

മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ജോണി വാക്കര്‍. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ജോണി എന്ന കഥാപാത്രത്തിന്റെ സഹായി ആയിരുന്ന കുട്ടപ്പായിയെ മലയാളികൾ പെട്ടന്നങ്ങനെ മറക്കാൻ ഇടയില്ല. തമിഴ്നാട് സ്വദേശിയായ നീലകണ്ഠൻ ആയിരുന്നു കുട്ടപ്പായി ആയെത്തി മലയാളികളുടെ മനം കവർന്നത്. മമ്മൂട്ടിയെ തപ്പി കോളജിലേക്ക് കടന്നു വരുന്ന കുട്ടപ്പായിയുടെ സീൻ അടുത്തിടെയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
ഇപ്പോൾ ഡാൻസ് മാസ്റ്ററായി ജപ്പാനിലാണ് നീലകണ്ഠൻ. ഇപ്പോഴിതാ കുട്ടപ്പായി എവിടെയെന്ന ചോദ്യങ്ങൾക്ക് ഒരു വിഡിയോയിലൂടെ മറുപടി പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ജയരാജ്. ജോണി വാക്കറിലെ തന്നെ മറ്റൊരു കഥാപാത്രം കുട്ടപ്പായി, അവൻ എവിടെ എന്ന് ചോദിച്ചു കൊണ്ടാണ് ജയരാജ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
പിന്നീട് കുട്ടപ്പായിയെ തന്നെയാണ് പ്രേക്ഷകർക്ക് വിഡിയോയിൽ കാണാനാവുക. കുട്ടപ്പായി എന്ന കഥാപാത്രത്തെക്കുറിച്ച് ഇത്രയധികം ആളുകൾ സംസാരിക്കുമെന്ന് താൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്നും നീലകണ്ഠൻ വിഡിയോയിൽ പറയുന്നു. ജോണി വാക്കറിലെ കുട്ടപ്പായിയെ കണ്ടുകിട്ടി…ദാ… ഇവിടുണ്ട്- എന്നാണ് വിഡിയോയ്ക്ക് ക്യാപ്ഷനായി ജയരാജ് കുറിച്ചിരിക്കുന്നത്.
അതേസമയം ജോണിയുടെ മരണശേഷം ജോണി ഇവിടെ ജീവിക്കുന്നു എന്ന ബോര്‍ഡ് എസ്റ്റേറ്റിന് പുറത്ത് തൂക്കിക്കൊണ്ട് നിറകണ്ണുകളോടെ നില്‍ക്കുന്ന കുട്ടപ്പായിയില്‍ ആണ് ജോണി വാക്കര്‍ അവസാനിക്കുന്നത്. ഇതിനിടെ കുട്ടപ്പായി എന്ന കഥാപാത്രത്തെ ആസ്പദമാക്കി ജോണി വാക്കർ രണ്ടാം ഭാഗം പുറത്തിറക്കുമെന്ന് ജയരാജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ജോണിയുടെ അസാന്നിധ്യത്തില്‍ കുട്ടപ്പായി അവിടെ ജീവിക്കുന്നത് എങ്ങനെയന്നും അദ്ദേഹത്തിന്റെ യാത്ര എങ്ങനെയാകുമെന്ന ആലോചനയുമാണ് രണ്ടാം ഭാഗത്തിലേക്ക് തന്നെ എത്തിച്ചതെന്ന് ജയരാജ് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഈ പ്രൊജക്ടിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നില്ല.
നീലകണ്ഠന്റെ വാക്കുകൾ...
എല്ലാവർക്കും നമസ്കാരം, എന്റെ പേര് നീലകണ്ഠൻ, നിങ്ങളുടെ കുട്ടപ്പായി. ജോണി വാക്കറിന്റെ സംവിധായകൻ ജയരാജ് സാറിന്റെ ഒരു അഭിമുഖം കണ്ടിരുന്നു. അദ്ദേഹം അതിൽ കുട്ടപ്പായിയെക്കുറിച്ച് പറഞ്ഞിരുന്നു. അതുകേട്ടപ്പേൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. ഞാനിപ്പോൾ ജപ്പാനിൽ ആണ്. 26 വർഷമായി ജപ്പാനിൽ വന്നിട്ട്. ജാപ്പനീസുകാരിയായ ഒരു യുവതിയെ വിവാഹം കഴിച്ച് ഞാനിവിടെ സ്ഥിരതാമസമാണ്.
ജപ്പാനിൽ ഞാനൊരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. അതുകൂടാതെ അവിടെ സിനിമ, ടെലിവിഷൻ ഷോകൾ, ആൽബവുമെല്ലാം ചെയ്യുന്നുണ്ട്. ഇപ്പോൾ ഞാൻ ഇന്ത്യയിൽ വന്നിട്ടുണ്ട്. രണ്ടാഴ്ചത്തെ അവധിക്ക് വന്നതാണ്. അപ്പോഴാണ് ജയരാജ് സാറിന്റെ അഭിമുഖം കണ്ടത്. എനിക്ക് ഒരുപാട് സന്തോഷം തോന്നി അതു കണ്ടപ്പോൾ.
കുട്ടപ്പായി എന്ന കഥാപാത്രത്തെക്കുറിച്ച് ഇത്രയധികം ആളുകൾ സംസാരിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. എല്ലാവർക്കും നന്ദി. മമ്മൂട്ടി സാർ, ജയരാജ് സാർ സിനിമയുടെ എല്ലാ അണിയറപ്രവർത്തകർക്കും വളരെ നന്ദി. ജോണിവാക്കർ 2 ചെയ്യുമ്പോൾ തീർച്ചയായും എന്നെ വിളിക്കണം. കുട്ടപ്പായി റെഡിയായി ഇരിക്കുകയാണ്. നന്ദി.- നീലകണ്ഠൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates