മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് തിയറ്ററുകളിൽ ആവേശമാവുകയാണ്. കോവിഡ് പ്രതിസന്ധിയെ അതിജീവിക്കുന്ന സിനിമാമേഖലയ്ക്ക് ആറാട്ട് നൽകുന്ന ഉണർവ് ചെറുതല്ല. ആദ്യ ദിവസം തന്നെ വമ്പൻ വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോൾ സിനിമയുടെ ഓപ്പണിങ് കളക്ഷനെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നു.
കേരളത്തിൽ നിന്ന് മാത്രം 3.50 കോടി
ചിത്രത്തിന്റെ ബജറ്റിനെക്കുറിച്ചോ കളക്ഷനെക്കുറിച്ചോ ഇതുവരെ നിർമാതാക്കൾ വെളിപ്പെടുത്തെടുത്തിയിട്ടില്ല. എൻറർടെയ്ൻമെൻറ് വെബ്സൈറ്റ് ആയ പിങ്ക് വില്ലയുടെ കണക്ക് പ്രകാരം ആറാട്ട് കേരളത്തിലെ തിയറ്ററുകളിൽ നിന്നു മാത്രം ആദ്യദിനം 3.50 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിനു പുറത്തുള്ള മറ്റ് ഇന്ത്യൻ സെൻററുകളിൽ നിന്ന് 50 ലക്ഷത്തോളവും. അങ്ങനെ ആറാട്ടിൻറെ റിലീസ് ദിന ഇന്ത്യൻ കളക്ഷൻ 4 കോടിയാണെന്നാണ് കണക്കാക്കുന്നത്.
റിലീസിന് പിന്നാലെ ഷോ കൂട്ടി
മലയാളത്തിലെ ഈ വർഷത്തെ റിലീസുകളിൽ ഏറ്റവും മികച്ച ഓപണിംഗ് ആണിത്. നേരത്തെ പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയമാണ് ഏറ്റവും കൂടുതൽ ഓപ്പണിങ് കളക്ഷൻ നേടിയ ചിത്രമായത്. എന്നാൽ അതിനേക്കാൾ മുകളിലാണ് ഇപ്പോൾ ആറാട്ട് സ്വന്തമാക്കിയിരിക്കുന്നത്. ആഗോള തലത്തിൽ 2700 സ്ക്രീനുകളിലായാണ് ചിത്രം റിലീസിന് എത്തിയത്. ജിസിസി ഉൾപ്പെടെയുള്ള മാർക്കറ്റുകളിൽ റിലീസിനു പിന്നാലെ പ്രദർശനങ്ങൾ കൂട്ടിയ സാഹചര്യവുമുണ്ടായിരുന്നു. റിലീസ് ദിനം വൈകിട്ട് ജിസിസിയിൽ മാത്രം ആയിരം പ്രദർശനങ്ങളാണ് നടന്നത്. 150 കേന്ദ്രങ്ങളിലെ 450 സ്ക്രീനുകളിലായാണ് ഉയർത്തിയത്. അതിനാൽ കേരളത്തിലെ പോലെ വിദേശത്തുനിന്നും മികച്ച കളക്ഷനാണ് പ്രതീക്ഷിക്കുന്നത്.
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. സ്വദേശമായ നെയ്യാറ്റിൻകരയിൽ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നതും തുടർ സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്ലോട്ട്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ശ്രദ്ധ ശ്രീനാഥ് ആണ് നായിക. സിദ്ദിഖ്, ജോണി ആൻറണി, വിജയരാഘവൻ, ഗരുഡ റാം, രചന നാരായണൻകുട്ടി, സ്വാസിക തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates