

അമ്മയില്ലാത്ത ആദ്യത്തെ പിറന്നാളിനെക്കുറിച്ച് മോഹന്‍ലാല്‍. അമ്മയെ ഓര്‍ക്കാന്‍ പ്രത്യേക ദിവസമോ സിനിമയോ വേണ്ടെന്നാണ് ലാല്‍ പറയുന്നത്. മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ദൃശ്യം 3 റിലീസാകുന്നത് പിറന്നാള്‍ ദിവസമായ മെയ് 21 നാണ്. അമ്മയെ താന്‍ എല്ലാ ദിവസവും ഓര്‍ക്കാറുണ്ടെന്നാണ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. ആ വാക്കുകളിലേക്ക്:
''എല്ലാ ദിവസവും അമ്മയെ ഓര്‍ക്കാറുണ്ട്. രണ്ട് രീതിയിലാണ്. ഞാന്‍ ഓര്‍ക്കാതിരിക്കാനും ശ്രമിക്കാറുണ്ട്. പല സ്ഥലങ്ങളിലും ഞാനിത് പറഞ്ഞിട്ടുണ്ട്, ഒരു സിനിമ കണ്ടിരിക്കുമ്പോള്‍ ഞാന്‍ മാത്രമേ ആ ഫ്രെയിമില്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളൂ. മധു സാറും എന്നോട് ഇത് പറഞ്ഞിട്ടുണ്ട്. നമ്മളോട് ഇഷ്ടമുള്ള ആരും നമ്മളെ വിട്ട് പോയിട്ടില്ലെന്ന് ഞാന്‍ ആദ്യമേ തീരുമാനിക്കും. അതിനെക്കുറിച്ച് ആലോചിച്ചു കൊണ്ടിരുന്നാലേ കുഴപ്പമുള്ളൂ.
എന്റെ അച്ഛനും അമ്മയും സഹോദരനും മരിച്ചു. ഞാന്‍ മാത്രമേ ഉള്ളൂവെന്ന് എപ്പഴോ പറഞ്ഞിട്ടുണ്ട്. നമ്മള്‍ മരിക്കാന്‍ വേണ്ടിയാണ് ജനിക്കുന്നത് എന്നാണ് പറയുക. ഒരുനാള്‍ മരിക്കും. തീര്‍ച്ചയായും സങ്കടമുണ്ടാകും. നിങ്ങള്‍ പറഞ്ഞതു കൊണ്ട് മാത്രമാണ് ഞാനിപ്പോള്‍ അമ്മയെക്കുറിച്ച് ചിന്തിച്ചത്. അല്ലെങ്കില്‍ അതേക്കുറിച്ചൊന്നും ഞാന്‍ ചിന്തിക്കില്ല. നേരത്തെ തിരുവനന്തപുരത്ത് പോയാല്‍ വീട്ടില്‍ പോകില്ലായിരുന്നു. കാരണം അമ്മ ഇവിടെയായിരുന്നു. അമ്മയില്ലാത്തൊരു വീട്ടിലേക്ക് പോകാന്‍ ഇഷ്ടമായിരുന്നില്ല. പക്ഷെ ഇപ്പോള്‍ പോകും. അമ്മയും അച്ഛനും സഹോദരനും ഇപ്പോള്‍ അവിടെയുണ്ട്.
അവിടെ പോകുന്നത് ഒരു ആദരമാണ്. അതിന് ശേഷം എന്ത് സംഭവിച്ചുവെന്ന് എനിക്കറിയില്ല. പക്ഷെ ഞാനതിനെ ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കും. അങ്ങനെയെ ചെയ്യാന്‍ പറ്റൂ. ഓര്‍ക്കാന്‍ ശ്രമിച്ചാല്‍ അതിലേക്ക് ആയിപ്പോകും. അമ്മ 12 വര്‍ഷമായി സുഖമില്ലാതെ കിടക്കുകയായിരുന്നു. എല്ലാ ദിവസവും എനിക്ക് അമ്മയെക്കുറിച്ചുള്ള ആധിയായിരുന്നു. രാത്രി ഒരു ഫോണ്‍ വന്നാല്‍ എനിക്ക് ടെന്‍ഷനായിരുന്നു. ഒരു ഭയം ഉണ്ടായിരുന്നു. സ്‌നേഹം കൊണ്ടുള്ളൊരു ഭയമാണ്.
മധു സാറിനെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത്, ലാല്‍ സന്തോഷമായിരിക്കൂ. അമ്മ സന്തോഷത്തോടെയാണ് പോയിരിക്കുന്നത്. ഇനി ലാലിന് ഫ്രീയായി ജീവിക്കാം. നിങ്ങളുടെ ജോലിയില്‍ ശ്രദ്ധിക്കൂവെന്ന്. അത് വലിയൊരു ഫിലോസഫിയാണ്. മറ്റേത് എപ്പോഴും ഒരു ടെന്‍ഷനാണ്. ഏറ്റവും നന്നായി തന്നെ അമ്മയെ നോക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നിട്ട് അമ്മ വിട്ടു പോയത് ഞാന്‍ വളരെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. അങ്ങനേയും ഒരു കാഴ്ചപ്പാടിലൂടെ കാണാം. സന്തോഷമായിരിക്കാനാണ് മധു സാര്‍ പറഞ്ഞത്. അമ്മയില്ലാത്ത പിറന്നാള്‍ സങ്കടകരമാണ്. അമ്മയുടെ പിറന്നാളും ഞാന്‍ മിസ് ചെയ്യും. പക്ഷെ അതേക്കുറിച്ച് കൂടുതല്‍ ആലോചിക്കില്ല എന്നതാണ് സത്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates