നസ്‌ലെന്‍ ഇല്ലാത്ത 'നസ്‌ലെന്‍ ചിത്രം'; അഭിനവ് സുന്ദര്‍ നായകിന്റെ 'ലവ് ലെറ്റര്‍ ടു സിനിമ' - മോളിവുഡ് ടൈംസ് റിവ്യു

മറ്റാര്‍ക്കും അവകാശപ്പെടാനാകാത്ത, തന്റേത് മാത്രമായൊരു യുണീക്‌നെസ് കൊണ്ടു വരാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു.
Mollywood Times
Mollywood Times
Updated on
2 min read

മോളിവുഡ് ടൈംസിന്റെ റിലീസിന് മുമ്പായി നല്‍കിയ അഭിമുഖങ്ങളില്‍ ഒന്നില്‍ സിനിമയെ റൊമാന്റിസൈസ് ചെയ്യുന്നതിന് എതിരാണ് താന്‍ എന്ന് അഭിനവ് സുന്ദര്‍ നായക് പറയുന്നുണ്ട്. സിനിമ തന്റെ പാഷനും അതിനെ താന്‍ ഏറെ സ്‌നേഹിക്കുകയും ചെയ്യുമ്പോഴും, സിനിമ എന്നത് അതീവമഹത്വമുള്ള ഒന്നല്ലെന്നുമാണ് അഭിനവ് സുന്ദര്‍ നായക് പറഞ്ഞത്. അതുകൊണ്ട് തന്നെ തന്റെ ചിത്രം സിനിമയ്ക്കുള്ള ലവ് ലെറ്റര്‍ അല്ലെന്നും. അഭിനവിന്റെ ആ വാക്കുകള്‍ അങ്ങനെ തന്നെ പ്രതിഫലിക്കുന്നുണ്ട് മോളിവുഡ് ടൈംസില്‍.

Mollywood Times
എന്നെ കാസ്റ്റ് ചെയ്യാന്‍ മമ്മൂട്ടി സാര്‍ പറഞ്ഞു, പക്ഷെ അവര്‍ മറ്റൊരു നടിയെ നായികയാക്കി: രമ്യ പാണ്ഡ്യന്‍

സിനിമയ്ക്കുള്ളിലെ സിനിമയും, സിനിമയുടെ പിന്നാമ്പുറ കഥകളുമൊക്കെ ഒരുപാട് കണ്ടിട്ടുണ്ട്. ഉദയനാണ് താരം മുതല്‍, അടുത്തിറങ്ങിയ ആശാന്‍ വരെ രസിപ്പിക്കുകയും കണ്ണ്‌ നനയിക്കുകയുമൊക്കെ ചെയ്ത സിനിമകള്‍ നിരവധിയാണ്. അഭിനവ് തന്നെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചിട്ടുള്ള വര്‍ഷങ്ങള്‍ക്ക് ശേഷം അടക്കം അവയെല്ലാം സിനിമയുടെ മാജിക്കിനെക്കുറിച്ച് സംസാരിക്കുന്നതും സിനിമയെ ആഘോഷിക്കുന്നതുമായിരുന്നു. എന്നാല്‍ ആ പാതയല്ല മോളിവുഡ് ടൈംസ് പിന്തുടരുന്നത്.

Mollywood Times
'മോശമെന്ന് തോന്നുന്ന ആം​ഗിളിൽ കാമറ വയ്ക്കുകയാണെങ്കിൽ, എനിക്കിത് പറ്റില്ല എന്ന് പറയാനാകണം'; ജാൻവി അന്ന് പറഞ്ഞത് കുത്തിപ്പൊക്കി ആരാധകർ

