓടി വന്ന് എന്നെ എടുത്ത് എഴുന്നേൽപ്പിച്ചിരുത്തി'
K J Yesudas, Mohan Sithara
K J Yesudas, Mohan Sithara വിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
2 min read

​ഗായകൻ യേശുദാസിന് മുൻപിൽ താൻ കുഴഞ്ഞുവീണ അനുഭവം ഓർത്തെടുത്ത് സം​ഗീത സംവിധായകൻ മോഹൻ സിത്താര. 'ആലിലക്കണ്ണാ...' എന്ന പാട്ടിന്റെ റെക്കോർ‌ഡിങ് സമയത്തായിരുന്നു അതെന്നും 48 മണിക്കൂർ ഉറങ്ങാത്ത കൊണ്ടാണ് തനിക്ക് ഇങ്ങനെ സംഭവിച്ചതെന്നും മോഹൻ സിത്താര ഓർമിച്ചു.

ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ആദ്യം കുറേ പടങ്ങൾ ചെയ്തു. പിന്നെ ആരുമറിയാതെ അത് മൂടിപ്പോയി. വീണ്ടും വയലിൻ വായിക്കാൻ പോയാലോ എന്നൊരു അവസ്ഥയിലേക്ക് ഒക്കെ ഞാൻ പോയി. അപ്പോഴാണ് 'ദീപസ്തംഭം മഹാശ്ചര്യം' എന്ന പടം ചെയ്യുന്നത്. ഇതിനിടെ അനിൽ ബാബുവിന്റെ ഒരു പടത്തിന് വേണ്ടി ഞാൻ മദ്രാസിൽ പോയിരുന്നു.

അവിടെ വച്ച് എനിക്കൊരു ഫോൺ കോൾ വന്നു. എന്നെ ആദ്യമായി പഠിപ്പിച്ച എന്റെ ​ഗുരുനാഥൻ കെ ജി സത്താറിന്റെ മകന്റെ കോൾ ആയിരുന്നു. 'റെക്കോർഡിങ് കഴിഞ്ഞാൽ ഒന്ന് വിളിക്കാമോ' എന്ന് ചോദിച്ചു. പിന്നെ ഞാൻ വിളിച്ചു. അപ്പോൾ അ​ദ്ദേഹം പറഞ്ഞു, 'മോഹൻ ഞാനൊരു സിനിമ നിർമിക്കുന്നുണ്ട്, മോഹൻ വരണമെന്ന് പറഞ്ഞു. ഞാൻ ഓക്കെ' പറഞ്ഞു.

ഇതിനിടെ ബോംബെ രവിക്കോ ആർക്കോ അവർ അഡ്വാൻസ് കൊടുത്തിരുന്നു. സത്താർ മാഷ്, മകനെ വഴക്ക് പറഞ്ഞിട്ടാണ് എന്നെക്കൊണ്ട് ദീപസ്തംഭം മഹാശ്ചര്യം ചെയ്യിക്കുന്നത്. അത് ഈ പറഞ്ഞതു പോലെ പാട്ട് ഭയങ്കരമായിട്ടും ഹിറ്റായി. എന്റെ രണ്ടാം കാൽവെപ്പ് ശരിക്കും ആ പടത്തോട് കൂടിയായിരുന്നു. അതുവരെ ഞാൻ തിരുവനന്തപുരത്ത് ആയിരുന്നു താമസിച്ചിരുന്നത്. പിന്നെ ഞാൻ തൃശൂർക്ക് മാറി.

പിന്നീട് ആറോ ഏഴോ പടത്തിന്റെ വർക്കുകൾ ഒറ്റ ദിവസം കൊണ്ട് ഒക്കെ ചെയ്യേണ്ടി വന്നിട്ടുണ്ട്. അത്രയും തിരക്കായിരുന്നു. 24 മണിക്കൂറും ഉറങ്ങാൻ എനിക്ക് സമയം കിട്ടിയിട്ടുണ്ടായിരുന്നില്ല. 'ആലിലക്കണ്ണാ...' എന്ന പാട്ടിന്റെ ഓർക്കസ്ട്രയെല്ലാം കഴിഞ്ഞ ശേഷം, ദാസ് സാറിന് പാടാൻ‌ വേണ്ടി അയച്ചു കൊടുത്തു. അപ്പോൾ ദാസ് സാർ എന്നോട് ചോദിച്ചു, 'നീ ഇങ്ങോട്ട് വരുന്നുണ്ടോ' എന്ന്. അങ്ങനെ വരാമെന്ന് പറഞ്ഞ്, ഞാൻ‌ ചെന്നൈയിൽ പോയി.

ആ സമയത്ത് ഞാൻ 48 മണിക്കൂർ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. അങ്ങനെ ചെന്നൈയിൽ പോയി ദാസ് സാറിന് പാട്ടൊക്കെ പറഞ്ഞു കൊടുത്തു. ദാസ് സാർ, നോട്സ് ഒക്കെ എഴുതിയെടുത്തു. അതുകഴിഞ്ഞ് ഹെഡ്ഫോൺ വച്ച് അദ്ദേഹം ബൂത്തിലേക്ക് കയറി, പാടാനൊരുങ്ങി. ഈ സമയത്ത് ഞാൻ കൺസോൾ റൂമിൽ ഇരുന്നു.. പിന്നെ എനിക്കൊന്നും ഓർമയില്ല. ഞാൻ നിലത്തേക്ക് കുഴഞ്ഞുവീണു.

അപ്പോഴേക്കും ദാസേട്ടൻ ഹെഡ്ഫോൺ ഒക്കെ എടുത്ത് മാറ്റി ഓടി വന്ന് എന്നെ എടുത്ത് എഴുന്നേൽപ്പിച്ചിരുത്തി, മുഖത്ത് വെള്ളമൊക്കെ ഒഴിച്ചു. എനിക്കപ്പോൾ ബോധം ഒന്നുമില്ല. അദ്ദേഹത്തിന്റെ ഏതോ ഡോക്ടർ ഒക്കെ വന്നു നോക്കി. അങ്ങനെ ഡോക്ടർ പറഞ്ഞു, 48 മണിക്കൂർ ഉറങ്ങാത്തതിന്റെ പ്രശ്നമാണെന്ന്. പിന്നെ രണ്ട് ദിവസം റെസ്റ്റ് എടുത്തിട്ടാണ് 'ആലിലക്കണ്ണാ...' എന്ന പാട്ട് റെക്കോർഡ് ചെയ്തത്".- മോഹൻ സിത്താര പറഞ്ഞു.

K J Yesudas, Mohan Sithara
'എനിക്കാണെങ്കിൽ ഹിന്ദി ഒരു പിടിയുമില്ല, കണ്ണടച്ചിരുന്ന് വരികളുടെ അർഥം കേട്ടു; 'ജു​ഗുനൂരേ...'അങ്ങനെ ഉണ്ടാക്കി പോയതാണ്'
K J Yesudas, Mohan Sithara
'പേരും പ്രശസ്തിയും വരുന്നതിന് മുമ്പേ കണ്ണൂരിൽ സ്റ്റാർ'; കൂ‌ടുതൽ കംഫർട്ട് തമിഴിലും തെലുങ്കിലും; വിശേഷങ്ങൾ പങ്കുവെച്ച് ഷംന കാസിം
K J Yesudas, Mohan Sithara
14-ാം വയസുമുതൽ നെ​ഗറ്റീവ് കമന്റുകൾ കാണുന്നു, ഡാൻസ് അറിയില്ലെന്ന് കളിയാക്കി; ബുള്ളിയിങ്ങിനെക്കുറിച്ച് ഹൻസിക
Summary

Mohan Sithara recalls the experience of fainted in front of Yesudas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mohan Sithara, Kazhcha
Shamna Kasim
Hansika Krishna
Rimi Tomy
X

FOLLOW US

ON GOOGLE DISCOVER