

2025 ൽ ഏറ്റവും കൂടുതൽ കോളിളക്കം സൃഷ്ടിച്ച മലയാള സിനിമയായിരുന്നു എമ്പുരാൻ. ഒന്നിനുപിറകേ ഒന്നായി ചിത്രത്തെ തേടി വിവാദങ്ങളെത്തി. എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജിനും നായകനായെത്തിയ മോഹൻലാലിനും നേരെ വൻ തോതിലുള്ള സൈബർ ആക്രമണമാണുണ്ടായത്.
വിവാദങ്ങൾക്കിടയിലും കഴിഞ്ഞ വർഷത്തെ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായി എമ്പുരാൻ മാറുകയും ചെയ്തു. 48 മണിക്കൂറിനുള്ളിലാണ് ചിത്രം 100 കോടി ക്ലബ് കടന്നത്. 48 മണിക്കൂര്‍ കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ഏകമലയാള ചിത്രവും എമ്പുരാനാണ്. അബ്രാം ഖുറേഷിയും സയ്ദ് മസൂദും ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചുകുലുക്കിയിട്ട് ഇന്നേക്ക് ഒരു വർഷം പൂർത്തിയാക്കിയിരിക്കുകയാണ്.
കഴിഞ്ഞ വർഷ് മാർച്ച് 27 ന് രാവിലെ ആറ് മണിക്ക് ആയിരുന്നു ആദ്യ ഷോ. ഈ അവസരത്തിൽ ചിത്രത്തിനായി താനെഴുതിയ പാട്ടിന്റെ വരികൾ പങ്കുവച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് മുരളി ഗോപി. എമ്പുരാന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്, സിനിമയ്ക്കു വേണ്ടി ഞാൻ എഴുതിയ രണ്ട് ഗാനങ്ങളിൽ ഒന്നായ "കാവലായ് ചേകവർ" എന്ന ഗാനത്തിന്റെ യഥാർത്ഥ വരികളിതാ..- എന്നാണ് മുരളി ഗോപി വരികൾ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
ജോബ് കുര്യനാണ് കാവലായ് എന്ന ഗാനം ആലപിച്ചിരിക്കുന്നത്. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ ഈ പാട്ടിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ സിനിമയുടെ തുടർച്ചയാണ് എമ്പുരാൻ. മോഹന്‍ലാല്‍ ഷോ എന്ന് പറയാവുന്ന മാസ് രംഗങ്ങള്‍ എമ്പുരാനിൽ ഏറെയുണ്ട്.
സാങ്കേതികമായും ചിത്രം മികച്ച അനുഭവം തന്നെയാണ് ചിത്രം കാഴ്ചവച്ചത്. സുജിത്ത് വാസുദേവിന്‍റെ ഛായഗ്രഹണം, ദീപക് ദേവിന്‍റെ സംഗീതവുമൊക്കെ കയ്യടി നേടി. അതേസമയം ചിത്രത്തെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളിൽ നടൻ മോഹൻലാലും സംവിധായകൻ പൃഥ്വിരാജും ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.
ചിത്രത്തിൽ ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേ പേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞു. പ്രിയപ്പെട്ടവർക്കുണ്ടായ വിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു.
ഈ പോസ്റ്റാണ് പൃഥ്വിരാജ് ഷെയർ ചെയ്തത്. എമ്പുരാൻ സിനിമ റിലീസായതിനു പിന്നാലെയാണ് മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ സംഘ്പരിവാർ അനുകൂലികളും നേതാക്കളും രൂക്ഷമായ സൈബർ ആക്രമണങ്ങളും പ്രതിഷേധവും നടത്തിയത്. സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘപരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates