ദേശീയ ചലച്ചിത്ര പുരസ്കാര പ്രഭയിൽ തമിഴകം; 'ക്യാപ്റ്റൻ മില്ലറി'നും 'മെയ്യഴകനും' എന്താണ് ഇത്ര പ്രത്യേകത ?

ധനുഷ് സംവിധാനം ചെയ്ത 'രായൻ' മികച്ച തമിഴ് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
National Film Awards 2026
National Film Awards 2026എക്സ്
Edited By:
Updated on
2 min read

ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ തിളങ്ങി തമിഴ് സിനിമ. 'രായൻ', 'മഹാരാജ', 'മെയ്യഴകൻ', 'അമരൻ' തുടങ്ങിയ സിനിമകളാണ് പുരസ്കാരങ്ങൾ സ്വന്തമാക്കിയത്. ധനുഷ് സംവിധാനം ചെയ്ത 'രായൻ' മികച്ച തമിഴ് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. സൺ പിക്ചേഴ്സാണ് ചിത്രം നിർമിച്ചത്.

അതേസമയം 'ക്യാപ്റ്റൻ മില്ലർ' എന്ന ചിത്രത്തിലെ അഭിനയത്തിന് ധനുഷിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. അമരൻ എന്ന ചിത്രത്തിലൂടെ മൂന്ന് പുരസ്കാരമാണ് തമിഴകത്തെ തേടിയെത്തിയത്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്ത രാജ്കുമാർ പെരിയസാമിയാണ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്.

സാങ്കേതിക വിഭാഗത്തിലും ‘അമരൻ’ കരുത്ത് തെളിയിച്ചു. ചിത്രത്തിന്റെ എഡിറ്റർ ആർ കലൈവാണൻ മികച്ച എഡിറ്റിങ്ങിനുള്ള പുരസ്കാരം നേടിയപ്പോൾ, ജിവി പ്രകാശ് കുമാറിന് ചിത്രത്തിലെ മികച്ച പശ്ചാത്തല സംഗീതത്തിനും ദേശീയ പുരസ്കാരം ലഭിച്ചു. തമിഴ് ചിത്രം 'മെയ്യഴകൻ' ശബ്ദമിശ്രണത്തിന് പ്രത്യേക പരാമർശം നേടി.

ചിത്രത്തിന്റെ ശബ്ദമിശ്രണം നിർവഹിച്ച സുരൻ ജിയ്ക്കാണ് അംഗീകാരം. വിജയ് സേതുപതി നായകനായെത്തിയ മഹാരാജയും തിളക്കമാർന്ന വിജയം നേടി. മികച്ച സഹനടിക്കുള്ള പുരസ്‌കാരം മഹാരാജയിലൂടെ സഞ്ജന നമിദാസ് നേടിയപ്പോൾ, മികച്ച ആക്ഷൻ കൊറിയോഗ്രാഫിക്കുള്ള പുരസ്‌കാരം പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫർ അനൽ അരസും നേടി.

2024 ൽ പുറത്തിറങ്ങിയ രണ്ട് വ്യത്യസ്ത സിനിമകളാണ് ദേശീയ പുരസ്കാരത്തിൽ പ്രത്യേക പരാമർശം നേടിയിരിക്കുന്നത് എന്നതും എടുത്തു പറയേണ്ടതാണ്. പീരിയഡ് ഡ്രാമയായെത്തിയ ക്യാപ്റ്റൻ മില്ലറും ​ഗൃഹാതുരത്വമുണർത്തുന്ന മെയ്യഴകനുമാണ് ആ രണ്ട് ചിത്രങ്ങൾ.

കൊളോണിയൽ ശക്തികൾക്കെതിരെ കലാപം നടത്തുകയും തന്റെ ജനങ്ങൾക്കും അന്തസ്സിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുകയും ചെയ്യുന്ന വിമതനായ ക്യാപ്റ്റൻ മില്ലറുടെ പരിണാമമാണ് ചിത്രത്തിന്റെ കാതൽ. അതിജീവനം, കുറ്റബോധം, കലാപം എന്നിവയിൽ കുടുങ്ങിപ്പോയ ഒരു മനുഷ്യന്റെ വ്യത്യസ്ത ഭാവങ്ങളാണ് ധനുഷ് ചിത്രത്തിൽ അവതരിപ്പിച്ചത്.

ഓർമകൾ, ബന്ധങ്ങൾ, വീട്ടിലേക്കുള്ള മടങ്ങിപ്പോക്ക് തുടങ്ങിയവയൊക്കെയായിരുന്നു മെയ്യഴകൻ പ്രേക്ഷകരോട് പറഞ്ഞത്. കാർത്തിയും അരവിന്ദ് സ്വാമിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രത്തിൽ വർഷങ്ങൾക്ക് ശേഷം ഒരു കുടുംബ വിവാഹത്തിനായി സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന അരുൾമൊഴി വർമനെ കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്. രണ്ട് പുരുഷന്മാർ തമ്മിലുള്ള ഒരു നീണ്ട വൈകാരിക യാത്രയാണ് ചിത്രം കാണിച്ചു തരുന്നത്.

സമയം, ദൂരം എന്നിവയ്ക്ക് ഒരാളുടെ വേരുകളുമായുള്ള ബന്ധം എങ്ങനെ മാറ്റാൻ കഴിയുമെന്നും ഈ സിനിമ പറയുന്നു. ഈ രണ്ട് സിനിമകളും വ്യത്യസ്ത പാതകളിലൂടെയാണ് സഞ്ചരിക്കുന്നതെങ്കിലും അവയ്ക്ക് പ്രേക്ഷകരുടെ ഇടയിൽ അവരുടേതായ ഇടം കണ്ടെത്താൻ കഴിഞ്ഞുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

National Film Awards 2026
"മഞ്ഞുമ്മൽ ബോയ്സി'ന് കിട്ടണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ദേശീയ അവാർഡ് ലെവലിലേക്ക് വരാത്തതിൽ സങ്കടമുണ്ട്'
National Film Awards 2026
നടൻ മമ്മൂട്ടി, ​ഗായിക വൈക്കം വിജയലക്ഷ്മി; ധനുഷിന് പ്രത്യേക പരാമർശം, ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
National Film Awards 2026
പ്രണയം അല്പം സ്പെഷ്യൽ ആയി തോന്നും; ദുൽഖർ- പൂജ ഹെ​ഗ്ഡെ ചിത്രം 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക്
Summary

National Film Awards 2026: Raayan, Captain Miller, Amaran, Maharaja and Meiyazhagan shine at 72nd National Film Awards.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com