'എകെ ഒരു റെഡ് ഡ്രാഗൺ! കാട്രേൻ', വിജയ്‌യെ മറികടന്ന് അജിത്; 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട തമിഴ് ടീസർ
തമിഴകത്തിന് പുറത്തും ആരാധകരുള്ള നടൻമാരാണ് അജിത്തും വിജയ്‌യും. ആരാധക സമ്പത്തിലും ഏകദേശം തുല്യനിലയിലാണ് ഇരുവരും നിൽക്കുന്നത്. വിജയ്‌യും അജിത്തും തമ്മിൽ നല്ല സൗഹൃദത്തിലാണെങ്കിലും ആരാധകർ തമ്മിൽ പലപ്പോഴും അത്ര നല്ല ചേർച്ചയിലല്ല. അജിത്താണെങ്കിൽ ഫാൻസ് അസോസിയേഷനൊക്കെ പിരിച്ചുവിടുകയും ചെയ്തു. എന്നാലിപ്പോഴിതാ അജിത് ആരാധകർ മാത്രമല്ല വിജയ് ആരാധകരും ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഗുഡ് ബാഡ് അഗ്ലിയുടെ ടീസർ.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഇതുവരെയുണ്ടായിരുന്ന റെക്കോഡുകളെല്ലാം കാറ്റിൽ പറത്തി ഗുഡ് ബാഡ് അഗ്ലി ടീസർ മുന്നേറുകയാണ്. 'എകെ ഒരു റെഡ് ഡ്രാഗൺ' എന്ന് പറഞ്ഞു കൊണ്ടാണ് ടീസർ തുടങ്ങുന്നത്. നിരവധി പഞ്ച് ഡയലോഗുകളും ചേർത്താണ് ടീസർ ഒരുക്കിയിരിക്കുന്നത്. 'മൈ ഡാർലിങ്സ് മിസ്ഡ് യു ഓൾ' എന്ന് പറഞ്ഞാണ് ടീസർ അവസാനിക്കുന്നതും.
24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട തമിഴ് സിനിമാ ടീസറായി ഗുഡ് ബാഡ് അഗ്ലി മാറിയിരിക്കുകയാണ്. വിജയ് ചിത്രം മാസ്റ്ററിനെയും ഗുഡ് ബാഡ് അഗ്ലി പിന്നിലാക്കിയിരിക്കുകയാണ്. വിജയ്‌യുടെ 'മാസ്റ്റർ' ടീസർ 19.35 മില്യൺ വ്യൂ ആണ് ആദ്യ 24 മണിക്കൂറിൽ നേടിയത്. ഈ റെക്കോഡാണ് ഗുഡ് ബാഡ് അഗ്ലി തകർത്തിരിക്കുന്നത്. 31.1 മില്യൺ വ്യൂ ആണ് ആദ്യ 24 മണിക്കൂറിനുള്ളിൽ അജിത് ചിത്രം നേടിയിരിക്കുന്നത്.
നിലവിൽ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട അഞ്ച് തമിഴ് ടീസറുകൾ ഇവയാണ്, 'ഗുഡ് ബാഡ് അഗ്ലി' (31.1 മില്യൺ), 'മാസ്റ്റർ' (19.35 മില്യൺ), 'ക്യാപ്റ്റൻ മില്ലർ' (17.46 മില്യൺ), 'സർക്കാർ' (14.92 മില്യൺ), 'കങ്കുവ' (14.72 മില്യൺ). ആദ്യ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ ടീസറുകളുടെ പട്ടികയിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഇടം നേടാനും അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലിക്കായി.
ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലിയിൽ അജിത്തിനൊപ്പം തൃഷ, പ്രസന്ന, അർജുൻ ദാസ്, സുനിൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്. ജിവി പ്രകാശ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഏപ്രിൽ 10 ന് ചിത്രം തിയറ്ററുകളിലെത്തും.
ആദ്യ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മികച്ച 10 ഇന്ത്യൻ ടീസറുകൾ ഇതാ
ആദിപുരുഷ്: 101 മില്യൺ
സലാർ: 83 മില്യൺ
കെജിഎഫ് ചാപ്റ്റർ 2: 68.8 മില്യൺ
രാധേ ശ്യാം: 46.6 മില്യൺ
സാഹോ: 44.5 മില്യൺ
ഡങ്കി: 36.8 മില്യൺ
മാർട്ടിൻ: 31.5 മില്യൺ
ഗുഡ് ബാഡ് അഗ്ലി: 31.1 മില്യൺ
അനിമൽ: 30.7 മില്യൺ
മൈതാൻ: 29.5 മില്യൺ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

