

സര്‍വ്വം മായയിലൂടെ അഖില്‍ സത്യന്‍ അവതരിപ്പിക്കുന്നത് സ്ത്രീവിരുദ്ധ വാര്‍പ്പുമാതൃകകളും സവര്‍ണ കാഴ്ചപ്പാടുകളുമാണെന്ന് വിമര്‍ശനം. മാളവിക ബിന്നി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് സിനിമയുടെ രാഷ്ട്രീയം ചോദ്യം ചെയ്യുന്നത്.
''സര്‍വ്വം മായ വിജയമാകാന്‍ ഞാനും ആഗ്രഹിച്ചിരുന്നു. ഭഭബയ്‌ക്കൊരു ബദല്‍ ജനങ്ങള്‍ക്ക് വേണം എന്ന നിലയിലും, നിവിന്‍ പോളിയ്‌ക്കൊരു തിരിച്ചുവരവ് ആവശ്യമാണെന്ന നിലയിലും. പക്ഷെ ഒരു ഇന്റര്‍സെക്ഷണല്‍ ഫെമിനിസ്റ്റ് ആയിരിക്കുക എന്നതിലെ വിരോധാഭാസം, സിനിമ നന്നാകണമെന്ന് ആഗ്രഹിക്കുമ്പോള്‍ പോലും സ്‌ക്രീനിലൂടെ നിങ്ങളോട് വിളിച്ച് പറയു.'' മാളവിക ബിന്നി പറയുന്നു.
''അന്തരവകാശിയായ ബ്രാഹ്മണ പുത്രന്‍ (യുക്തിവാദിയും കമ്യൂണിസ്റ്റും സോഷ്യലിസ്റ്റുമൊക്കെയായി മാറിയവന്‍) ബ്രാഹ്മണകുടുംബത്തിലേക്ക് തിരികെ വരുന്നതും തനിക്ക് അവകാശപ്പെട്ട ഇടം വീണ്ടെടുക്കുന്നതും ഇന്ത്യന്‍ കഥ പറച്ചിലില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള കഥാതന്തുവാണ്. രാമന്‍ ലങ്കയില്‍ നിന്നും തിരികെ അയോധ്യയിലേക്ക് വരുന്നതും, യുധിഷ്ടരരും പാണ്ഡവരും ഹസിത്‌നപുരിയിലേക്ക് മടങ്ങിവരുന്നതുമൊക്കെ ഉദാഹരണം. ഏറ്റവും പഴയ കഥയാണത്.''
ഇതേ കഥ തന്നെയാണ് ഫീല്‍ ഗുഡ് ആയി സര്‍വ്വം മായയും അവതരിപ്പിക്കുന്നതും. പക്ഷെ ഈ ഫീല്‍ ഗുഡ് സത്യത്തില്‍ അപകടകരമാണ്. എന്താണ് ഫീല്‍ ഗുഡ്? പാട്രിയാര്‍ക്കല്‍ അതോറിറ്റിയുടെ വീണ്ടെടുക്കലോ? ക്ഷേത്രകേന്ദ്രീകൃതമായ ആചാരങ്ങളിലേക്കുള്ള തിരിച്ചുവരവോ? ടോക്‌സിക് സ്വഭാവരീതികളെ ചോദ്യം ചെയ്യാതെ പരിചിതമായ ഉരസലുകളില്‍ പരിഹാരം കണ്ടെത്തുന്നതോ? എന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്.
ബ്രാഹ്മണ ആചാരങ്ങളുടെ അതിപ്രസരമാണ് സിനിമയിലൂടനീളം. തൊണ്ണൂറുകളിലെ മലയാള സിനിമയിലെ അവിഭാജ്യഘടകമായ സവര്‍ണ എലൈറ്റ് ക്രിസ്ത്യന്‍-സവര്‍ണ എലൈറ്റ് ഹിന്ദു ബന്ധത്തെ മാറിയ കാലത്തിന് അനുയോജ്യമായ രീതിയില്‍ വീണ്ടും അവതരിപ്പിക്കുകയാണ് സിനിമയെന്നും കുറിപ്പില്‍ പറയുന്നു.
അച്ഛനേയും മകനേയും ഒരുമിപ്പിക്കുകയും വിശ്വാസിയല്ലാതിരുന്ന മകനെ തിരികെ വിശ്വാസത്തിലേക്ക് കൊണ്ടു വരികയും ചെയ്യുന്ന ക്രിസ്ത്യന്‍ പ്രേതം സ്ത്രീകളില്‍ നിന്നും പ്രതീക്ഷിക്കുന്ന 'നല്ല പെണ്‍കുട്ടി' ഇമേജിനെ ഓര്‍മപ്പെടുത്തുന്നു. ജെന്‍സിയായാലും, പ്രേതം ആയാലും സ്ത്രീകളില്‍ നിന്നും പ്രതീക്ഷിക്കുന്നത് അതാണെന്ന് സിനിമ പറയുന്നതായും മാളവിക ബിന്നി പറയുന്നു.
സവര്‍ണ സൗന്ദര്യബോധത്തില്‍ നിന്നുകൊണ്ട്, സ്ത്രീവിരുദ്ധ വാര്‍പ്പുമാതൃകകള്‍ സൃഷ്ടിക്കുന്നതില്‍ കുപ്രസിദ്ധി നേടിയയാളാണ് സത്യന്‍ അന്തിക്കാട്. അതിന് പലപ്പോഴും പഴി കേട്ടത് ജയറാം ആയിരുന്നു. അതേ പാതയിലൂടെയാണ് അഖില്‍ സത്യനും സഞ്ചരിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു. വെജിറ്റേറിയന്‍ ബിരിയാണി എന്നൊന്നില്ല, പുലാവ് മാത്രമേയുള്ളൂ. അതുപോലെ ഫീല്‍ ഗുഡ് ബ്രാഹ്മണിസം എന്നൊന്നില്ല, ബ്രാഹ്മണിസം മാത്രമേയുള്ളൂവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates