

ടെനിസി: നടന്, മുന്‍ കേന്ദ്രമന്ത്രി എന്നീ നിലകളില്‍ പ്രശസ്തനായ നെപ്പോളിയന് ദൂരൈസ്വാമി യുഎസില്‍ ഏക്കറുകണക്കിന് കൃഷിയുള്ള കര്‍ഷകനെന്ന് റിപ്പോര്‍ട്ടുകള്‍. തമിഴിലും മലയാളത്തിലും വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ വ്യക്തിയാണ് നെപ്പോളിയന്.
രാഷ്ട്രീയവും സിനിമയും ഉപേക്ഷിച്ച താരം അമേരിക്കയില്‍ വാണിജ്യ അടിസ്ഥാനത്തില്‍ പച്ചക്കറിക്കൃഷി നടത്തുകയാണ്. യുഎസിലെ നാഷ്വില്ലെ ടെനിസിയില്‍ 300 ഏക്കര്‍ വരുന്ന കൃഷിസ്ഥലത്ത് പച്ചക്കറിക്കൃഷി കൂടാതെ പശു ഫാമും വൈന്‍ ഉല്പാദന രംഗത്തും പ്രവര്‍ത്തിക്കുന്നു. 2000 ല്‍ ഇന്ത്യയില്‍ തുടങ്ങിയ ജീവന് ടെക്നോളജീസ് എന്ന ഐടി കമ്പനിയുടെ പ്രവര്‍ത്തനങ്ങളും നെപ്പോളിയന് നടത്തുന്നുണ്ട്.
മസ്കുലര്‍ ഡിസ്ട്രോഫി രോഗബാധിതനായി അരയ്ക്കു താഴെ തളര്‍ന്ന അവസ്ഥയിലായ നെപ്പോളിയന്റെ മൂത്ത മകന് ധനുഷിന്റെ ചികിത്സയും മെച്ചപ്പെട്ട ജീവിതവും ലക്ഷ്യമിട്ടാണ് താരം യുഎസിലേക്കു താമസം മാറ്റിയതെന്നാണ് വിവരം. ധനുഷിനെ കൂടാതെ ഇളയ മകന് ഗുണാല്‍, ഭാര്യ ജയസുധ എന്നിവരും താരത്തിനൊപ്പം യുഎസിലാണ്. മകന് സുഖമായി ഉറങ്ങാന്‍ അത്യാധുനിക കിടക്കയാണ് വാങ്ങിയിരിക്കുന്നതെന്ന് നെപ്പോളിയന് യുട്യൂബ് വിഡിയോയില്‍ വെളിപ്പെടുത്തിയിരുന്നു. ഈ കിടക്കയില്‍ ഫിസിയോതെറാപ്പിക്കുള്ള സൗകര്യമുണ്ട്.
മൂന്നു നിലയിലുള്ള വീട്ടിലാണ് താരവും കുടുംബവും യുഎസില്‍ താമസിക്കുന്നത്. ഹൈടെക് സംവിധാനങ്ങളുള്ള വീട്ടില്‍ മൂത്ത മകന് എല്ലാ നിലകളിലും സുഖമായി സഞ്ചരിക്കാന്‍ ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ സ്വിമ്മിങ് പൂളില്‍ എത്തുന്നതിന് വേറെ ലിഫ്റ്റ് സൗകര്യവുമുണ്ട്. ബെന്‍സും ടെസ്ലയും ഉള്‍പ്പെടെയുള്ള വാഹനങ്ങളും കുടുംബത്തിനായി ലിഫ്റ്റ് സജ്ജീകരിച്ച പ്രത്യേക വാനുമുണ്ട്.
മലയാളികളുടെ മനസ്സില്‍ ദേവാസുരത്തിലെയും രാവണപ്രഭുവിലെയും മുണ്ടക്കല്‍ ശേഖരന് സൂപ്പര്‍ വില്ലനായിരുന്നു. തെലുങ്ക്, കന്നഡ, ഇംഗ്ലിഷ് സിനിമകളിലും നെപ്പോളിയന് അഭിനയിച്ചു.
രാഷ്ട്രീയത്തില്‍ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പാര്‍ട്ടിയിലൂടെയാണ് നെപ്പോളിയന് രാഷ്ട്രീയത്തിലേക്ക് എത്തിയത്. 2001-ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ വില്ലിവാക്കം മണ്ഡലത്തില്‍നിന്നു നിയമസഭയിലേക്ക്. 2006 ല്‍ മൈലാപ്പൂര് മണ്ഡലത്തില്‍നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2009 ല്‍ ലോക്സഭയിലേക്കു മത്സരിച്ച് ജയിച്ച നെപ്പോളിയന് മന്മോഹന് സിങ് മന്ത്രിസഭയില്‍ സാമൂഹികനീതി വകുപ്പില്‍ സഹമന്ത്രിയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates