NAYAN THARA

'പുലര്‍ച്ചെ മൂന്നു മണിക്ക് ഡയാന എന്നെ വിളിച്ചു, അഭിനയിക്കാനില്ലെന്നു പറഞ്ഞു'; നയന്‍താര സിനിമയില്‍ എത്തിയ കഥ പറഞ്ഞ് സത്യന്‍ അന്തിക്കാട്‌

വിവാഹത്തിന്റെ ഇതുവരെ പുറത്തുവരാത്ത ദൃശ്യങ്ങളും ഡോക്യുമെന്ററിയിലൂടെ കാണാം. ധനുഷ് നിര്‍മിച്ച നാനും റൗഡി താന്‍ ചിത്രത്തിലെ ബിഹൈന്‍ഡ് ദ് സീന്‍സ് ദൃശ്യങ്ങളും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Published on

വിവാദങ്ങള്‍ക്കിടെ നയന്‍താര-വിഘ്‌നേശ് ശിവന്‍ വിവാഹ ഡോക്യുമെന്‍ററി നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തു. നയന്‍താരയുടെ സിനിമാ ജീവിതത്തിന്റെ തുടക്കം മുതല്‍ മക്കളുടെ വിശേഷങ്ങള്‍ വരെയാണ് ഡോക്യുമെന്‍ററിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അമ്മ ഓമന, ആദ്യ ചിത്രത്തിന്റെ സംവിധായകനായ സത്യന്‍ അന്തിക്കാട് തുടങ്ങി പ്രധാനപ്പെട്ട ആളുകളെല്ലാം ഡോക്യുമെന്ററിയില്‍ വന്നുപോകുന്നുണ്ട്.

മനസിനക്കരെ എന്ന സിനിമയിലേയ്ക്ക് നയന്‍താരയെ തെരഞ്ഞെടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചാണ് സത്യന്‍ അന്തിക്കാട് വിശദീകരിക്കുന്നത്.

വിവാഹത്തിന്റെ ഇതുവരെ പുറത്തുവരാത്ത ദൃശ്യങ്ങളും ഡോക്യുമെന്ററിയിലൂടെ കാണാം. ധനുഷ് നിര്‍മിച്ച നാനും റൗഡി താന്‍ ചിത്രത്തിലെ ബിഹൈന്‍ഡ് ദ് സീന്‍സ് ദൃശ്യങ്ങളും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നയന്‍താരയെക്കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറയുന്ന വാക്കുകള്‍ ഇങ്ങനെ: ചില കാര്യങ്ങള്‍ മനുഷ്യന്‍ തീരുമാനിക്കും, മറ്റ് ചിലത് ദൈവമോ മറ്റേതെങ്കിലും അദൃശ്യ ശക്തിയോ ആകും തീരുമാനിക്കുക. അങ്ങനെയൊരു വിധിയോ ദൈവമോ തീരുമാനിച്ചതാണ് സിനിമയിലേക്കുള്ള നയന്‍താരയുടെ വരവെന്നാണ് എനിക്കു തോന്നുന്നത്. പത്ത് ഇരുപത് വര്‍ഷത്തിനു ശേഷം നമ്മള്‍ പുറകോട്ടു നോക്കുമ്പോള്‍ നയന്‍താരയുടേത് അതിശയകരമായ കടന്നുവരവായിരുന്നു. 'മനസ്സിനക്കരെ' എന്ന സിനിമ ഷീലയുടെ ഒരു തിരിച്ചുവരവായി ഹൈലൈറ്റ് ചെയ്യപ്പെട്ടാണ് നിര്‍മിക്കുന്നത്.

അതുകൊണ്ട് തന്നെ നായിക പുതുമുഖം മതിയെന്ന് തീരുമാനിക്കുന്നു. അങ്ങനെ ഒരു വനിത മാസിക കാണാനിടയായി, അതിലൊരു പരസ്യത്തില്‍ ശലഭ സുന്ദരിയെപ്പോലെ ഭയങ്കര ആത്മവിശ്വാസം തോന്നുന്ന പെണ്‍കുട്ടിയെ കണ്ടു. അതിനു മുമ്പ് അവരെ കണ്ടിട്ടുമില്ല. ഞാന്‍ ആ മാസികയുടെ എഡിറ്ററെ വിളിച്ചു. വനിത മാസികയായിരുന്നു. തിരുവല്ലയിലുള്ള കുട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു, വിവരങ്ങളും തന്നു. അങ്ങനെ ഞാന്‍ ആദ്യമായി നയന്‍താരയെ വിളിക്കുന്നു. ഡയാന എന്നായിരുന്നു കുട്ടിയുടെ പേര്. ശരിക്കും അന്ന് ഡയാന ഷോക്ക് ആയിപ്പോയി കാണും. ഞാന്‍ സത്യന്‍ അന്തിക്കാട് ആണ്. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ? എന്നു ചോദിച്ചു. 'ഞാന്‍ സാറിനെ അങ്ങോട്ട് വിളിക്കട്ടെ' എന്നു പറഞ്ഞ് ഡയാന ആ ഫോണ്‍ കട്ട് ചെയ്തു.

പുലര്‍ച്ചെ മൂന്ന് മണിക്കൊരു കോള്‍ വരുന്നു, ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. സിനിമയുടെ കാര്യങ്ങള്‍ പറഞ്ഞ ശേഷം നാളെ നേരിട്ട് വരാനും ഡയാനയോടു പറഞ്ഞു. 'സോറി സര്‍. എന്റെ കുറച്ച് കസിന്‍സിന് ഞാന്‍ അഭിനയിക്കുന്നതില്‍ താല്‍പര്യമില്ലെന്നു' ഡയാന മറുപടിയായി പറഞ്ഞു. ഞാന്‍ തിരിച്ചു പറഞ്ഞു, രണ്ട് തെറ്റാണ് ഡയാന ഇപ്പോള്‍ ചെയ്തത്, ഒന്ന് എന്നെ മൂന്ന് മണിക്ക് വിളിച്ചുണര്‍ത്തി, രണ്ടാമത്തേത് സിനിമയില്‍ അഭിനയിക്കില്ലെന്നു പറഞ്ഞു. അഭിനയിക്കുന്നത് ഇഷ്ടമാണോ എന്നു ഡയാനോട് ചോദിച്ചു, 'ഇഷ്ടമാണെന്നു' പറഞ്ഞു. അങ്ങനെയെങ്കില്‍ വന്നു നോക്കൂ, രണ്ട് ദിവസം ഷൂട്ടിങ് ഒക്കെ എങ്ങനെയെന്ന് കാണാമെന്നും ഞാന്‍ പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ ഞാന്‍ ഡയാനയെ അഭിനയിപ്പിച്ചില്ല, ഷൂട്ട് ചെയ്യുമ്പോള്‍ കൂടെ കൂട്ടും. ഷീലയും ജയറാമുമൊക്കെ അഭിനയിക്കുന്നത് എന്റെ ഒപ്പം നിന്നു കാണും. അങ്ങനെ ടീമിനെ ഒക്കെ പരിചയമായി. കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്നോട് ഇങ്ങോട്ട് ചോദിച്ചു, 'ഞാന്‍ എപ്പോഴാണ് അഭിനയിച്ചു തുടങ്ങേണ്ടതെന്ന്'. അങ്ങനെയാണ് ആദ്യമായി ഡയാന അഭിനയിക്കുന്നതെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com