എ ഹേറ്റ് ലെറ്റര്‍ ടു സിനിമ എന്ന ടാഗോടെ വരുന്ന മോളിവുഡ് ടൈംസ് പൂര്‍ണമായും സിനിമയ്ക്കുള്ള ഹേറ്റ് ലെറ്റര്‍ അല്ലെങ്കിലും, സിനിമയുടെ പിന്നാമ്പുറ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണാടി തിരിച്ചുവെക്കാന്‍ ശ്രമിക്കുകയാണ്. തിരക്കഥയുടെ ആദ്യ ബീജം ഉടലെടുക്കുന്നത് മുതല്‍ വെള്ളിത്തിരയില്‍ പ്രദര്‍ശിപ്പിക്കുന്നത് വരെയുള്ള ദൈര്‍ഘ്യമേറിയതും, ആയാസകരവുമായ യാത്രയില്‍ കൂടെക്കൂട്ടുകയാണ് മോളിവുഡ് ടൈംസ്. കഴിവും പാഷനും കഠിനാധ്വാനവും മാത്രം മതിയാകില്ല സിനിമയെടുക്കാന്‍ എന്നോർമിപ്പിക്കുകയാണ്.

അഭിനവിന്റെ ആദ്യ ചിത്രമായ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് മലയാള സിനിമയ്ക്ക് തന്നെയൊരു പുതിയ അനുഭവമായിരുന്നു. അതുവരെ കാണാത്ത തരം നായകന്‍. വളരെ യുണീക്കായ മേക്കിങ്. നടപ്പുരീതികളില്‍ നിന്നും വഴി മാറി നടക്കുന്ന കഥ പറച്ചില്‍. അതിലൂടെ സ്വയം തന്നെയൊരു ബെഞ്ച് മാര്‍ക്ക് സൃഷ്ടിക്കുകയായിരുന്നു അഭിനവ് സുന്ദര്‍ നായക്. തന്റെ സക്‌സസ് ട്രിലോളജിയിലെ രണ്ടാമത്തെ ചിത്രമെന്നാണ് അഭിനവ് മോളിവുഡ് ടൈംസിനെക്കുറിച്ച് പറഞ്ഞത്. അതുകൊണ്ട് തന്നെ മുകുന്ദനുണ്ണിയുടെ അതേ പാറ്റേണിലും മൂഡിലുമാണ് അഭിനവ് സുന്ദര്‍ നായക് മോളിവുഡ് ടൈംസ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ മോളിവുഡ് ടൈംസിന് അതിന്റേതായ ആത്മാവുണ്ട്.

Mollywood Times
Mollywood Times

മലയാള സിനിമയിലെ ഏറ്റവും മഹാനായ ഹൊറര്‍ സിനിമ സംവിധായകന്‍ ആവുക എന്ന ലക്ഷ്യത്തോടെ ജീവിക്കുന്ന വിനീത് മാധവന്‍ എന്ന യുവാവാണ് ചിത്രത്തില്‍ നസ്ലെന്‍. മുകുന്ദനുണ്ണിയെപ്പോലെ തനിക്ക് പ്രിവിലേജുകളില്ലാത്തൊരു ലോകത്ത് ഉയരങ്ങളിലെത്താനുള്ള വിനീത് മാധവന്റെ ശ്രമമാണ് ചിത്രം പറയുന്നത്. തന്റെ കഴിവിലുള്ള വിശ്വസവും, സിനിമയോടുള്ള അടങ്ങാത്ത പാഷനുമാണ് വിനീതിനെ മുന്നോട്ട് നയിക്കുന്നത്. ആ യാത്രയില്‍ പരാജയങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ അയാളുടെ പാഷന്റെ തീവ്രത കുറയുകയോ തളരുകയോ അല്ല ചെയ്യുന്നത്. മറിച്ചത് പാഷന്‍ ഒബ്‌സെഷന്‍ ആയി മാറുന്നു. അവനവനെ തന്നെ നശിപ്പിക്കാന്‍ പോലും തയ്യാറാകുന്നത്ര ആഴത്തില്‍ വേരൂന്നിയ ഒബ്‌സെഷന്‍.

നസ്ലെന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷമാണ് മോളിവുഡ് ടൈംസിലേത്. നസ്ലെന്റേത് എന്ന് അടയാളപ്പെടുത്തിയിട്ടുള്ള ഭാവങ്ങളും ശരീരഭാഷയുമൊന്നുമില്ലാതെയാണ് അഭിനവ് വിനീത് മാധവനെ സൃഷ്ടിച്ചിരിക്കുന്നത്. സട്ടിലായ ഭാവങ്ങളിലൂടേയും ശരീരചലനത്തിലൂടേയും നസ്ലെന്‍ കഥാപാത്രത്തെ ഗംഭീരമാക്കുകയാണ്. വളരെ കണ്‍ട്രോള്‍ഡ് ആയ പ്രകടനം. ആര്‍ക്കും ഇഷ്ടം തോന്നുന്ന നസ്ലെന്‍ കഥാപാത്രങ്ങളിലെ ആ 'ലൈക്കബിലിറ്റി' വിനിത് മാധവിനില്‍ കാണാനേയില്ല. വിനീത് മാധവ് കടന്നു പോകുന്ന ആന്തരിക സംഘര്‍ഷങ്ങള്‍ സൂക്ഷഭാവങ്ങളിലൂടെ അനുഭവപ്പെടുത്താന്‍ നസ്ലെനിന് സാധിച്ചിട്ടുണ്ട്.

കലയ്ക്കും അപ്പുറമുള്ള സിനിമയെന്ന വ്യവസായത്തിലെ ചതികളും ഇന്നര്‍ പൊളിറ്റിക്‌സും ഗ്രൂപ്പ് കളികളുമെല്ലാം ചിത്രം തുറന്ന് കാണിക്കുന്നുണ്ട്. കോപ്പിയടി, ഇന്‍സ്പിരേഷന്‍, പുരസ്‌കാര നിര്‍ണയത്തിലെ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഗൗരവ്വമായി തന്നെ സിനിമ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. പ്രചോദനത്തിന്റേയും കോപ്പിയുടേയും പരിധികള്‍ നിശ്ചയിക്കുന്നത് എന്താണെന്നും സിനിമ ചോദിക്കുന്നു. അതേസമയം സംവരണം പോലെ വളരെ ഗൗരവ്വവും സങ്കീര്‍ണവുമായ വിഷയത്തിന്മേലുള്ള സിനിമയുടെ സ്റ്റാന്റ് അല്‍പ്പം ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. രണ്ടാം പകുതിയിലെ ചില രംഗങ്ങള്‍ നീണ്ടു പോയതും, ചില സന്ദര്‍ഭങ്ങളിലെ മൂഡ് ഷിഫ്റ്റും, ഒരുപാട് കാര്യങ്ങള്‍ ഒരുമിച്ച് പറയുമ്പോഴുണ്ടാകുന്ന ഫോക്കസില്ലായ്മയും ഇടയ്ക്ക് രസം കൊല്ലിയാകുന്നുണ്ട്.

മോളിവുഡ് ടൈംസ് പോലെ യുണീക്കായൊരു സിനിമയ്ക്ക് ചേരുന്ന, യുണീക്കായ ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് ജേക്‌സ് ബിജോയ് ഒരുക്കിയിരിക്കുന്നത്. അഭിനവും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. സിനിമയുടെ മൂഡ് നില നിര്‍ത്താന്‍ എഡിറ്റിംഗിനും സാധിച്ചിട്ടുണ്ട്. മോളിവുഡ് ടൈംസിലെ വിനീത് മാധവന്‍ മനോജ് നൈറ്റ് ശ്യാമളന്റേയും ആര്‍ജിവിയുടേയുമൊക്കെ ആരാധകനാണെങ്കിലും, അഭിനവ് സുന്ദര്‍ നായക് മുന്‍ഗാമികളില്ലാത്ത സംവിധായകനാണ്. രണ്ട് സിനിമകളിലും മറ്റാര്‍ക്കും അവകാശപ്പെടാനാകാത്ത, തന്റേത് മാത്രമായൊരു യുണീക്‌നെസ് കൊണ്ടു വരാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു.

Summary

Mollywood Times Review: This hate letter to cinema deserves all the love.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com