

കഴിഞ്ഞ ദിവസമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചത്. ആവേശത്തോടെയാണ് മലയാളി സമൂഹം വാനോളം മലയാളം ലാല്‍ സലാം പരിപാടിയെ വരവേറ്റതും. മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ നിരവധി പ്രമുഖര്‍ പങ്കെടുത്ത പരിപാടിയില്‍ നിന്നുള്ള വിഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
പരിപാടിക്കിടെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞ വാക്കുകള്‍ വിവാദത്തിന് വഴിയൊരുക്കിയിട്ടുണ്ട്. അതിനുള്ള പരോക്ഷമായ മോഹന്‍ലാലിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.
''രണ്ട് ദശാബ്ദം മുമ്പ് ഈ അവാര്‍ഡ് എനിക്ക് ലഭിക്കുമ്പോള്‍ ഇതുപോലെ ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നമ്മുടെ സര്‍ക്കാരും മുഖ്യമന്ത്രിയും പ്രത്യേക താല്‍പര്യമെടുത്താണ് മോഹന്‍ലാലിനെ ആദരിക്കുന്നത്. അതിന് നിങ്ങളോടൊപ്പം എനിക്കും സന്തോഷവും അഭിമാനവുമുണ്ട്'' എന്നാണ് അടൂര്‍ പറഞ്ഞത്.
ഇതിനുള്ള മോഹന്‍ലാലിന്റെ പരോക്ഷമായ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ''എന്നെക്കുറിച്ച് ആദ്യമായി അല്ല.., എന്നെപ്പറ്റി സംസാരിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിനോടും മറ്റുള്ളവരോടും ഉള്ള നന്ദി ഞാന്‍ അറിയിക്കുന്നു'' എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. മോഹന്‍ലാലിന്റെ വാക്കുകള്‍ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.
'തനിക്ക് ഫാല്‍ക്കെ അവാര്‍ഡ് കിട്ടിയപ്പോള്‍ ആരും ഇങ്ങനെ ജനസദസ്സിനു മുന്നില്‍ ആദരവ് തന്നില്ല എന്ന് അടൂര്‍ പറയുന്നത് കാണാന്‍ സാധിച്ചു. മോഹന്‍ലാല്‍ എന്ന മനുഷ്യനെ കുറിച്ച് പറയുകയാണെങ്കില്‍, തന്റെ സിനിമാ ജീവിതത്തിന്റെ കൊടുമുടിയില്‍ എത്തി നില്‍ക്കുമ്പോഴും തന്നെ ആദരിക്കുന്ന ചടങ്ങില്‍ അദ്ദേഹത്തിന് നമ്രശിരസ്‌കനായി നില്‍ക്കാന്‍ സാധിക്കുന്നു എന്നത് തന്നെയാണ് ജനങ്ങളുടെ ആദരവിനും സ്‌നേഹത്തിനും കാരണം.
കാല്‍ മണ്ണില്‍ ഉണ്ട് സര്‍, അത് കൊണ്ട് ജനങ്ങള്‍ കൈ വിടില്ല' എന്നാണ് അരുണ്‍ വര്‍ഗീസ് എന്ന ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. നിരവധി പേരാണ് മോഹന്‍ലാലിനെ അനുകൂലിച്ചെത്തുന്നത്.
സെപ്തംബര്‍ 23 നാണ് മോഹന്‍ലാലിന് രാജ്യം ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കി ആദരിച്ചത്. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നതിനൊപ്പമാണ് ഫാല്‍ക്കെ പുരസ്‌കാരവും നല്‍കിയത്. ഇതാദ്യമായിട്ടാണ് മലയാളത്തില്‍ നിന്നുമൊരു നടനെ തേടി ഈ ആദരമെത്തുന്നത്. നേരത്തെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് മാത്രാണ് മലയാള സിനിമയില്‍ നിന്നും ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
