

മംഗലശേരി നീലകണ്ഠന്റെ രണ്ടാം വരവ് ആഘോഷമാക്കി മലയാളികൾ. പഞ്ച് ഡയലോഗിൻ്റെ അകമ്പടിയോടെ പ്രേക്ഷകമനസിനെ കോരിത്തരിപ്പിക്കാൻ ആ അച്ഛനും, അച്ഛനോളം പോന്ന മകനും വീണ്ടുമെത്തിയപ്പോൾ അക്ഷരാർഥത്തിൽ തിയറ്ററുകൾ പൂരപറമ്പായി. മോഹൻലാലിന്റെ രാവണപ്രഭു റീ റിലീസിനെ ഇരുകയ്യും നീട്ടി മലയാള സിനിമാ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്ന കാഴ്ചയാണ് കേരളത്തിൽ അങ്ങോളമിങ്ങോളം കാണാൻ കഴിയുന്നത്.
നൂതന ദൃശ്യ ശബ്ദ വിസ്മയങ്ങളുമായി 4k അറ്റ്മോസിൽ ഇന്ന് മുതൽ ആണ് രാവണപ്രഭു വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇതിന് മുന്നോടിയയായി ഇന്നലെ എറണാകുളം കവിത തിയറ്ററിൽ പ്രത്യേക ഫാൻസ് ഷോ സംഘടിപ്പിച്ചിരുന്നു. ഫാൻസ് ഷോയ്ക്കും മികച്ച പ്രതികരണമാണ് ഇന്നലെ ലഭിച്ചത്.
തിയറ്ററിന് അകത്ത് നിന്നുള്ള ആരാധകരുടെ ആഘോഷങ്ങളുടെ വിഡിയോയും ചിത്രങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. മോഹൻലാൽ ആരാധകർക്കായി പ്രത്യേക മാഷപ്പ് വിഡിയോയും തിയറ്ററിൽ പ്രദർശിപ്പിച്ചു. സരയു, കൈലാഷ് ഉൾപ്പെടെ നിരവധി സിനിമാ താരങ്ങളും ഈ ഷോയിൽ പങ്കെടുത്തിരുന്നു.
ഇന്ന് രാവിലെ 7.30 മുതൽ ആണ് രാവണപ്രഭുവിന്റെ ഷോകൾ എല്ലായിടത്തും ആരംഭിച്ചിരിക്കുന്നത്. മികച്ച അഡ്വാൻസ് ബുക്കിങ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ബുക്കിങ് ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ ചിത്രം ബുക്ക് മൈ ഷോയിൽ ട്രെൻഡ് ആയി. ആദ്യ ദിനം സിനിമയ്ക്ക് വലിയ കളക്ഷൻ തന്നെ നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠനും കാർത്തികേയനും മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്. അതേസമയം, നേരത്തെ റീ റിലീസിന് എത്തിയ മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈ വമ്പൻ കളക്ഷൻ ആയിരുന്നു രണ്ടാം വരവിലും നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates