

മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായര്‍. താരം എന്നതിലുപരിയായി തങ്ങളുടെ വീട്ടിലെ ഒരംഗമാണ് മലയാളികള്‍ക്ക് നവ്യ നായര്‍. അതുകൊണ്ടാണ് പത്ത് വര്‍ഷത്തെ ഇടവേളയുണ്ടായിരുന്നിട്ടും തിരിച്ചുവരവില്‍ നവ്യയെ മലയാളി ഇരുകയ്യും നീട്ടി സ്വീകരിച്ചത്. ഈയ്യടുത്ത് നവ്യയുടെ ഓസ്‌ട്രേലിയന്‍ യാത്ര വാര്‍ത്തയായിരുന്നു. 15 സെന്റിമീറ്റര്‍ മുല്ലപ്പൂ തലയില്‍ വച്ചതിന്റെ പേരില്‍ മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് പിഴ അടയ്‌ക്കേണ്ടി വന്നു നവ്യയ്ക്ക്.
അന്ന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് നവ്യ തന്നെ പറയുകയാണിപ്പോള്‍. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് നവ്യ സംഭവം വിവരിച്ചത്. നവ്യ നായരുടെ വാക്കുകളിലേക്ക്:
അന്ന് തിരുവോണമായിരുന്നു. വളരെ മുമ്പേ പറഞ്ഞിട്ടുള്ള പരിപാടിയാണ്. തിരുവോണം വിമാനത്തിലായിരുന്നു. എങ്കിലും ഒന്നാഘോഷിക്കാം എന്ന് കരുതി സെറ്റും മുണ്ടും മുല്ലപ്പൂവും ഒക്കെ ആകാം. ആദ്യം വച്ചത് പ്ലാസ്റ്റിക് പൂവ് ആയിരുന്നു. അമ്മ വന്ന് അച്ഛന്‍ ഇന്നലെ വാങ്ങിക്കൊണ്ടു വന്ന പൂവാണ് നീ വെക്കാതെ പോയാല്‍ അച്ഛന് വിഷമമാകും. നീയിത് രണ്ടായി കട്ട് ചെയ്യ്, ഇവിടുന്ന് അങ്ങോട്ട് പോകുമ്പോഴും വെക്കാം, അവിടുന്ന് ഇങ്ങോട്ട് വരുമ്പോഴും വെക്കാം.
എയര്‍പോര്‍ട്ടില്‍ വച്ച് എന്റെ ഗെറ്റപ്പൊക്കെ കണ്ട് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സ്റ്റാഫൊക്കെ വന്ന് ഫോട്ടോയെടുത്തു. എല്ലാവരും ഹാപ്പിയോണം വിഡിയോ ഒക്കെ എടുത്തു. ലോഞ്ചില്‍ വരെ സദ്യയുണ്ടായിരുന്നു. ഭയങ്കര ഹാപ്പിയാണ്. വിമാനത്തില്‍ കയറിയ ശേഷം കുറച്ച് ഉറങ്ങുകയൊക്കെ ചെയ്തു. അവിടെ എത്തിയപ്പോഴേക്കും മുല്ലപ്പൂ കരിഞ്ഞു. എന്റെ കൂടെ ആര്യയും ഉണ്ടായിരുന്നു. ബിസിനസ് ക്ലാസ് മുഴുവന്‍ മുല്ലപ്പൂവിന്റെ മണമാണെന്ന് പറഞ്ഞു. ഞാന്‍ സംതൃപ്തിയായി അഭിമാനിക്കുകയാണ്.
മെല്‍ബണില്‍ ചെന്നു. ഡിക്ലറേഷന്റെ കാര്‍ഡ് തന്നു. അവര്‍ കയ്യില്‍ കരുതിയിട്ടുണ്ടോ എന്ന് ചോദിക്കുന്ന ചെടികളെക്കുറിച്ച് ചോദിക്കുന്നുണ്ട്. എന്റെ മനസില്‍ കഞ്ചാവിന്റെ ചെടിയൊക്കെയാണ്. എന്റെ കയ്യില്‍ ഒന്നുമില്ലല്ലോ. എല്ലാത്തിനും നോ കൊടുത്തു. നമ്മള്‍ എന്തെങ്കിലും ഒളിപ്പിച്ചു കൊണ്ടു പോകാന്‍ ശ്രമിക്കുന്നുണ്ടോ എന്നാണ് ചോദിക്കുന്നതെന്നാണ് എന്റെ മനസില്‍. മുല്ലപ്പൂ എന്റെ തലയിലല്ലേ. ഞാനിത് മറച്ചുവച്ചിട്ടൊന്നുമില്ലല്ലോ. നമ്മള്‍ രഹസ്യമൊന്നും പറയുന്നില്ല. മുല്ലപ്പൂവിന്റെ കാര്യം ഞാന്‍ മറന്നും പോയി. ചെന്നിറങ്ങുമ്പോഴേക്കും മലയാളി മങ്കയായി ഇറങ്ങുന്നതില്‍ കൂടൂതലൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല.
ചെന്നിറങ്ങിയപ്പോള്‍ ഒരു പ്രത്യേക ലൈനിലൂടെ പോകാന്‍ പറഞ്ഞു.ഞാനും ആര്യയും ചെന്നു. ചുവന്ന കാര്‍പ്പറ്റ് വിരിച്ചിട്ടുണ്ട്. സ്റ്റൈലില്‍ നടന്നു. പെട്ടെന്ന് നില്‍ക്കാന്‍ പറഞ്ഞു. ഒരു സ്‌നിഫര്‍ ഡോഗ് വന്നു. ഞാന്‍ ചെറുതായി പേടിച്ചു. അത് വന്ന് വന്ന് എന്റെ ബാഗിന്റെ അടുത്ത് വന്നു നിന്നു. എന്റെ ഹാന്റ് ബാഗ് ആണ് പ്രശ്‌നം. അവരതെടുത്തു വച്ചു. കുറേ ചോദ്യങ്ങള്‍ ചോദിച്ചു. ഞാന്‍ ചെറുതായൊന്ന് പേടിച്ചു. അവര്‍ ബാഗ് മുഴുവന്‍ തപ്പി. ബാഗില്‍ ഒന്നുമില്ല. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ തിരിഞ്ഞു നില്‍ക്കാന്‍ പറഞ്ഞു. തലയില്‍ വച്ച പൂവ് അഴിക്കാന്‍ പറഞ്ഞു. ഇതെന്താണ് എന്ന് ചോദിച്ചു. ജാസ്മിന്‍ ഫ്‌ളവര്‍ ഫ്രം കേരള, എന്ന് ഞാന്‍ പറഞ്ഞു.
ഓണം ഫെസ്റ്റിവല്‍, ജാസ്മിന്‍ ഫ്‌ളവര്‍ ഈസ് വെരി ഇംപോര്‍ട്ടന്റ് എന്നൊക്കെ ഞാന്‍ പറഞ്ഞു. അടിച്ചു തന്നു മോളെ 1890 ഡോളര്‍. ഫോണെടുത്ത് ഗുണിച്ച് നോക്കാന്‍ പോയപ്പോള്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞു. മനസില്‍ ഗുണിക്കാലോ. ഒന്നേകാല്‍ ലക്ഷം രൂപ. ചെവിയില്‍ നിന്നൊക്കെ പുകയൊക്കെ പോകാന്‍ തുടങ്ങി. കുറേ കരഞ്ഞു പറഞ്ഞു നോക്കി. പട്ടി വിലയായിരുന്നു. മൈന്റ് ചെയ്തില്ല. പൈസ അടച്ചിട്ടില്ല. പരാതി പോലെ മെയില്‍ അയക്കാന്‍ പറഞ്ഞിട്ടുണ്ട്. അയച്ചു, ഇതുവരെ അനക്കമൊന്നുമില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates