

നടൻ അജ്മൽ അമീറിനെതിരെ ഗുരുതര ആരോപണവുമായി തമിഴ് നടി നർവിനി ദേരി. ഓഡിഷന്റെ പേരിൽ തന്നെ വിളിച്ചു വരുത്തി തന്നോട് മോശമായി പെരുമാറിയെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും നർവിനി പറയുന്നു. ട്രെൻഡ് ടോക്സ് എന്ന തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. അജ്മൽ അമീറിനെതിരെ ഒരുപക്ഷേ ആദ്യം രംഗത്ത് വന്നത് ഞാനായിരിക്കും.
മുൻപ് എന്റെ സുഹൃത്തിന് നൽകിയ ഇൻസ്റ്റഗ്രാം അഭിമുഖത്തിലാണ് ഞാൻ അജ്മൽ അമീറിന്റെ അതിക്രമങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. "2018 ൽ ആണ് സംഭവം. ഞാനൊരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കെ ചെന്നൈയിലെ ഒരു മാളിൽ വച്ചാണ് അജ്മലിനെ ആദ്യമായി കാണുന്നത്. എനിക്ക് അജ്മലിനെ അത്ര പരിചയമില്ലായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്താണ് അത് അജ്മൽ അമീർ ആണെന്നാണ് പറഞ്ഞു തരുന്നത്.
അവിടെ വച്ചു തന്നെ അജ്മൽ ഞങ്ങൾക്കരികിലേക്ക് വന്നു. ഞാൻ സിനിമയിൽ അഭിനയിക്കുന്ന ആളല്ലേ, തന്റെ അടുത്ത ചിത്രത്തിലേക്ക് ഒരു നായികയെ അന്വേഷിക്കുന്നുണ്ടെന്ന് പറഞ്ഞു. അന്ന് സംസാരിച്ചു, ഞങ്ങൾ നമ്പരൊക്കെ ഷെയർ ചെയ്തു. പിന്നീട് വാട്സ്ആപ്പിൽ മെസേജ് അയക്കുകയും ഫോട്ടോ ഷെയർ ചെയ്യുകയും ചെയ്തു. പിന്നീട് അജ്മൽ എന്നെ ഓഡിഷന് ചെല്ലണമെന്ന് പറഞ്ഞ് വിളിച്ചു. പക്ഷേ ഞാൻ അടുത്ത ദിവസം ഡെന്മാർക്കിലേക്ക് പോകുന്നതിനാൽ വരാൻ കഴിയില്ലെന്ന് അറിയിച്ചു.
എങ്കിൽ ഇപ്പോൾ തന്നെ വന്ന് ടീമിനെ മീറ്റ് ചെയ്യാം എന്ന് അജ്മൽ പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് ഓഡിഷനും തീരുമാനവുമൊക്കെ എങ്ങനെ നടക്കുമെന്ന് അജ്മലിനോട് ഞാൻ ചോദിച്ചു. അതൊന്നും കുഴപ്പമില്ല, ഇവിടം വരെ വന്നിട്ട് പോയാൽ ബാക്കി കാര്യങ്ങൾ നോക്കിക്കൊള്ളാമെന്ന് പറഞ്ഞു. സിനിമ തുടങ്ങാൻ സമയമെടുക്കുമെന്നും പറഞ്ഞു. അന്ന് രാത്രിയാണ് എനിക്ക് ഡെന്മാർക്കിലേക്ക് ഫ്ലൈറ്റ്.
എങ്കിലും ഓഡിഷന് പോകാമെന്ന് ഞാൻ തീരുമാനിച്ചു. സാധാരണ ഓഡിഷന് പോകുമ്പോൾ എന്റെ കൂടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടാകാറുണ്ട്, അന്ന് അതും ഉണ്ടായില്ല. പിന്നെ അറിയപ്പെടുന്ന ആളായതിനാൽ എനിക്ക് പേടിയൊന്നും തോന്നിയില്ല. അജ്മൽ ലൊക്കേഷൻ അയച്ചു തന്നപ്പോൾ ഞാൻ ഗൂഗിൾ ചെയ്ത് നോക്കി. ഇതത്ര പ്രസിദ്ധമായ ഹോട്ടലൊന്നും അല്ലല്ലോ എന്ന് ഞാൻ ചോദിച്ചിരുന്നു. അങ്ങനെയല്ലെന്ന് അജ്മലും പറഞ്ഞു. ആ സ്ഥലത്തെത്തിയപ്പോൾ തന്നെ എനിക്ക് പന്തികേട് തോന്നിയിരുന്നു.
ഞാൻ അകത്തേക്ക് ചെന്ന് കതക് മുട്ടിയപ്പോൾ അജ്മൽ വാതിൽ തുറന്നു. ടീമംഗങ്ങൾ എവിടെയെന്ന് ഞാൻ ചോദിച്ചപ്പോൾ അവരിപ്പോൾ പുറത്തേക്ക് പോയെന്ന് അജ്മൽ പറഞ്ഞു. എങ്കിൽ നമുക്ക് താഴെ കാത്തിരിക്കാം എന്ന് ഞാൻ പറഞ്ഞപ്പോൾ അജ്മൽ അതിന് സമ്മതിച്ചില്ല. എന്തോ ശരയില്ലെന്ന് എന്റെ മനസ് പറയുന്നുണ്ടായിരുന്നു. ഞാൻ റൂമിലേക്ക് കയറിപ്പോൾ അജ്മൽ എനിക്ക് ഭക്ഷണം വിളമ്പി. ഞാനത് നിരസിച്ചു. 20 മിനിറ്റിൽ ഞാൻ മെസേജ് അയച്ചില്ലെങ്കിൽ എന്നെ വിളിക്കണമെന്ന് ഒരു സുഹൃത്തിന് ഞാൻ മെസേജ് അയച്ചിട്ടു.
ഇതിനിടെ അജ്മൽ എന്റെ ബാഗ് എടുത്തുമാറ്റി എന്റെയടുത്ത് വന്നിരുന്നു. അപ്പോൾ തന്നെ ഞാൻ കൈ കഴുകണമെന്ന് പറഞ്ഞു വാഷ് റൂമിലേക്ക് കയറി. ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാൻ അവിടെയിരുന്ന് ആലോചിച്ചു. ഞാൻ മുൻപ് സൈക്യാട്രി ഓഫിസറായി ജോലി ചെയ്തിട്ടുണ്ട്. ഇതുപോലുള്ള ഒരുപാട് പേരെ കൈകാര്യം ചെയ്തിട്ടുമുണ്ട്.
ഞാൻ പുറത്തിറങ്ങിയതും അയാൾ മ്യൂസിക് ഓൺ ചെയ്ത് എന്റെ കയ്യിൽ പിടിച്ചു. ഡാൻസ് ചെയ്യാമെന്ന് പറഞ്ഞു. ഞാൻ അപ്പോൾ തന്നെ കൈ വിടുവിച്ച് നിങ്ങളുടെ ഉദ്ദേശ്യം എനിക്ക് മനസിലായി, പക്ഷേ ഞാനതിനല്ല വന്നത് എന്ന് പറഞ്ഞു. ‘‘നീയിതെന്താണ് പറയുന്നത്, ഞാനൊരു സുന്ദരനാണ്. എത്ര പെൺകുട്ടികൾ എന്റെ പിന്നാലെ നടക്കുന്നുണ്ട് എന്നറിയാമോ’’ എന്നൊക്കെ അയാളെന്നോട് ചോദിച്ചു. ഞാനയാളെ മാനസികമായി തളർത്താൻ ശ്രമിക്കുകയാണ് ചെയ്തത്.
താൻ വലിയ സംഭവമൊന്നുമല്ലെന്നും എനിക്ക് ഒട്ടും ഇഷ്ടമായില്ലെന്നുമൊക്കെ ഞാൻ പറഞ്ഞു. ഇതിനിടയിൽ അയാളെന്നെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചതും ഞാൻ തടഞ്ഞു. തനിക്ക് എന്നെ എന്തെങ്കിലും ചെയ്യാനാകുമെങ്കിൽ എന്നെ കൊന്നതിന് ശേഷം മാത്രമായിരിക്കുമെന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു.
പെട്ടെന്ന് അയാൾക്കൊരു കോൾ വന്നു. ഈ സമയം ഞാൻ എന്റെ ഫോൺ എടുത്ത് എന്നെ കാത്തുനിന്നിരുന്ന ഊബർ ഡ്രൈവറെ അലേർട്ട് ചെയ്തു. എന്റെ സഹോദരിമാർ പുറത്തു കാത്തു നിൽക്കുന്നുണ്ടെന്ന് ഞാൻ അജ്മലിനോട് കള്ളം പറഞ്ഞു. ഇനിയും ഞാൻ പോയില്ലെങ്കിൽ അവർ മുകളിലേക്ക് കയറി വരുമെന്നും ഞാൻ പറഞ്ഞു. കൃത്യസമയത്ത് എനിക്കൊരു കോളും വന്നു. ആ സമയം റൂം ബോയി കോളിങ് ബെല്ല് അടിച്ചു.
എനിക്ക് തുറക്കാൻ പറ്റുന്ന ഉയരത്തിൽ ആയിരുന്നില്ല വാതിലിന്റെ കൊളുത്തുണ്ടായിരുന്നത്. അജ്മൽ വാതിൽ തുറന്നയുടനെ ഞാൻ ഇറങ്ങിയോടുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് ഞാൻ അവിടെ നിന്ന് രക്ഷപെട്ടത്. എന്റെ സുഹൃത്തിനോട് ഞാൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തി. അന്വേഷിച്ചപ്പോൾ നിരവധി പെൺകുട്ടികളോട് അജ്മൽ ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു.
ഈ സംഭവത്തിന് ശേഷവും അയാൾ എനിക്ക് നിരന്തരം മെസേജ് അയക്കുമായിരുന്നു. സ്റ്റോറി പോസ്റ്റ് ചെയ്താലൊക്കെ ഉടൻ മെസേജുമായി വരും. ഇനിയും കാണാൻ പറ്റുമോ എന്നൊക്കെ ചോദിക്കും. എന്റെ പഠനവും ജീവിതവുമൊക്കെ ഓർത്താണ് ഞാൻ അന്ന് പൊലീസ് കേസ് കൊടുക്കാതിരുന്നത്".- നർവിനി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
